- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു; മാലിന്യ ട്രക്കോടിച്ച് കമലയ്ക്കും ബൈഡനും ചുട്ടമറുപടി നല്കി ട്രംപ്; പിന്നാലെ 1993 ലെ സംഭവം വിശദീകരിച്ച് ട്രംപിനെതിരെ പീഡനാരോപണവുമായി മോഡല്‍ രംഗത്ത്; അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്‍
അനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു
വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചരണം സമാനതകളില്ലാത്ത വിധം ആവേശത്തിലേക്ക്.പരസ്പരം കൊണ്ടും കൊടുത്തും സ്ഥാനാര്‍ത്ഥികള്‍ പ്രചരണം കൊഴുപ്പിക്കുകയാണ്.ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എതിര്‍സ്ഥാനാര്‍ത്ഥി മറുപടി നല്‍കുകയാണ്.ഇത്തരത്തില്‍ ട്രംപ് മാലിന്യ ട്രക്ക് ഓടിച്ച് കമലയ്ക്കും ബെയ്ഡനും നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.തന്റെ അനുനായികളെ ബെയ്ഡന്‍ മാലിന്യങ്ങളെന്ന് അവഹേളിച്ചതിലുള്ള മറുപടിയായാണ് ട്രംപ് മാലിന്യട്രക്ക് ഓടിച്ചത്.
കഴിഞ്ഞദിവസം മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പുതിയ സംഭവത്തിന്റെ തുടക്കം.ട്രംപിന്റെ അനുയായികളെ ജോ ബൈഡന്‍ മാലിന്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.ഇതിനോടുള്ള പ്രതികരണമായാണ് ട്രംപ് മാലിന്യ ട്രക്ക് ഓടിച്ചത്.ഗ്രീന്‍ ബേയിലാണ് സംഭവം നടന്നത്.തന്റെ പേരെഴുതിയ ബോയിങ് 757 വിമാനത്തില്‍ നിന്നിറങ്ങിയ അദ്ദേഹം നേരെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനടുത്തേക്കാണ് ചെന്നത്.
ട്രംപിന്റെ പേര് ഇതിലുമുണ്ടായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുതവണ പരാജയപ്പെട്ടു.തുടര്‍ന്ന് അല്പം പണിപ്പെട്ടാണെങ്കിലും ഡ്രൈവിങ് സീറ്റിലെത്തി.'കമലയുടെയും ജോ ബൈഡന്റെയും ബഹുമാനാര്‍ത്ഥമാണിത്' എന്നായിരുന്നു സമീപിച്ച മാധ്യമ പ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.എന്നാല്‍ ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്.
ആളുകള്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഏതൊരു വിമര്‍ശനത്തോടും ഞാന്‍ ശക്തമായി വിയോജിക്കുന്നുവെന്നാണ് കമലാ ഹാരിസ് പ്രതികരിച്ചത്.ഇതിന് തൊട്ടുപിന്നാലെ ട്രംപിനെതിരെ പുതിയ ആരോപണങ്ങളും ഉയര്‍ന്നു.
ട്രംപ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ആരോപിച്ച് മുന്‍ മോഡല്‍ രംഗത്തെത്തിയിരിക്കുകയാണ്. 1993-ലാണ് സംഭവം.സ്വകാര്യ സംഭാഷണത്തിനെന്ന വ്യാജേനയാണ് ട്രംപിന്റെ പേരിലുള്ള ഹോട്ടല്‍ മുറിയിലേക്ക് മോഡലിനെ വിളിച്ചുവരുത്തിയത്.
മുറിയില്‍വെച്ച് ട്രംപ് തന്റെ മേലേക്ക് ചാടിവീഴുകയായിരുന്നെന്നും കടന്നുപിടിക്കുകയുമായിരുന്നെന്നും അവര്‍ പറഞ്ഞു.ഡെയ്ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇത്തരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും നടത്തുന്ന വാശിയേറിയ പ്രചാരണവും ട്രംപിനെതിരെ ഉയരുന്ന ലൈംഗിക പീഡനാരോപണങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറ്റുന്നത്.
അതേസമയം യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോള്‍, ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ പിന്തുണയേറെയുള്ളത് ഡെമോക്രാറ്റിക് പാര്‍ട്ടിസ്ഥാനാര്‍ഥി കമലാ ഹാരിസിനാണെന്നാണ് ഗവേഷണസ്ഥാപനമായ എ.എ.പി.ഐ.യുടെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. വോട്ടവകാശമുള്ള 23 ലക്ഷം ഇന്ത്യന്‍വംശജരില്‍ 55 ശതമാനംപേര്‍ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുമ്പോള്‍ 26 ശതമാനംപേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു
ഇന്ത്യന്‍വംശജരില്‍ 61 ശതമാനം പേര്‍ കമലാ ഹാരിസിന് വോട്ടുചെയ്യാനാണുദ്ദേശിക്കുന്നതെന്ന് കാര്‍ണഗി എന്‍ഡോവ്മെന്റിന്റെ സര്‍വേ പറയുന്നു. 32 ശതമാനം പേരുടെ പിന്തുണ ട്രംപിനാണ്. സ്ത്രീകളില്‍ 67 ശതമാനവും പുരുഷന്മാരില്‍ 53 ശതമാനവും കമലയെ പിന്തുണയ്ക്കുന്നു. 22 ശതമാനം സ്ത്രീകളും 39 ശതമാനം പുരുഷന്മാരും മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നത്. അതിനിടെ, സി.എന്‍.എന്‍. രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ 47 ശതമാനം വീതം പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ് ട്രംപും കമലയും.