- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് മുന്നിൽ എട്ടു നിലയിൽ പൊട്ട ബൈഡൻ, സീറ്റ് തെറിച്ചേക്കും
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിനു മേൽക്കൈ. പ്രായധിക്യം കൊണ്ടും നിലപാടുകളിലെ വ്യക്തത കുറവു കൊണ്ടും പതറിയ ബൈഡൻ ശരിക്കും 'വൃത്തിയായി തോറ്റു' എന്നാണ് ഡെമോക്രാറ്റുകൾ പോലും പറയുന്നത്. ഈ നേതാവുമായി എങ്ങനെ മുന്നോട്ടു പോകുമെന്ന പ്രതിസന്ധിയും അവർ നേരിടുന്നു. ട്രംപിന്റെ കടന്നാക്രമണത്തിൽ പകച്ചു പോയ ബൈഡൻ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരുന്നതടെ ശരിക്കും ദുരന്തമായി മാറി.
ബൈഡൻ പറയുന്നത്് പലതും തനിക്ക് മനസ്സിലാകുന്നില്ലെന്ന് ട്രംപ് തുറന്നടിച്ചു. ഇതോടെ ട്രംപിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ശരിക്കും വെള്ളം കുടിക്കുകയായിരുന്നു ബൈഡൻ. പ്രായാധിക്യമാണ് ബൈഡന് ക്ഷീണമായത്. സമ്പദ്വ്യവസ്ഥ, യുക്രെയ്ൻ ഇസ്രയേൽ യുദ്ധങ്ങൾ, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്‌നങ്ങൾ എന്നിവ നിറഞ്ഞുനിന്ന സംവാദം ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടു. വൈകാതെ സംവാദത്തിന്റെ പൂർണരൂപം സിഎൻഎൻ പുറത്തുവിടും.
യുഎസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിൽ തുടങ്ങിയ സംവാദത്തിൽ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സമ്പദ്വ്യവസ്ഥ ഏറ്റവും മോശമാക്കിയാണു ട്രംപ് ഭരണത്തിൽനിന്ന് ഇറങ്ങിയതെന്നും ഡെമോക്രാറ്റുകൾ ഭരണത്തിലെത്തിയശേഷം കാര്യങ്ങൾ വീണ്ടും ശരിയാക്കിയെടുത്തെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിസ്താനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെ കുറ്റപ്പെടുത്തി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ ആദ്യ വർഷത്തിൽ തന്നെ അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു ഇതെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ, വിദേശനയം, അന്താരാഷ്ട്ര പ്രതിസന്ധികൾ, രാജ്യത്തെ കുടിയേറ്റ പ്രതിസന്ധി, ഗർഭച്ഛിദ്രം, അമേരിക്കയിലെ ജനാധിപത്യത്തിന്റെ അവസ്ഥ എന്നീ വിഷയങ്ങളിൽ രൂക്ഷമായ സംവാദമാണുണ്ടായത്.
യുക്രൈൻ യുദ്ധം, ഗസ്സ വിഷയങ്ങളിൽ ഇരുവരും നിലപാട് വ്യക്തമാക്കി. ഗർഭച്ഛിദ്ര വിഷയത്തിലാണ് ബൈഡൻ ശരിക്കും പതറിയത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് വിലക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഗർഭച്ഛിദ്രം നിയമപരമാക്കണോയെന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നും ട്രംപ് ആവർത്തിച്ചു. ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാട് ട്രംപ് സ്വീകരിച്ചത് നിർണായക മാറ്റമാണ്. എന്നാൽ റോ വെയ്ഡ് കേസിലെ മാനദണ്ഡങ്ങൾ പ്രകാരം നിയമപരമായി ഗർഭച്ഛിദ്രം ആകാമെന്ന നിലപാടിലായിരുന്നു ബൈഡൻ. ഏവരും ഉറ്റുനോക്കിയിരുന്ന വിഷയത്തിൽ ബൈഡൻ കൃത്യമായ മറുപടി നൽകിയുമില്ല. ഇത് ഡെമോക്രാറ്റ് അനുകൂലികളെ ശരിക്കും നിരാശരാക്കി മാറ്റി.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ ഒന്നും ചെയ്തിട്ടില്ലെന്നും പകരം റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റമെന്നും ട്രംപ് ആരോപിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം തുടരാൻ ഹമാസിനെ അനുവദിക്കില്ലെന്നു ബൈഡൻ പ്രഖ്യാപിച്ചു. താൻ ഭരണത്തിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം അനുവദിക്കില്ലായിരുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.
കാലാവസ്ഥാ വിഷയങ്ങളിൽ ഇന്ത്യയെ വിമർശിക്കുന്ന നിലപാട് സംവാദത്തിലും ട്രംപ് ആവർത്തിച്ചു. പാരിസ് ഉടമ്പടിയിൽ കോടിക്കണക്കിനു ഡോളറാണ് യുഎസിന് ചെലവാക്കേണ്ടി വരിക. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഒന്നും നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ കാലത്ത് പരിസ്ഥിതി ഏറ്റവും മികച്ച അവസ്ഥയിലായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബൈഡന്റെ ഭരണകാലത്ത് രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായെന്ന് ട്രംപ് കുറ്റപ്പെടുത്തി. തന്റെ ഭരണകാലത്ത് പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്തിയപ്പോൾ ബൈഡന്റെ ഭരണകാലത്ത് അതല്ല ഉണ്ടായത്. ബൈഡന് പണം നൽകുന്നത് ചൈനയാണെന്ന് ട്രംപ് ആരോപിച്ചു. പണപ്പെരുപ്പം ഉണ്ടായിട്ടില്ലെന്നും തന്റെ ഭരണകാലത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്‌തെന്നും 81 കാരനായ ബൈഡൻ തിരിച്ചടിച്ചു. നാറ്റോയിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്ന് ബൈഡൻ ആരോപിച്ചു.
ഇരുനേതാക്കളുടെയും പ്രായത്തെക്കുറിച്ചും സംവാദത്തിൽ ചോദ്യമുണ്ടായി. തന്റെ ആരോഗ്യം മെച്ചമാണെന്നും ബൈഡൻ വിശ്രമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മറവി രോഗമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, സംവാദത്തിനിടയിലും ഓർമ മുറിഞ്ഞതിന്റെ ലക്ഷണങ്ങൾ ബൈഡൻ പ്രകടിപ്പിച്ചു. മെഡികെയർ, കോടീശ്വരന്മാർക്ക് കൂടുതൽ നികുതി എന്നീ വിഷയങ്ങളിൽ മറുപടി പറയുമ്പോഴാണ് ബൈഡൻ കുഴങ്ങിയത്. വാർത്താ ചാനലായ സിഎൻഎൻ സംഘടിപ്പിച്ച സംവാദത്തിൽ കാണികളെ പങ്കെടുപ്പിച്ചിരുന്നില്ല. പരസ്പരം നോക്കുകയോ കൈകൊടുക്കുകയോ ചെയ്യാതെയാണ് ഇരുനേതാക്കളും സംവാദം തുടങ്ങിയത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കെയാണ് സിഎൻഎന്റെ നേതൃത്വത്തിൽ സംവാദം നടക്കുന്നത്. ആളുകളെ പങ്കെടുപ്പിക്കാതെ സ്റ്റുഡിയോയിൽ വച്ചാണ് സംവാദം നടന്നത്. പരസ്പരമുള്ള വാക്‌പോരു രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റൊരാളുടെ മൈക്ക് ഓഫ് ചെയ്യും. വൈകാതെ സംവാദത്തിന്റെ പൂർണരൂപം സിഎൻഎൻ പുറത്തുവിടും.