- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നു കപ്പൽലിൽ ചരക്കുകൾ ഇസ്രയേലിലെ തുറമുഖത്തും ഗൾഫ് രാജ്യങ്ങളിലും എത്തിച്ച് യൂറോപ്പിലേക്കു റെയിൽമാർഗം കൊണ്ടു പോകും; ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലുള്ളത് ചൈനീസ് പദ്ധതിക്കുള്ള മറുപടി
ന്യൂഡൽഹി: ചൈനയുടെ 'ബെൽറ്റ് റോഡ് പദ്ധതി'ക്ക് ബദലായി ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് നേതാക്കൾ തിരിച്ചടി കൊടുക്കുന്നത് ചൈനയ്ക്ക്. ജി-20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കുന്ന സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിക്കുകയാണ്. ജി 20 ഉച്ചകോടിയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ-ഗൾഫ്- യൂറോപ് സാമ്പത്തിക ഇടനാഴി.
മൂന്നു മേഖലയെയും റെയിൽ -തുറമുഖ വഴികളിലൂടെ ബന്ധിപ്പിച്ച് വ്യാപാരം, ഈർജം, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി എല്ലാ മേഖലയിലും നിക്ഷേപം നടത്തും. ഇന്ത്യയിൽനിന്നു കപ്പൽ മാർഗം ചരക്കുകൾ ഇസ്രയേലിലെ മെഡിറ്ററേനിയൻ തീരത്തെ ഹൈഫ തുറമുഖത്തും ഗൾഫ് രാജ്യങ്ങളിലും എത്തിച്ച് അവിടെനിന്നു യൂറോപ്പിലേക്കു റെയിൽമാർഗം എത്തിക്കാനാകും. അങ്ങനെയാണ് സാമ്പത്തിക ഇടനാഴി സാധ്യമാക്കുക. ചരക്കുകളുടെ അതിവേഗ നീക്കം ഇതിലൂടെ ഉറപ്പുവരുത്താനാകും.
അതേസമയം, പദ്ധതിക്കായി രാജ്യങ്ങൾ പണം ചെലവഴിക്കുന്നതിൽ വ്യക്തതയില്ല. ഇന്ത്യ, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ധാരണപത്രവും ഒപ്പിട്ടു. സാമ്പത്തിക ഇടനാഴി അന്താരാഷ്ട്ര ഊർജസുരക്ഷയ്ക്ക് സംഭാവന നൽകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ചു. ചരിത്രപരം എന്നായിരുന്നു ബൈഡന്റെ പ്രതികരണം. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും ഈ പദ്ധതി. വാർത്താവിനിയമം, ട്രെയിൻ, തുറമുഖ-ഊർജ്ജ ശൃംഖല, ഹൈഡ്രജൻ പൈപ്പുകൾ എന്നിവയിൽ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
പ്രധാന ഊർജ ഉൽപ്പാദനമേഖലയായ മധ്യേഷ്യൻ രാഷ്ട്രങ്ങളെയും യൂറോപ്പിനെയും ചൈന റോഡ്, റെയിൽ, കടൽ കണക്ടിവിറ്റിയിലൂടെ ബന്ധിപ്പിച്ചത് മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെ വൻതോതിൽ ബാധിച്ചിരുന്നു. മേധാവിത്വം വീണ്ടും ഉറപ്പാക്കുന്നതിന് ചൈനാ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടനാഴി സാധ്യമാക്കാൻ മാസങ്ങളായി അമേരിക്ക സമ്മർദം ചെലുത്തുകയായിരുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് ഇടനാഴി ഗുണം ചെയ്യുമെന്നും ആഗോള വാണിജ്യത്തിൽ മധ്യേഷ്യക്ക് നിർണായക പങ്ക് നൽകുമെന്നുമാണ് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ പറഞ്ഞത്.
ബഹുരാഷ്ട്ര റെയിൽ, തുറമുഖ കരാർ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ജോർദാൻ, ഇസ്രയേൽ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളം റെയിൽവേ, തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും.
ആധുനിക കാലത്തെ സുഗന്ധവ്യഞ്ജന റൂട്ട് ആയി ഇടനാഴിമാറും, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാരം ശക്തിപ്പെടുത്താനും ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നു. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ഇത്തരത്തിലെ ആദ്യ കരാറാണിത്.
നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തിൽ എത്തിയിരിക്കുന്നതായി കരാറിനെ പരാമർശിച്ച് മോദി പറഞ്ഞു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ജി20 പ്രമേയത്തെയാണ് കരാർ പ്രതീകപ്പെടുത്തുന്നതെന്നായിരുന്നു ബൈഡന്റെ അഭിപ്രായം. സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനായിപ്രവർത്തിച്ചവർക്ക് മുഹമ്മദ് ബിൻ സൽമാൻ നന്ദി അറിയിച്ചു
ഏഷ്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുള്ള വലിയ അവസരമായി ഈ ഇടനാഴി മാറുമെന്നാണ് പ്രതീക്ഷ. ഇത് ലോകത്തിലെ ആദ്യത്തെ ഹരിത വ്യാപാര റോഡ് ആയി മാറുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ