- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിറിയ പ്രശ്‌നത്തിലാണ്, എന്നാല്‍, അവര്‍ ഞങ്ങളുടെ സുഹൃത്തല്ല; ഇത് ഞങ്ങളുടെ പോരാട്ടവുമല്ല'; സിറിയന്‍ വിഷയത്തില്‍ ഇടപെടാതെ അകലം പാലിച്ച് ട്രംപ്; ദമാസ്ക്കസ് പിടിച്ചെടുത്ത വിമതര്‍ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതോടെ തെരുവുകളില്‍ ആഹ്ലാദപ്രകടനം
'സിറിയ പ്രശ്‌നത്തിലാണ്, എന്നാല്‍, അവര്‍ ഞങ്ങളുടെ സുഹൃത്തല്ല;
വാഷിങ്ടണ്‍: സിറിയയിലെ പ്രശ്‌നത്തില്‍ നിന്നും അകലം പാലിക്കുമെന്ന സൂചന നല്‍കി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിഷയത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ട്രംപ് വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താതിരുന്നത്. സിറിയ പ്രശ്‌നത്തിലാണ്. എന്നാല്‍, അവര്‍ ഞങ്ങളുടെ സുഹൃത്തല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസിന് ഇതില്‍ ഒന്നും ചെയ്യാനാവില്ല. പ്രശ്‌നത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബശ്ശാറുല്‍ അല്‍ അസദ് സര്‍ക്കാറുമായി യു.എസിന് നയതന്ത്രബന്ധമല്ല. എന്നാല്‍, സിറിയയിലുള്ള ആയിരത്തോളം വരുന്ന യു.എസ് സൈന്യത്തെ സംബന്ധിച്ച് ട്രംപ് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അതേസമയം, രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയില്‍ തലസ്ഥാനമായ ഡമസ്‌കസ് വളഞ്ഞെന്ന് വിമതസേന അവകാശപ്പെട്ടിരുന്നു. മൂന്നു സുപ്രധാന നഗരങ്ങള്‍ വിമതസേന പിടിച്ചെടുത്തെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ യുഗം അവസാനിച്ചുവെന്ന് വിമതര്‍ പറയുന്നത്. സിറിയ സ്വതന്ത്രരാജ്യമായെന്നും വിമതര്‍ പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതര്‍ അറിയിച്ചു. കഴിഞ്ഞ 50 വര്‍ഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിലായിരുന്നു. 13 വര്‍ഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കല്‍ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടെ നീതി നടപ്പാവുകയും സിറയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളിലറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബശ്ശാറുല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെ, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാജ്യം വിടാന്‍ തനിക്ക് പദ്ധതിയിലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി പറഞ്ഞു. പൊതുസ്ഥാപനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ വിമതര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്പത്ത് സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.