- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂസി വില്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്; അമേരിക്കന്‍ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യവനിത; ട്രംപിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച വ്യക്തിക്ക് താക്കോല്‍ സ്ഥാനം; സൂസി മിടുക്കിയും നൂതന ആശയമുള്ളവളും എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരിയുമെന്ന് ട്രംപ്
സൂസി വില്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സൂസി വില്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി. പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുക, വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ഘടന കൈകാര്യം ചെയ്യുക, രൂപകല്‍പ്പന ചെയ്യുക എന്നിവയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രധാന ജോലി. ട്രംപിന്റെ ഇഷ്ടക്കാരിയായി തന്നെയാണ് സൂസി ഈ പദവിയിലേക്ക് എത്തുന്നത്.
സൂസി മിടുക്കിയും നൂതന ആശയമുള്ളവളും എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമുള്ളയാളുമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളില്‍ തന്നെ വിജയത്തിലേക്ക് നയിച്ച വ്യക്തിയാണ്. സൂസി രാജ്യത്തിന് അഭിമാനമാകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ അക്ഷീണം ജോലിചെയ്യാന്‍ സൂസിക്ക് കഴിയും. യു.എസ് ചരിത്രത്തിലാദ്യമായി ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത എന്ന നിലയില്‍ സൂസിക്ക് നല്‍കുന്ന വലിയ ബഹുമതിയാണ് ഈ നിയമനമെന്നും ട്രംപ് പറഞ്ഞു.
പ്രചാരണ രംഗത്തെ മികവ് കണക്കിലെടുത്താണ് രണ്ടാമതൊന്ന് ആലോചിക്കാതെ സൂസിയെ തെരഞ്ഞെടുക്കാന്‍ ട്രംപ് ടീം തയാറായത്. ഭരണനിര്‍വഹണ രംഗത്ത് പ്രവര്‍ത്തന പരിചയമില്ലെങ്കിലും ട്രംപിന്റെ വിശ്വസ്തയായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയും. 2016ലും 2020ലും ട്രംപിന്റെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് സൂസി പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍ ഫ്‌ലോറിഡ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട റിക് സ്‌കോട്ടിന്റെ പ്രചാരണത്തിനും അവര്‍ ചുക്കാന്‍ പിടിക്കുകയുണ്ടായി. എന്‍.എഫ്.എല്‍ ബ്രോഡ്കാസ്റ്റര്‍ പാറ്റ് സമ്മറാളിന്റെ മകളാണ് സൂസി. 1980ലാണ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്.
പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമായിരുന്നു കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്നത്. കുടിയേറ്റം, ഗര്‍ഭച്ഛിദ്രം, വിലക്കയറ്റം തുടങ്ങി പ്രധാനപ്പെട്ട നിരവധി നയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരായ വധശ്രമവും തുടര്‍ന്നുള്ള ട്രംപിന്റെ നാടകീയമായ തിരിച്ചുവരവുമെല്ലാം യുഎസ് തെരഞ്ഞെടുപ്പിനെ പ്രവചിക്കാനാവത്ത വിധമുള്ള പോരാട്ടത്തിലേക്കാണ് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 295 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ട്രംപ് വിജയം നേടി. കമല ഹാരിസിന് 226 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.