വാഷിങ്ടണ്‍: കരീബിയന്‍ കടലില്‍ യു.എസ് സേനാവിന്യാസം തുടരവേ വെനസ്വേലയുമായി ഉടന്‍ യുദ്ധമുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച പുറത്തിറക്കിയ സി.ബി.എസ് അഭിമുഖത്തിലാണ്, പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

വെനസ്വേലക്കെതിരെ യു.എസ് യുദ്ധം ചെയ്യുമോ എന്ന ചോദ്യത്തിന് അതിന് സാധ്യത കുറവാണെന്നാണ ്ട്രംപ് പറഞ്ഞു. 'എനിക്ക് സംശയമുണ്ട്. എനിക്ക് അങ്ങനെ തോന്നുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, നികോളാസ് മദൂറോയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ എന്ന ചോദ്യത്തിന്, 'അതെ എന്ന് ഞാന്‍ പറയും. എനിക്ക് അങ്ങനെ തോന്നുന്നു, അതെ,' എന്ന് ട്രംപ് മറുപടി നല്‍കി.

അതേസമയം, അമേരിക്ക സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട് വെനസ്വേല. പ്രതിരോധ റഡാറുകള്‍, വിമാന അറ്റകുറ്റപ്പണി, വിദൂര മിസൈലുകള്‍ എന്നിവക്കായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്തുത രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്ന് യു.എസ് സര്‍ക്കാറിന്റെ ആഭ്യന്തര രേഖകള്‍ ഉദ്ദരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോടും കത്തിലൂടെയാണ് അഭ്യര്‍ഥനകള്‍ നടത്തിയത്. ചൈനീസ് കമ്പനികളുടെ റഡാര്‍ കണ്ടെത്തല്‍ സംവിധാനങ്ങളുടെ ഉല്‍പാദനം വേഗത്തിലാക്കാന്‍ മദൂറോ ചൈനീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കരീബിയനിലെ യു.എസ് ആക്രമണത്തിന്റെ ഗൗരവം മദൂറോ ഊന്നിപ്പറഞ്ഞുവെന്നും വെനിസ്വേലക്കെതിരായ യു.എസ് സൈനിക നടപടിയെ അവരുടെ പൊതുവായ പ്രത്യയശാസ്ത്രം കാരണം ചൈനക്കെതിരായ നടപടികൂടിയായി അവതരിപ്പിച്ചുവെന്നും യു.എസ് രേഖകളെ ഉദ്ദരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലേക്കുള്ള ഒരു സന്ദര്‍ശനത്തിനിടെ വെനസ്വേലന്‍ ഗതാഗത മന്ത്രി റാമോണ്‍ സെലെസ്റ്റിനോ വെലാസ്‌ക്വസ് സൈനിക ഉപകരണങ്ങളും ഡ്രോണുകളും കയറ്റുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതായും പറയുന്നു. വെനിസ്വേലക്ക് കണ്ടെത്തല്‍ ഉപകരണങ്ങള്‍, ജി.പി.എസ് സ്‌ക്രാംബ്ലറുകള്‍, 1,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഡ്രോണുകള്‍ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഇറാനിയന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞതായും യു.എസ് രേഖകള്‍ പറയുന്നു.

വെനസ്വേലയുടെ ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനെ പിന്തുണക്കുമെന്നും ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാന്‍ സഹായിക്കുമെന്നുമാണ് സഹായ അഭ്യര്‍ഥനയോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്.

നേരത്തെ വെനസ്വേലയില്‍ രഹസ്യമായ ആക്രമണങ്ങള്‍ നടത്താന്‍ സി.ഐ.എക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കരീബിയന്‍ കടലിലെ സേനാ വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.