ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടർന്ന് നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ, കാനഡയിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരും, വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ' കാനഡയിലെ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും, രാഷ്ട്രീയ ഒത്താശയോടെയുള്ള അക്രമങ്ങളും കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യാക്കാർ അതീവ ജാഗ്രത പുലർത്തണം. ഇന്ത്യ-വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും, ഇന്ത്യൻ നയതന്ത്രപ്രതിനിധികളെയും ലക്ഷ്യമിട്ടാണ് സമീപകാല ഭീഷണികൾ. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങൾ ഉണ്ടായ മേഖലകളിലേക്കും സ്ഥലങ്ങളിലേക്കും ഇന്ത്യൻ പൗരന്മാർ യാത്ര ചെയ്യരുത്.

കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റ സുരക്ഷയ്ക്കും, ക്ഷേമത്തിനുമായി ഹൈക്കമ്മീഷണനും, കോൺസുലേറ്റ് ജനറൽമാരും, കനേഡിയൻ അധികൃതരുമായി തുടർന്നും ബന്ധപ്പെടുന്നതാണ്. കാനഡയിലെ സുരക്ഷാ അന്തരീക്ഷം അടിക്കടി മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികൾ വിശേഷിച്ചും അതീവ ജാഗ്രത പുലർത്തുകയും, മുൻകരുതലെടുക്കുകയും വേണ്ടതാണ്.

ഒട്ടാവയിലെ ഹൈക്കമ്മിഷൻ വഴിയോ, വാൻകൂവറിലെയോ ടൊറന്റോയിലെയോ കോൺസുലേറ്റ് ജനറൽ ഓഫീസുകൾ വഴിയോ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യം വന്നാൽ, ഇന്ത്യാക്കാരെ ബന്ധപ്പെടുന്നതിന് ഹൈക്കമ്മീഷനും, കോൺസുലേറ്റ് ജനറൽ ഓഫീസുകൾക്കും രജിസ്‌ട്രേഷൻ വളരെ സഹായകമായിരിക്കും.' വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ, ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിനു തിരിച്ചടിയായി കാനഡയുടെ നയതന്ത്രപ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയതോടെ നയതന്ത്രബന്ധം കൂടുതൽ വഷളായിരുന്നു.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ്‌സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചാണ് റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉന്നത ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയത്. കാനഡ പൗരനായ നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന 'വിശ്വസനീയമായ ആരോപണം' കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയായിരുന്നു പുറത്താക്കൽ.

കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു തെളിഞ്ഞാൽ കാനഡയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നു കനേഡിയൻ വിദേശകാര്യമന്ത്രി മെലനി ജോളി പ്രതികരിച്ചു.എന്നാൽ കാനഡയുടെ വാദങ്ങൾ പൂർണമായും തള്ളിയ ഇന്ത്യ കാനഡ ഹൈക്കമ്മിഷണർ കാമറോൺ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തൊട്ടുപിന്നാലെ കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാനാണു നിർദ്ദേശം. ജി20 ഉച്ചകോടി സമാപിച്ച് ഒരാഴ്ച തികയുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത്.

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ ജൂണിലാണ് യുഎസ് കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്.