വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ നെറ്റ്വവര്‍ക്കിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കേണ്ട ആവശ്യമില്ലെന്ന്' ട്രംപ് പറഞ്ഞു. പരമ്പരാഗതമായി അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവര്‍ക്കും രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്. 2020ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ബൈഡന്‍ തന്റെ സുരക്ഷാ അനുമതികള്‍ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് വിശദീകരിച്ചു.

ബൈഡനെ വിശ്വസിക്കാന്‍ ആവില്ല, രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഒരു റിപ്പോര്‍ട്ടില്‍ 82 കാരനായ ബൈഡന് ഓര്‍മ കുറവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് തന്റെ സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞിരുന്നു. നേരത്തെ പങ്കെടുത്ത ഒരു ടിവി പരിപാടിയില്‍, 'ജോ നിങ്ങളെ പുറത്താക്കിയതാണ്'എന്നും ട്രംപ് പരാമര്‍ശിച്ചിരുന്നു.

അതേസമയം വാഷിംഗ്ടണ്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം മണ്ടത്തരമെന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്.

2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്റെ രണ്ടാമൂഴത്തില്‍ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്റെ ആഹ്വാനം. ഭക്ഷണ വ്യാപാര, വിതരണ ശൃംഖലയില്‍ പ്ലാസ്റ്റിക് സ്ട്രോ പോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാന്‍ ബൈഡന്‍ ഭരണകൂടം മുന്‍പ് തീരുമാനമെടുത്തിരുന്നു. ഇത് റദ്ദാക്കിക്കൊണ്ട് അടുത്തയാഴ്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.