- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിന്റെ ഭരണം അവസാനിക്കുന്നോ? അല്‍ഖൈയ്ദ പിന്തുണയുള്ള വിമതര്‍ എലെപ്പോ പിടിച്ച് മുന്നേറുന്നത് ഡമാസ്‌കസ് ലക്ഷ്യമാക്കി; പ്രതിരോധം നഷ്ടപ്പെട്ട് സിറിയന്‍ സേന: പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി ഭീകരരുടെ കൈകളിലേക്ക്
പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി ഭീകരരുടെ കൈകളിലേക്ക്
ഡമാസ്‌കസ്: പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭീകരമുഖത്തിനെതിരെ ലോകം ഒന്നിക്കേണ്ട സാഹചര്യം വീണ്ടുമെത്തിയിരിക്കുന്നുഎന്ന് ഓര്‍മ്മിപ്പിക്കുന്ന വിധം അല്‍ ക്വയ്ദയുടെ പിന്തുണയുള്ള സിറിയന്വിമതര്‍ എലെപ്പോ പിടിച്ചെടുത്ത് ഡമാസ്‌കസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഔദ്യോഗിക സൈന്യത്തില്‍ നിന്നും കാര്യമായ എതിര്‍പ്പൊന്നും കൂടാതെയാണ് അവര്‍ സിറിയയിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ പഴയ കോട്ടക്ക് മുന്നില്‍ ഇപ്പോള്‍ ആയുധങ്ങളും സൈനിക വാഹനങ്ങളുമായി വിമതര്‍ കാവല്‍ നില്‍ക്കുകയാണ്. അതേസമയം, ഈ ആക്രമണത്തെ ചെറുക്കുവാനും, സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുവാനും ആയി ഒരു പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന് സിറിയയുടെ ഔദ്യോഗിക സൈന്യത്തിന്റെ വക്താവ് അറിയിച്ചു.
ഭീകരരുടെ പിന്തുണയുള്ള വിമതര്‍, വിമാനത്താവളവും തൊട്ടടുത്ത ചില പെട്ടണങ്ങളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സിറിയയുടെ സഖ്യകക്ഷിയായ റഷ്യ, 2016 ന് ശേഷം ആദ്യമായി എലെപ്പോയില്‍ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കും തീവ്രവാദികള്‍ക്കും എതിരെയായിരുന്നു ആക്രമണം. അയല്‍ രാജ്യമായ ലെബനണില്‍, വെടി നിര്‍ത്തല്‍ കരാര്‍ വഴി സമാധാനം പുനാഃസ്ഥാപിക്കപ്പെടുമ്പോഴാണ് സിറിയ അരാജകത്വത്തിലേക്ക് നീങ്ങുന്നത്.
വിമതര്‍, സായുധരായി ഡമാസ്‌കസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരാതിര്‍ത്തിയില്‍ ചിലയിടങ്ങളില്‍ വെടിയൊച്ച കേട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളൂണ്ട്. അതിനിടയില്‍ സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിനെതിരെ അട്ടിമറി ശ്രമം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. എലെപ്പൊ നഗരം പിടിച്ചെടുക്കുന്ന വേളയില്‍ വിമതര്‍ക്കും ഭീകരര്‍ക്കും കാര്യമായ എതിര്‍പ്പൊന്നും നേരിടേണ്ടി വന്നില്ല എന്നത് സംശയമുണര്‍ത്തുന്നത് സിറിയന്‍ സൈന്യത്തിന്റെ കഴിവിലേക്കാണ്.
ഭീകരരെ നേരിടാന്‍ അവര്‍ എത്രമാത്രം സജ്ജരാണെന്നത് സംശയത്തിലായിരിക്കുകയാണ്. വിമതരുടെ ശക്തികേന്ദ്രമായ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തു നിന്നാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകളാണ് ഇതിനായി അവര്‍ നടത്തിയിരിക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏലെപ്പോയില്‍ വിമതര്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് സിറിയയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തിന്റെ തലവന്‍ ലെഫ്റ്റനനൃ ജനറല്‍ സെര്‍ജി കെസെലിനെ തത്സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്.
ആക്രമണത്തില്‍ 327 പേരോളം മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 44 സിവിലിയന്മാരും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് സിറിയയുടെ മനുഷ്യാവകാശ നിരീക്ഷകര്‍ പറയുന്നു. നഗരത്തിന്റെ നിയന്ത്രണം ഭീകര ബന്ധമുള്ള ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച് ടി എസ്) ഏറ്റെടുത്തിരിക്കുകയണ്. വലിയ എതിര്‍പ്പുകളൊന്നും കൂടാതെ തന്നെ അവര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ജയിലുകളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.
സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതോടെ അവര്‍ എലെപ്പോ വിമാനത്താവളത്തിന്റെയും സമീപത്തെ തന്ത്രപ്രധാനമായ ഏതാനും പട്ടണങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായും യു കെ ആസ്ഥാനമായ യുദ്ധ നിരീക്ഷകര്‍ പറയുന്നു. ഇവിടെയും വിമതര്‍ക്ക് കാര്യമായ പ്രതിരോധമൊന്നും നേരിടേണ്ടതായി വനില്ല. അതേസമയം, പുടിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബാഷല്‍ അല്‍ അസ്സാദ്, റഷ്യയിലേക്ക് കടന്നതായും ചില റിപ്പോര്‍ട്ടുകളൂണ്ട്. ഈയാഴ്ച ആദ്യം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അസ്സാദ് റഷ്യയിലേക്ക് കടന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പറയുന്നത്. എലെപ്പൊ കീഴടക്കിയ ഭീകര പിന്തുണയുള്ള വിമതര്‍, ബാഷര്‍ അല്‍ അസ്സദിന്റെ സഹോദരന്റെ പ്രതിമ തകര്‍ക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
എലെപ്പോ കോട്ടക്ക് പുറത്തും, നഗര ഹൃദയത്തിലുള്ള പോലീസ് ആസ്ഥാനത്തിനു മുന്‍പിലും വിമതര്‍ കാവല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാഷര്‍ അസ്സദിന്റെ ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ എല്ലാം തന്നെ അവര്‍ നശിപ്പിക്കുകയാണ്. 2016 ല്‍ ആയിരുന്നു റഷ്യന്‍ സഹായത്തോടെ വിമതരെ നഗരത്തിന് വെളിയിലാക്കിയത്. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ അന്ന് വിമതരെ ഏറെക്കുറെ ഒതുക്കാനും അസ്സദിന് കഴിഞ്ഞിരുന്നു. അന്ന്, സര്‍ക്കാരും വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തില്‍ ഒരു സുപ്രധാന കേന്ദ്രമായിരുന്നു എലെപ്പൊ.