- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും നിയമത്തിന് അതീതരല്ല; നീലച്ചിത്ര നടിക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഡൊണൾഡ് ട്രംപ് അറസ്റ്റിൽ; അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് കുറിച്ചത് എല്ലാം സർറിയലായി തോന്നുന്നു എന്ന്; വാഴ്ത്തിയും ഇകഴ്ത്തിയും അനുകൂലികളും എതിരാളികളും; ഷാംപെയ്ൻ കുടിച്ച് ജയം ആഘോഷിച്ച് പോൺതാരം സ്റ്റോമി ഡാനിയൽസ്
ന്യൂയോർക്ക്: ടെലിവിഷനിൽ ലൈവായി കാണാൻ, എതിരാളികളും അനുകൂലികളും ആകാംക്ഷയോടെ കാത്തിരുന്നു. കനത്ത സുരക്ഷാവലയത്തിൽ ഒടുവിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ന്യായോർക്കിലെ മാൻഹാട്ടൻ കോടതിയിലെത്തി അറസ്റ്റ് വരിച്ചു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന മുൻ പ്രസിഡന്റായി മാറി ട്രംപ്. 2024 ൽ വൈറ്റ് ഹൗസിലേക്കുള്ള പോരാട്ടത്തിലും, ഈ നിമിഷങ്ങൾ നിർണായകമാകാം. ആരും നിയമത്തിന് അതീതരല്ലെന്ന സന്ദേശം കൂടിയാണ് അമേരിക്കൻ കോടതി നൽകിയത്.
2016 ൽ താൻ പ്രസിഡന്റായി അധികാരത്തിലേറിയ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പോൺ താരത്തിന് കൊടുത്ത പണവുമായി ബന്ധപ്പെട്ട കേസാണ് ട്രംപിനെ കുരുക്കിലാക്കിയത്. തന്റെ സോഷ്യൽ മീഡിയ ആപ്പായ ട്രൂത്ത് സോഷ്യൽ ആപ്പിൽ, 'എല്ലാം വളരെ അയാഥാർഥമായിതോന്നുന്നു, അവരെന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നു' എന്ന് ട്രംപ് കുറിച്ചു.
2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ലൈംഗികാരോപണം പുറത്തു പറയാതിരിക്കാനായി സ്റ്റോമി ഡാനിയൽസിന്, 1.30 ലക്ഷം യുഎസ് ഡോളർ നൽകിയത് ബിസിനസ് ചെലവായി കാണിച്ചതാണ് ട്രംപിനെ കുടുക്കിയത്. കോടതിയിൽ കുറ്റക്കാരനെന്ന് പറഞ്ഞതോടെ ചൊവ്വാഴ്ച ട്രംപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റോമി ഡാനിയൽസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. ട്രംപ് സ്വന്തം കൈയിൽ നിന്നല്ല തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് ഒരു ആരോപണം. പക്ഷേ സ്റ്റോമിയുമായി ഒരു ബന്ധവുമില്ലെന്നും തന്റെ അഭിഭാഷകനാണ് പണം നൽകിയതെന്നുമാണ് ട്രംപ് പറയുന്നത്. പക്ഷേ അത് കോടതി അംഗീകരിച്ചില്ല.
ചരിത്രത്തിൽ ഇതാദ്യമായി ഒരു അമേരിക്കൻ പ്രസിഡണ്ട് ക്രിമിനലായി കോടതിയിൽ വിചാരണ നേരിടാനെത്തുമ്പോൾ, അതിനു പുറകിലെ ശക്തി, സ്റ്റോമി ഡാനിയൽസ് പറയുന്നത്താൻ ഈ വിജയം ആഘോഷിക്കുകയാണെന്നാണ്. ഷാംപെയ്ൻ കുടിച്ച് ആഘോഷിക്കുന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ച സ്റ്റോമി തന്നെ എന്നും പിന്തുണച്ച് കൂടെനിന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.
ട്രംപുമായി പരിചയപ്പെടുന്നു
2006ലെ വേനൽക്കാലത്ത് കാലിഫോർണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള അതിർത്തിയിലുള്ള ലേക് ടാഹോയിൽ നടന്ന ചാരിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് താൻ ആദ്യമായി ട്രംപിനെ കണ്ടുമുട്ടിയതെന്ന് അവൾ പറയുന്നു. അന്ന് ഡാനിയൽസിന് 27 വയസ്സും ട്രംപിന് 60 വയസ്സുമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ സിബിഎസ് ഷോ '60 മിനിറ്റ്‌സ്' എന്ന പരിപാടിയിൽ ഡാനിയൽസ് പറയുന്നത് ഇങ്ങനെ- 'പരിചയപ്പെട്ടതിനു പിന്നാലെ അത്താഴവിരുന്നിനു ട്രംപ് ക്ഷണിക്കുകയായിരുന്നു. ട്രംപിന്റെ ഹോട്ടൽ സ്യൂട്ടിൽ വച്ചായിരുന്നു അത്താഴം. അവിടെവച്ച് ട്രംപ് സ്വന്തം ഫോട്ടോ കവർ ചിത്രമായി പുറത്തിറങ്ങിയ ഗോൾഫ് മാഗസിന്റെ ഒരു കോപ്പി കാണിക്കുകയും ചെയ്തു. പിന്നീടു തിരിഞ്ഞുനിന്ന് പൈജാമ പാന്റ്‌സ് കുറച്ച് അഴിച്ചു. ഉൾവസ്ത്രം ഉൾപ്പെടെ കാണാമായിരുന്നു.
പിന്നീട് ട്രംപ് എന്നെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ ടിവി ഷോ ആയ 'സെലിബ്രിറ്റി അപ്രന്റീസി'ൽ വരാൻ താൽപര്യമുണ്ടോയെന്നും ചോദിച്ചു. 'നിങ്ങൾ വളരെ സ്‌പെഷലാണ്. എന്റെ മകളെ ഓർമിപ്പിക്കുന്നു. സുന്ദരിയും സ്മാർട്ടുമാണ്. അവഗണിക്കാനാകാത്ത വ്യക്തിത്വമാണ്. എനിക്ക് നിങ്ങളെ ഇഷ്ടമാണ്'' എന്നും ട്രംപ് പറഞ്ഞു.
ഞാൻ ശുചിമുറിയിൽ പോയി തിരിച്ചെത്തുമ്പോൾ ട്രംപ് കട്ടിലിന്റെ അറ്റത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് യഥാർഥത്തിൽ ഏതു സാഹചര്യത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടതെന്ന് എനിക്ക് മനസ്സിലായത്. ഒരാളുടെ മുറിയിലേക്ക് ഒറ്റയ്ക്കു പോകാൻ തീരുമാനിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതണമായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
പിറ്റേ വർഷവും ട്രംപ് പലവട്ടം ഫോൺ ചെയ്തു. 'സെലിബ്രിറ്റി അപ്രന്റീസ്' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ട്രംപ് ക്ഷണിച്ചതിനെത്തുടർന്ന് ലൊസാഞ്ചലസിലെ ബവേർലി ഹിൽസ് ഹോട്ടലിൽ 2007 ജൂലൈയിൽ ചെല്ലേണ്ടിവന്നു. അന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെട്ടു. പക്ഷേ, ഞാൻ സമ്മതിച്ചില്ല. പിന്നീട് ഒരു മാസത്തിനുശേഷം, പരിപാടിയിൽ എന്നെ എന്നെ പങ്കെടുപ്പിക്കാനാവില്ലെന്ന് ട്രംപ് ഫോൺ ചെയ്തു പറഞ്ഞു''- അവർ പറയുന്നു.
'ഞാൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും മോശമായ ലൈംഗികത' എന്നാണ് ട്രംപുമായുള്ള ബന്ധത്തെ ഡാനിയൽസ് വിശേഷിപ്പിച്ചത്. വെറും രണ്ടുവർഷമാണ് ഈ ബന്ധം നീണ്ടുനിന്നത്.
ട്രംപുമായി തെറ്റുന്നു
ട്രംപ് അടിമുടി ടോക്‌സിക്കാണെന്ന് മനസ്സിലായതോടെയാണ് അയാളെ എക്‌പോസ് ചെയ്യാൻ തീരുമാനിച്ചത്് എന്നാണ് സ്റ്റോമി പറയുന്നത്. ലൈഗികബന്ധം നിരസിച്ചു എന്ന ഒറ്റക്കാരണത്താൽ ആണ് ട്രംപ് 'സെലിബ്രിറ്റി അപ്രന്റീസ്' പരിപാടിയിൽനിന്ന് തന്നെ ഒഴിവാക്കിയത് എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.
2016ൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് സ്വകാര്യ ചാനലിനോട് സ്റ്റോമി വെളിപ്പെടുത്താൻ നീക്കം നടത്തി. ഇത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുെമന്ന് ഭയന്ന ട്രംപ്, സംഭവം ഒതുക്കിത്തീർക്കാനായി ശ്രമിച്ചു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ സ്റ്റോമി ഡാനിയലിന്, ട്രംപിന്റെ അഭിഭാഷകനായ മൈക്കൽ കൊഹൻ 1.3 ലക്ഷം ഡോളർ നൽകിയത്. 2016 നവംബറിലായിരുന്നു ഈ ഇടപാട്. സ്റ്റെഫനി ക്ലിഫോഡ് എന്ന സ്റ്റോമി ഡാനിയൽസിന്, എസൻഷ്യൽ കൺസൽട്ടന്റ്സ് എന്ന കമ്പനി വഴി ട്രംപ് 1.3 ലക്ഷം ഡോളർ കൊടുത്തു കരാറുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ട്. ഇതുസംബന്ധിച്ച രേഖകൾ ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഡാനിയൽസിന്റെ അന്നത്തെ അഭിഭാഷകൻ കെയ്ത് ഡേവിഡ്‌സണ്ണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ആണ് എൻഡിഎയിൽ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. ഇതും ബോധപുർവം ആയിരുന്നു.
അത് അങ്ങനെ കഴിഞ്ഞു. പക്ഷേ രണ്ടുവർഷം കഴിഞ്ഞ് സംഭവം ലീക്കായി.2018 ൽ വോൾ സ്ട്രീറ്റ് ജേണൽ ആണ്, ഡാനിയൽസിനു ട്രംപ് പണം നൽകിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത്. പിന്നാലെ, തന്റെ പണമാണ് ഡാനിയൽസിനു നൽകിയതെന്നും, ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും, ട്രംപിന്റെ അഭിഭാഷകൻ കോഹൻ പരസ്യമായി വ്യക്തമാക്കി. അതിനെതുടർന്ന്, എൻഡിഎ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡാനിയൽസ് കേസ് നൽകുകയും ചെയ്തു. പക്ഷേ ട്രംപ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും അതു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. ഇതേത്തുടർന്ന് ഡാനിയൽസിന്റെ ഹർജി കോടതി തള്ളി.
ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്തുന്നു
പക്ഷേ ട്രംപിനെ വെറുതെ വിടാൻ, ഡാനിയൽസ് തയ്യാറായില്ല. രഹസ്യബന്ധം മൂടിവയ്ക്കാൻ നൽകിയ പണം തിരിച്ചുനൽകാമെന്ന് 2018ൽ സ്റ്റോമി ട്രംപിനോട് പറഞ്ഞു. നടിയുടെ അഭിഭാഷകൻ മൈക്കൽ അവനറ്റിയാണു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊഹന് ഇക്കാര്യം അറിയിച്ച് കത്തു നൽകിയത്. നടിയുടെ അഭിമുഖം സിഎൻഎൻ ചാനലിൽ സംപ്രേഷണം ചെയ്യുന്നതു തടയാൻ ഒരു നടപടിയും എടുക്കരുതെന്നും, 2016ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു കൊടുത്ത 1.3 ലക്ഷം ഡോളർ, ട്രംപ് പറയുന്ന ഏത് അക്കൗണ്ടിലും നിക്ഷേപിക്കാമെന്നും കത്തിൽ വ്യക്തമാക്കി. അതിനിടെ ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്ന് ആരോപിച്ച് കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസും നൽകിയിരുന്നു.
കേസ് നടത്തിപ്പിനുള്ള പണം കണ്ടെത്താൻ സ്റ്റോമിയുടെ ഇന്റർനെറ്റ് വഴിയുള്ള പ്രചാരണത്തിനും നല്ല പ്രതികരണവും ലഭിച്ചു. ആയിരത്തിയഞ്ഞൂറോളം പേരിൽനിന്ന് 40,000 ഡോളറോളം ലഭിച്ചിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഇപ്പോഴും ട്രംപിനെതിരെയ കേസ് മുന്നോട്ട് പോവുന്നത്. പക്ഷേ പേടിപ്പിച്ച് ഡാനിയൽസിനെ ഒതുക്കാനായിരുന്നു ട്രംപിന്റെ നീക്കം. ട്വിറ്ററിൽ ഡാനിയൽസിനെ അയാൾ തട്ടിപ്പുകാരിയെന്നു വിശേഷിപ്പിച്ചു. ഇതിൽ ട്രംപിനെതിരെ ഫെഡറൽ കോടതിയിൽ അവർ അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ പരാമർശം അപകീർത്തികരമല്ലെന്നും ഭരണഘടന അനുസരിച്ച് സംസാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നാണ് അന്നു ജഡ്ജി വിധിച്ചത്. 2021ൽ ഈ വിധി യുഎസ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.
2011ൽ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു മാധ്യമത്തോടു സംസാരിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ തന്നെയും ചെറിയ മകളെയും ലാസ് വേഗസിലെ പാർക്കിങ് സ്ഥലത്തുവച്ച് ഒരാൾ ഭീഷണിപ്പെടുത്തിയെന്നും ഡാനിയൽസ് പറയുന്നു. കുടുംബത്തിന്റെ സുരക്ഷയെക്കരുതിയാണ് അന്ന് പരാതിപ്പെടാതിരുന്നതെന്നാണ് അവർ പറയുന്നത്. 2018 ൽ, ഭീഷണിപ്പെടുത്തിയ ആളിന്റേത് എന്നു പറഞ്ഞ് ഡാനിയൽസ് ഒരു പുരുഷന്റെ രേഖാചിത്രവും പുറത്തുവിട്ടു. 'നിലവിലില്ലാത്ത ഒരാളുടെ ചിത്രം വർഷങ്ങൾക്കുശേഷം പുറത്തുവിട്ടിരിക്കുന്നു. ഇതു തട്ടിപ്പാണ്. വ്യാജവാർത്തയാണ് . അത് അവർക്കുമറിയാം.'' - എന്നായിരുന്നു ഇതിനോട് ട്രംപ് പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ