- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാന്‍ പറഞ്ഞയക്കണം; അഭിപ്രായം പറഞ്ഞ താലിബാന്‍ മന്ത്രി ജീവല്‍ഭയത്താല്‍ നാടുവിട്ടു; അറസ്റ്റു ചെയ്യാന്‍ ഉത്തരവെത്തിയതോടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്‌സായി പലായനം ചെയ്തത് യുഎഇയിലേക്ക്
അഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാന്‍ പറഞ്ഞയക്കണം
കാബൂള്‍: താലിബാന്‍ ഭരണത്തിന് കീഴില്‍ ദുരിതത്തിന്റെ അങ്ങേത്തലയിലാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ പോലും സ്ത്രീകള്‍ മുഖം പുറത്തുകാണിക്കരുതെന്ന വിധത്തില്‍ ഉഗ്രശാസനയുള്ള ഫത്വകള്‍ നിരവധി എത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ക്രൂരമായി എത്തിതത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന തീരുമാനമായിരുന്നു. ഇത്തരം താലിബാന്‍ നിയമങ്ങളെ എതിര്‍ത്തു കൊണ്ട് താലിബാന്‍ ഭരണകൂടത്തിലെ ചിലര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഇത്തരത്തില്‍ രംഗത്തുവന്ന മന്ത്രിമാര്‍ പോലും അറസ്റ്റു ഭീഷണി നേരിടുകയാണ്. ഇതോടെ ജീവല്‍ഭയത്താല്‍ ഒരു മന്ത്രി നാടുവിട്ടു.
സ്‌കൂള്‍ അടച്ചുപൂട്ടലിനെ പരസ്യമായി അപലപിച്ചതിനെ തുടര്‍ന്ന് താലിബാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്‌സായി അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായിരുന്നു. അറസ്റ്റു ഭീഷണി നേരിട്ട സ്റ്റാനിക്‌സായി യുഎഇയിലേക്കാണ് നാടുവിട്ടത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുതെന്നും വിദ്യാഭ്യാസം നിഷേധിക്കുന്നതിന് ഒരു ന്യായവും ഇല്ലെന്നും താലിബാന്‍ നേതാവായി സ്റ്റാനിസ്‌കായി പറഞ്ഞത്.
നിലവില്‍ ആറാം ക്ലാസിന് ശേഷം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യുന്നതില്‍ നിന്ന് താലിബാന്‍ ഭരണകൂടം വിലക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീകള്‍ക്കുള്ള മെഡിക്കല്‍ പരിശീലനവും കോഴ്സുകളും അധികൃതര്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താലിബാന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വനിതാ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും മാത്രമേ ചികിത്സിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശവും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമേര്‍പ്പെടുത്തിയ വിദ്യാഭ്യാസ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിദ്യാഭ്യാസ വിലക്കിന് ഒരു ന്യായീകരണവുമില്ലെന്നും പറഞ്ഞു. 'സ്ത്രീകള്‍ക്ക് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നിടണമെന്ന് ഞാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നു. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായാണ് വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നിട്ടത്.
ഇന്ന് 40 ദശലക്ഷം വരുന്ന ജനസംഖ്യയിലെ പകുതി ആളുകളോട് നമ്മള്‍ അനീതി കാണിക്കുകയാണ്. അവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്നു. ഇത് ഇസ്‌ലാമിക നിയമമല്ല. വ്യക്തിപരമായ തീരുമാനങ്ങള്‍ മാത്രമാണെന്നും അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.' സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാഭ്യാസത്തിന് അര്‍ഹരാണെന്ന് നേരത്തെയും സ്റ്റാനിസ്‌കായി തുറന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ വിദേശകാര്യസഹമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ്, താലിബാന്‍ പ്രതിരോധ മന്ത്രിയുടെ സഹായത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് രക്ഷപ്പെടുകയായിരുന്നു. അഫ്ഗാനിസ്താനില്‍നിന്ന് വിദേശസൈനികരെ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ നേതൃത്വം നല്‍കിയിരുന്നയാളാണ് സ്റ്റാനിക്‌സായി. സ്ത്രീകള്‍ക്ക് പഠിക്കാന്‍ അവകാശമുണ്ടെന്ന് ആദ്യമായല്ല അദ്ദേഹം പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷേധിച്ച് ഒരുവര്‍ഷം പിന്നിട്ടപ്പോഴും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, പരസ്യമായി നയംമാറ്റം ആവശ്യപ്പെടുന്നത് ഇപ്പോഴാണ്.
ഈ സംഭവവികാസങ്ങള്‍ക്കിടയിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെ വിമര്‍ശിച്ച് മറ്റു മന്ത്രിമാരും രംഗത്തുണ്ട്. എന്നാല്‍ അവരും കടുത്ത വിമര്‍ശനത്തിന് ഇരയാകുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നിയമങ്ങളെ വിമര്‍ശിക്കുകയും അതോര്‍ത്ത് കണ്ണീരണിയുകയും ചെയ്ത മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമാണ്. താലിബാന്‍ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് നബി ഒമാരിക്കെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്. ഇയാള്‍ അറസ്റ്റും മറ്റ് കടുത്ത നടപടികളും ഭയന്ന് ഗല്‍ഫ് രാജ്യത്തിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍, പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിനിടെ ഒമാരി പൊട്ടിത്തെറിക്കുന്നതായി വ്യക്തമാണ്. സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ''എനിക്ക് അറിയാവുന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഒരു മതപരമായ ബാധ്യതയോ പാരമ്പര്യമോ അല്ലെങ്കിലും, അത് അനുവദനീയമാണ് എന്നാണ്.'' ഈ പരാമര്‍ശം നടത്തിയതിന് തൊട്ടുപിന്നാലെ, അദ്ദേഹം വികാരാധീനനായി കണ്ണീര്‍ വാര്‍ക്കുന്നതും തുടയ്ക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. ഒരു സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. മതപഠനം ആവശ്യമാണ്. അതിനോടൊപ്പം തന്നെ ശാസ്ത്രവും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താലിബാന്റെ തീവ്ര നയങ്ങള്‍ ഭാവി തലമുറകളെ ''പേരില്‍ മാത്രം മുസ്ലീം'' ആക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.