ഗുവഹത്തി: അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന് പിന്നാലെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ വ്യോമാഭ്യാസത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അഭ്യാസത്തിൽ റഫാൽ, സുഖോയ് 30 എംകെഐ എന്നീ യുദ്ധവിമാനങ്ങളും ചീനൂക്, എംഐ 17 പോലെയുള്ള ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഭാഗമാകും. കിഴക്കൻ വ്യോമസേന കമാൻഡിന് കീഴിലെ മുഴുവൻ വ്യോമതാവളങ്ങളുടെയും തയ്യാറെടുപ്പുകൾ പരിശോധിക്കുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ചൈനയ്ക്ക് മുന്നറിയിപ്പ് എന്നുതന്നെയാണ് വ്യോമാഭ്യാസത്തെ വിലയിരുത്തുന്നത്. തവാങ് സെക്ടറിൽ സംഘർഷം ഉണ്ടാകുന്നതിന് ഒരു ദിവസം മുൻപ് തന്നെ ഇക്കാര്യം നിശ്ചയിച്ചിരുന്നു. അതിനിടെ അഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ ചൈന ടിബറ്റിലെ ഫോർവേഡ് വ്യോമതാവളങ്ങളിൽ വ്യോമപ്രതിരോധ മുന്നറിയിപ്പ് നൽകുന്ന വിമാനങ്ങൾ തയാറാക്കി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം അരുണാചൽ പ്രദേശിലെ തവാങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികർ, യാങ്‌സ്റ്റെയിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിരീക്ഷണ പോസ്റ്റ് (ഒപി) സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

മാർഗനിർദേശങ്ങൾ അനുസരിച്ച്, എൽഎസിയുടെ ഇരുവശത്തും അത്തരം പോസ്റ്റോ സമാനമായ എന്തെങ്കിലുമോ സ്ഥാപിക്കാൻ കഴിയില്ല. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഡിസംബർ 9നാണ് ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടിയത്. 2020 ജൂണിൽ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിനു ശേഷം ഇത്തരത്തിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. സംഘർഷത്തിൽ ആറ് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റിരുന്നു. ഇവർ ഗുവാഹത്തിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) 300-400 സൈനികർ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തെത്തുടർന്ന് എൽഎസിയിലെ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്.

അതിനിടെ അരുണാചൽപ്രദേശിലെ തവാങ്ങിനടുത്തുള്ള അതിർത്തിപ്രദേശത്ത് ചൈനീസ് കടന്നുകയറ്റമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ പ്രതകരണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ രംഗത്തുവന്നു. നിയന്ത്രണരേഖയിലെ ബലപ്രയോഗത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടനടി തിരിച്ചടിയുണ്ടാകില്ലെന്ന് ചൈന കരുതുന്നുവെങ്കിൽ തെറ്റിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാർണഗീ ഇന്ത്യ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ചൈനയിലെ മുൻ ഇന്ത്യൻ അംബാസഡറായ ഗോഖലെ, 2020 ലെ ഗൽവാൻ സംഭവം ചൈനയെക്കുറിച്ചുള്ള ദേശീയ പൊതുജനാഭിപ്രായത്തെ മാറ്റിമറിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ-യുഎസ് ബന്ധം ഒരു സഖ്യമായി മാറില്ലെന്ന് ചൈനയുടെ നേതാക്കൾ കരുതുന്നത് ശരിയാണെങ്കിലും, ലഡാക്കിലെ സൈനിക വിന്യാസം ചൈനയുടെ തന്ത്രപരമായ കണക്കുകൂട്ടലുകൾക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ചെറിയ രീതിയിലുള്ള ബലപ്രയോഗത്തിന് മറുപടിയായി ഇന്ത്യ സൈനിക ബലം വർധിപ്പിക്കില്ലെന്നും ഇന്ത്യ സഖ്യമുണ്ടാക്കില്ലെന്നും 2020 മുതലുള്ള ഇന്ത്യൻ തന്ത്രപരമായ ചിന്തയിൽ വന്ന മാറ്റങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ സൈനിക ബലപ്രയോഗത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ചൈനീസ് പണ്ഡിതന്മാരും പുനഃപരിശോധിക്കേണ്ടതായി വരും. നിയന്ത്രണരേഖയിലെ നിലവിലെ സാഹചര്യത്തിൽ സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ തയ്യറാകേണ്ടതുണ്ട്. നിലവിലെ സൈനികശേഷി അനുസരിച്ച് ഇന്ത്യയുടെ ഭാവി പ്രതികരണങ്ങളും പെരുമാറ്റവും വിലയിരുത്തുന്നത് ശരിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.