ഡമസ്‌കസ്: സിറിയയിലെ വിമത മുന്നേറ്റത്തിന് തടയിട്ട് റഷ്യയുമായി ചേര്‍ന്നുള്ള ആക്രമണം. അലപ്പോ നഗരത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ വിമതര്‍ പിടിച്ചെടുത്തതോടെ റഷ്യന്‍ സഹായത്തോടെ സിറിയിന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. സിറിയയിലെ നാലാമത്തെ പ്രധാന നഗരമായ ഹമയിലേക്കുള്ള വിമത മുന്നേറ്റം തടഞ്ഞാണ് സൈന്യം പ്രത്യാക്രമണം ആരംഭിച്ചത്. ഇതില്‍ നിര്‍ണായകമായി റഷ്യന്‍ ഇടപെടലാണ്. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റൈ ആവശ്യപ്രകാരം റഷ്യന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയത്.

അലപ്പോയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഹമയുടെ സമീപത്തെ ഇദ്‌ലിബ് നഗരത്തില്‍ സിറിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്‌ലിബിലും സമീപ പ്രദേശങ്ങളിലും റഷ്യന്‍ വ്യോമാക്രമണം നടന്നതായി അല്‍ഇഖ്ബാരിയ ന്യൂസ് നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ച് വ്യോമാക്രമണങ്ങളാണ് റഷ്യയുടെ നേതൃത്വത്തില്‍ നടന്നത്. ഇദ്‌ലിബിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഹമ പ്രവിശ്യയില്‍നിന്ന് വിമതര്‍ പിന്‍മാറിയതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സനയും വ്യക്തമാക്കിയിട്ടുണ്ട്. ഹമയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണമാണ് നടക്കുന്നതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ക്കായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു. മൂന്ന് ദിവസത്തിനിടെ ആയിരത്തിലേറെ വിമതരെ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട കണക്ക്.

അതേസമയം, വിമതരുടെ മുന്നേറ്റം രൂക്ഷമായ സാഹചര്യത്തില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച തലസ്ഥാനമായ ഡമസ്‌കസിലെത്തും. സിറിയന്‍ സര്‍ക്കാറിനെയും സൈന്യത്തെയും ഇറാന്‍ പിന്തുണക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. മടക്കയാത്രയില്‍ വിമതരെ പിന്തുണക്കുന്ന തുര്‍ക്കി സര്‍ക്കാറുമായും അദ്ദേഹം ചര്‍ച്ച നടത്തും.

അതിനിടെ, എത്ര ശക്തരായിരുന്നാലും ഭീകരവാദികളെയും അവരെ പിന്തുണക്കുന്നവരെയും പരാജയപ്പെടുത്തുമെന്ന് അസദ് പ്രഖ്യാപിച്ചു. ഹയാത്ത് തഹ്രീര്‍ അല്‍ ശാം എന്ന സായുധ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ആക്രമണം തുടങ്ങിയത്. ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം എന്നി സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. അതേസമയം, സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ, വിമതരെ തുരത്താനുള്ള എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ചിരുന്നു.

ബുധനാഴ്ചയാണ് വിമതസേന അലപ്പോയിലേക്കുള്ള കടന്നുകയറ്റം ആരംഭിച്ചത്. വെള്ളിയാഴ്ചയോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇവര്‍ കീഴടക്കി. 2016ന് ശേഷം ആദ്യമായാണ് ഇവര്‍ നഗരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇറാന്റെയും റഷ്യയുടെയും ഷിഈ സായുധവിഭാഗങ്ങളുടെയും സഹായത്തോടെ വിമതരെ സിറിയ അന്ന് തുരത്തുകയായിരുന്നു. അതേമാര്‍ഗ്ഗാണ് സിറിയ ഇപ്പോള്‍ പിന്തുടരുന്നതും.

ഇറാന്‍ പിന്തുണയുള്ള സൈനികരുടെ കുറവാണ് വിശാലമായ അലപ്പോ പ്രവിശ്യയിലേക്ക് തങ്ങള്‍ക്ക് കടന്നുകയറാന്‍ സഹായകരമായതെന്ന് വിമത വിഭാഗത്തിലെ കമാന്‍ഡര്‍ മുസ്തഫ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയുടെയും സിറിയയുടെയും വ്യോമസേനകള്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തങ്ങളുടെ കടന്നാക്രമണമെന്നും വിമതര്‍ വ്യക്തമാക്കി.

വിമതരെ പിന്തുണക്കുന്ന തുര്‍ക്കി ആക്രമണത്തിന് പച്ചക്കൊടി കാണിച്ചാതയും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മേഖലയില്‍ കൂടുതല്‍ അസ്ഥിര ഒഴിവാക്കാനാണ് തുര്‍ക്കി ശ്രമിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങള്‍ സമാധാന കരാറിന് തുരങ്കം വെക്കുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വക്താവ് ഓങ്കു കെസെലി പറഞ്ഞു. 2020 മാര്‍ച്ചില്‍ റഷ്യയും തുര്‍ക്കിയും സംഘര്‍ഷം ലഘൂകരിക്കാനുള്ള കരാറിന് സമ്മതിച്ചിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.

അതേസമയം അലപ്പോയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അബു മുഹമ്മദ് അല്‍- ജലാനി എന്ന തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരന്‍ കൊല്ലപ്പെട്ടു. മുന്നേറ്റം നടത്തുന്ന വിമത വിഭാഗമായ ഹയാത്ത് തഹ്രീര്‍ അല്‍ ശാം സംഘടനയുടെ നേതാവാണ് ജലാനി. കമാന്‍ഡന്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റഷ്യന്‍ സേന ആക്രമണം നടത്തിയ കെട്ടിടത്തിനുള്ളിലായിരുന്നു ഇയാള്‍. അല്‍ ജലാനി കൊല്ലപ്പെട്ടതോടെ ഹയാത്ത് തഹ്രീര്‍ അല്‍ ശാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

സിറിയന്‍ സേനയുമായി ഏറ്റമുട്ടലില്‍ ഏര്‍പ്പെട്ട ചരിത്രമുള്ള ഭീകരനാണ് അബു മുഹമ്മദ് അല്‍ ജലാനി. ഇയാളുടെ തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്നു. റഷ്യ കൂടി സഹായിച്ചതോടെ അസദിന്റെ സിറിയന്‍ സേന ശക്തമായ തിരിച്ചടിക്കാണ് ഒരുങ്ങു്ന്നത്. അതേസമയം സിറിയയിലെ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇസ്രായേലും. വിമതര്‍ സിറിയന്‍ ഭരണം കയ്യാളുന്ന ്അവസ്ഥ ഇസ്രായേലിനും ഭീഷണി സൃഷ്ടിക്കും. അതുകൊണ്ട് തന്ന അസദ് ഭരണകൂടത്തെ നിലനിര്‍ത്തേണ്ടത് ഇസ്രായേലിന്റെയും ആവശ്യമാണ്. വിമതരുടെ അല്‍ഖായിദ ബന്ധം അടക്കം ഇസ്രായേല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടപെടല്‍ ആവശ്യമായ ഘട്ടത്തില്‍ ഇസ്രായേലും കൃത്യമായ ഇടപെടല്‍ നടത്തും.