വാഷിങ്ടന്‍: വെനസ്വേലയിലെ എണ്ണസമ്പത്ത് കൈവശപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കം നടത്തിയതിന് പിന്നാലെ ട്രംപ് ക്യൂബയെയും ഭയപ്പെടുത്തുന്നു. ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നു. വളരെ വൈകുന്നതിനു മുന്‍പ് യുഎസുമായി ഒരു കരാറിലെത്താന്‍ ക്യൂബ തയാറാകണമെന്നും, വര്‍ഷങ്ങളായി വെനസ്വേലയില്‍ നിന്നുള്ള എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വെനസ്വേലയില്‍ നിന്നുള്ള പണത്തിനും എണ്ണയ്ക്കും പകരമായി രണ്ട് വെനസ്വേലന്‍ ഏകാധിപതികള്‍ക്കു ക്യൂബ സുരക്ഷാ സേവനങ്ങള്‍ നല്‍കിയിരുന്നതായും ട്രംപ് ആരോപിച്ചു. ഇനി അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച നടന്ന യുഎസ് ആക്രമണത്തില്‍ വെനസ്വേലയിലെ ക്യൂബന്‍ സുരക്ഷാ ജീവനക്കാരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. വര്‍ഷങ്ങളായി വെനസ്വേലയെ ബന്ദികളാക്കിയിരുന്ന ഗുണ്ടകളില്‍ നിന്നും പിടിച്ചുപറിക്കാരിലും നിന്നുമുള്ള സംരക്ഷണം ഇനി വെനസ്വേലയ്ക്ക് ആവശ്യമില്ല. വെനസ്വേലയെ സംരക്ഷിക്കാന്‍ യുഎസ് സൈന്യമുണ്ടെന്നും ട്രംപ് പറഞ്ഞു.

ക്യൂബ കരാറിനു തയാറായില്ലെങ്കില്‍ ഇനി മുതല്‍ പണമോ എണ്ണയോ നല്‍കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. '' ഇനി മുതല്‍ ക്യൂബയിലേക്ക് എണ്ണയോ പണമോ ഉണ്ടാകില്ല - പൂജ്യം! വളരെ വൈകുന്നതിനു മുന്‍പ് അവര്‍ ഒരു കരാറിലെത്തണമെന്ന് ഞാന്‍ ശക്തമായി നിര്‍ദ്ദേശിക്കുന്നു'' സമൂഹമാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

വര്‍ഷങ്ങളായി വെനിസ്വേലയില്‍ നിന്നുള്ള സൗജന്യ എണ്ണ കൊണ്ടാണ് ക്യൂബന്‍ സമ്പദ്വ്യവസ്ഥ നിലനിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച അമേരിക്കന്‍ സൈന്യം മഡുറോയെ പിടികൂടിയതോടെ കളി മാറി. വെനിസ്വേലയുടെ എണ്ണ ഇനി അമേരിക്കയിലേക്കേ പോകൂ എന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ ക്യൂബ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കും പട്ടിണിയിലേക്കും നീങ്ങുന്ന അവസ്ഥയിലാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയും ക്യൂബന്‍ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പ് നല്‍കി. 'ഹവാനയിലെ ഭരണാധികാരികള്‍ക്ക് ഇപ്പോള്‍ അല്പമെങ്കിലും പേടിയുണ്ടാകുന്നത് നല്ലതാണ്,' എന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കന്‍ പിടിയിലായ മഡുറോ ഇപ്പോള്‍ ബ്രൂക്ലിനിലെ തടവറയിലാണ്. മഡുറോയെ സംരക്ഷിച്ചിരുന്ന 32 ക്യൂബന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരടക്കം 100 പേര്‍ കഴിഞ്ഞ ആഴ്ച നടന്ന സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു. ക്യൂബയെ കൂടാതെ ഡാനിഷ് ഭരണപ്രദേശമായ ഗ്രീന്‍ലാന്‍ഡിന് മേലും ട്രംപ് കണ്ണുവെച്ചിട്ടുണ്ട്. റഷ്യയോ ചൈനയോ പിടിച്ചെടുക്കുന്നതിന് മുന്‍പ് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കാനാണ് ട്രംപിന്റെ നീക്കം.

'നല്ല രീതിയില്‍ നടന്നില്ലെങ്കില്‍ കടുപ്പമേറിയ വഴി നോക്കും' എന്നാണ് ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ നിലപാട്. ഇതിനിടയില്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കം യൂറോപ്യന്‍ രാജ്യങ്ങളെയും നാറ്റോ സഖ്യത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനിടെയാണ് ട്രംപ് ക്യൂബയെ ലക്ഷ്യമിട്ടും നീങ്ങുന്നത്.