- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൺ നടിയുമായുള്ള ബന്ധത്തിൽ ട്രംപ് ക്രിമിനൽ വിചാരണ നേരിടണം
ന്യൂയോർക്ക്: വരുന്ന നവംബർ 5ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി മത്സരത്തിൽ മുന്നിലുള്ള ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗിക ബന്ധ രഹസ്യമാക്കി വെക്കാൻ പണം നൽകിയെന്ന ആരോപണത്തിൽ ട്രംപ് ക്രിമിനൽ വിചാരണ നേരിടേണ്ടി വരും. ട്രംപ് അടുത്ത മാസം 25ന് ക്രിമിനൽ വിചാരണ നേരിടേണ്ടി വരും
ക്രിമിനൽ വിചാരണ ഒഴിവാക്കണമെന്ന ട്രംപിന്റെ അപേക്ഷ തള്ളിയ ജസ്റ്റിസ് യുവാൻ മെർച്ചൻ വിചാരണ തീയതി തീരുമാനിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമാണ് യുഎസ് മുൻ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത്. പോൺ നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന ബന്ധം പുറത്തുവരാതിരിക്കാൻ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1,30,000 ഡോളർ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിലാണിത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ട്രംപ് ആരോപിക്കുന്നു.
ഇത്തരം 4 കേസുകൾ ട്രംപിന്റെ പേരിലുണ്ട്. വരുന്ന നവംബർ 5ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി മത്സരത്തിൽ മുന്നിലുള്ള ട്രംപിന് കനത്ത ആഘാതമാണ് കോടതി വിധി. 2016 ലെ തെരഞ്ഞെടുപ്പിന് മുൻപ് തനിക്ക് എതിരായ ലൈംഗികാരോപണം ഒതുക്കി തീർക്കാൻ ട്രംപ് പോൺ താരത്തിന് പണം നൽകി എന്നാണ് ആരോപണം.
താനും ട്രംപും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാൻ 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുൻ അഭിഭാഷകനിൽ നിന്ന് 130,000 ഡോളർ താൻ കൈപ്പറ്റിയിരുന്നു എന്നുമാണ് സ്റ്റോമി ഡാനിയൽസ് പറയുന്നത്. അഭിഭാഷകനായ മൈക്കൽ കോഹനെ പിന്നീട് ഒന്നിലധികം കുറ്റങ്ങൾ ചുമത്തി ജയിലിലാക്കി എന്നും നടി ആരോപിച്ചിരുന്നു.
എന്നാൽ സ്റ്റോമി ഡാനിയേൽസുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ല എന്നാണ് ട്രംപിന്റെ അവകാശവാദം. 2006 ജൂലൈയിൽ ഒരു ചാരിറ്റി ഗോൾഫ് ടൂർണമെന്റിൽ വച്ചാണ് താൻ ട്രംപിനെ കണ്ടുമുട്ടിയത് എന്നായിരുന്നു സ്റ്റെഫാനി ക്ലിഫോർഡ് എന്ന സ്റ്റോമി ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നത്. കാലിഫോർണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടൽ മുറിയിൽ വെച്ച് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും നടി പറഞ്ഞിരുന്നു.
ഇതൊന്നും പുറത്ത് പറയാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പണം നൽകിയിരുന്നു എന്നുമാണ് സ്റ്റോമി ഡാനിയേൽസ് പറയുന്നത്. തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ എല്ലാ ഭീഷണിക്കും താൻ വഴങ്ങുകയായിരുന്നു എന്നും സ്റ്റോമി ഡാനിയേൽസ് കൂട്ടിച്ചേർത്തു. 2011-ൽ ഈ ബന്ധത്തെക്കുറിച്ച് ഇൻ ടച്ച് മാസികയ്ക്ക് ഒരു അഭിമുഖം നൽകാൻ താൻ സമ്മതിച്ചിരുന്നു.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ, ഒരു അജ്ഞാതൻ തന്നെയും മകളെയും ലാസ് വെഗസ്സിലെ കാർ പാർക്കിൽ വെച്ച് ഭീഷണിപ്പെടുത്തിയതായും ട്രംപിനെ വെറുതെ വിടൂ എന്ന് പറഞ്ഞതായും അവർ പറഞ്ഞു. ഇൻ ടച്ചുമായുള്ള അഭിമുഖം 2018 വരെ പൂർണ്ണമായി പ്രസിദ്ധീകരിച്ചിരുന്നില്ല എന്നും അവർ വ്യക്തമാക്കി. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തനിക്ക് എതിരെ 20 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് മൈക്കൽ കോഹനുമായി ബന്ധമുള്ള കമ്പനി ഭീഷണിപ്പെടുത്തി.
അതേസമയം ആരോപണങ്ങൾ എല്ലാം ട്രംപ് നിഷേധിച്ചിരുന്നു. എന്നാൽ സ്റ്റോമി ഡാനിയേൽസിന് പണം കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. ഒരാൾക്ക് നഷ്ടപരിഹാരം നൽകുന്നത് നിയമവിരുദ്ധമല്ല എന്നാണ് ട്രംപ് ഇതിന് കാരണമായി പറയുന്നത്.