- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനിസ്വേലന്‍ എണ്ണ വര്‍ഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിച്ചു ട്രംപ്; ഇത് മറ്റൊന്നുമല്ല, എണ്ണയോടുള്ള ആര്‍ത്തി മാത്രം; മയക്കു മരുന്ന് കടത്ത് അടക്കമുള്ള ആരോപണങ്ങളെല്ലാം നുണകള്‍ മാത്രമെന്ന മറുപടിയുമായി ഡെല്‍സി റോഡ്രിഗസ്; എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്ന വാണിജ്യ കരാറുകള്‍ക്ക് തയ്യാറെന്നും ഇടക്കാല പ്രസിഡന്റ്
വെനിസ്വേലന്‍ എണ്ണ വര്‍ഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിച്ചു ട്രംപ്
വാഷിങ്ടണ്‍: വെനിസ്വേലയിലെ പുതിയ ഭരണകൂടത്തില്‍നിന്ന് യു.എസിന് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ടെന്നും വെനിസ്വേലയെയും എണ്ണ ശേഖരത്തെയും വര്‍ഷങ്ങളോളം ഇനി യു.എസ് നിയന്ത്രിക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നുന്നതെല്ലാം വെനിസ്വേല നല്‍കുകയായിരുന്നുവെന്നും അനിശ്ചിതകാലത്തേക്ക് യു.എസ് അവിടെ രാഷ്ട്രീയ മേധാവിത്വം തുടരുമെന്നും ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ലാഭകരമായ രീതിയില്‍ വെനിസ്വേലയെ പുനര്‍നിര്‍മിക്കും. രാജ്യത്തെ എണ്ണ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. വെനിസ്വേലയില്‍ തന്റെ നേരിട്ടുള്ള മേല്‍നോട്ടം ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീളുമെന്നും ട്രംപ് വ്യക്തമാക്കി. എണ്ണവില കുറക്കുമെന്നും വെനിസ്വേലക്ക് അത്യാവശ്യമായ പണം നല്‍കാന്‍ പോകുകയാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയെ പിന്തുണയ്ക്കുന്നതിനുപകരം മയക്കുമരുന്ന് ഭീകരത ആരോപിച്ച സര്‍ക്കാരിന്റെ മുതിര്‍ന്ന അംഗമായിരുന്ന ഡെല്‍സി റോഡ്രിഗസിനെ പുതിയ നേതാവായി അംഗീകരിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയില്ല. റോഡ്രിഗസുമായി സംസാരിച്ചിട്ടുണ്ടോ എന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ സംസാരിച്ചതായും സൂചന നല്‍കി.
എണ്ണ വിപണി യു.എസിന് തുറന്നുകൊടുക്കുന്നതിനെ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ന്യായീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അഭിപ്രായങ്ങള്‍. ട്രംപിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രതികരിച്ചത്. ട്രംപ് ഉന്നയിച്ച മയക്കുമരുന്ന് കടത്ത്, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നുണകളാണെന്നും വെനിസ്വേലയിലെ ഊര്‍ജസമ്പത്തിനോടുള്ള അമേരിക്കയുടെ ആര്‍ത്തിയാണ് ഇതിനു പിന്നിലെന്നും ഡെല്‍സി പറഞ്ഞു.
സ്റ്റേറ്റ് ടെലിവിഷന്‍ വിടിവിയിലൂടെയാണ് രാജ്യത്തിനെതിരെ യുഎസ് പ്രസിഡന്റ് നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് ഡെല്‍സി റോഡ്രിഗസ് തുറന്നു പറഞ്ഞത്. ഊര്‍ജത്തോടുള്ള അമേരിക്കയുടെ അത്യാഗ്രഹം വെനസ്വേലയുടെ വിഭവങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. മയക്കുമരുന്ന് കടത്ത്, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെ കുറിച്ചെല്ലാം അവര്‍ പറയുന്ന നുണകള്‍ വെറും ഒഴിവുകഴിവുകള്‍ മാത്രമാണ്.
എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്നതും വാണിജ്യ കരാറുകളിലൂടെ സഹകരണം വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതുമായ ഊര്‍ജ ബന്ധങ്ങള്‍ക്കായി വെനസ്വേല തയ്യാറാണ്. വെനസ്വേലയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു കറ ഇപ്പോള്‍ അമേരിക്കയുമായി ഉണ്ടായിട്ടുണ്ടെന്നും ദേശീയ അസംബ്ലി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഡെല്‍സി പറഞ്ഞു.
സ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര ഭിന്നതകള്‍ പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഡെല്‍സി ആവശ്യപ്പെട്ടു. തീവ്രവാദപരമോ ഫാസിസ്റ്റ് രീതിയിലുള്ളതോ ആയ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രകടനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. കാരണം അവ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമാധാനത്തിനും ദേശീയ സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള പദ്ധതികള്‍ വേണ്ടതുണ്ട്.




