ലണ്ടന്‍: ലണ്ടനിലെ തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്, നിലവിലെ മേയര്‍ സാദിഖ്ഖാന് വെല്ലുവിളിയുമായി റിഫോം യു കെ രംഗത്ത് വരുമ്പോള്‍ ചിലരെല്ലാം ഓര്‍ക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയമായിരിക്കും. ജാതി- മത പരിഗണനകള്‍ വെച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബ്രിട്ടനിലും സാധാരണമാകാന്‍ പോവുകയാണൊ എന്ന സംശയം ചിലരിലെങ്കിലും ഉണ്ടായാലദ്ഭുതപ്പെട്ടിട്ട് കാര്യമില്ല. മൂന്ന് തവണ മേയര്‍ ആയ സാദിഖ് ഖാനെ പരാജയപ്പെടുത്താന്‍ റിഫോം യു കെ രംഗത്തിറക്കുന്നത് മുന്‍ സി പി എസ് പ്രോസിക്യൂട്ടറും, വെസ്റ്റ്മിനിസ്റ്ററിലെ മുന്‍ ടോറി കൗണ്‍സിലറുമായ ലൈല കണ്ണിംഗ്ഹാമിനെയായിരിക്കും.

തലസ്ഥാന നഗരത്തിലെ ക്രമസമാധന പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുമൊക്കെയായിരിക്കും 2028 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം എന്നാണ് കരുതുന്നത്. വിദേശികള്‍ നയിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടം നടക്കുന്ന ഒരു സാഹചര്യത്തിലായിരിക്കും ഇത്തരമൊരു വിഷയം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയാകുന്നത്. ഈ സംഘാംഗങ്ങളില്‍ പലരും അനധിക്ത്രമായി ബ്രിട്ടനില്‍ എത്തിയവരാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യു കെയിലേക്ക് ചേക്കേറിയ ലൈല കണ്ണിംഗ്ഹാം പറയുന്നത് വാഹമുടമകള്‍ക്കെതിരെയുള്ള സാദിഖ് ഖാന്റെ യുദ്ധം താന്‍ അവസാനിപ്പിക്കും എന്നാണ്. അള്‍ട്രാ ലോ എമിഷണ്‍ സോണ്‍ വിപുലീകരിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. 1960 ല്‍ ഈജിപ്തില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച ലൈല കണ്ണിംഗ്ഹാം നിയമജ്ഞയും ഏഴ് മക്കളുടെ അമ്മയുമാണ്.

സാദിഖ് ഖാന്റേതില്‍ നിന്ന് വ്യത്യസ്തമായ സമീപനമായിരിക്കും കുറ്റകൃത്യങ്ങളോട് താന്‍ പുലര്‍ത്തുക എന്ന് ലൈല പറയുന്നു. നരഗത്തിന് ഒരു പുതിയ ഷെറീഫ് ഉണ്ടാകും. മാത്രമല്ല, കുറ്റകൃത്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. കത്തിക്കുത്ത്, മയക്കുമരുന്ന് വ്യാപാരം, കൊള്ള, വെടിവെയ്പ്പ് എന്നിവയെല്ലാം തടയാന്‍ കര്‍ശന നടപടികള്‍ എടുക്കും. ബലാത്സസംഗ സംഘങ്ങളെ തിരഞ്ഞുപിടിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കാനും ശിക്ഷവാങ്ങി നല്‍കാനും പോലീസിന് പുതിയ അധികാരങ്ങള്‍ നല്‍കും.

ലണ്ടന്‍ നഗരത്തിലെ തെരുവീലൂടെ നടക്കാന്‍ ഇന്ന് ജനങ്ങള്‍ ഭയപ്പെടുകയാണെന്ന് പറഞ്ഞ അവര്‍ മെറ്റ് പോലീസ് മേധാവി സര്‍ മാര്‍ക്ക് പൗളിയെ പിരിച്ചുവിടുമെന്നും പറഞ്ഞു. കൃത്യമായ സന്ദേശമാണ് താന്‍ നല്‍കുന്നതെന്നും, ലണ്ടന്‍ നിവാസികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സ്ഥാനത്തു നിന്ന് മാറ്റുമെന്നും അവര്‍ പറഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ സാദിഖ് ഖാന്റെ മുഖ്യ എതിരാളിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇവരെ വിലയിരുത്തുന്നത്.