ലണ്ടന്‍: കുടിയേറ്റം ഫലപ്രദമായി നിരോധിച്ചില്ലെങ്കില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ സംസ്‌കാരം എന്നത് ഒരു ഓര്‍മ്മ മാത്രമായി മാറുമെന്ന് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല യൂറോപ്യന്‍ എന്ന അസ്തിത്വം തീര്‍ത്തും ഇല്ലാതെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പില്‍ പറയുന്നു. തന്റെ അമേരിക്ക ഫസ്റ്റ് നയത്തിനനുസരിച്ച് രാജ്യത്തിന്റെ മുന്‍ഗണനകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന പുതിയ ദേശീയ സുരക്ഷാ നയം പ്രഖ്യാപിക്കുന്നതിനിടയിലാണ് അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളെ ഡൊണാള്‍ഡ് ട്രംപ് അതിനിശിതമായി വിമര്‍ശിച്ചത്. യൂറോപ്പിനകത്ത് പ്രതിരോധം സൃഷ്ടിക്കണമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. പാശ്ചാത്യ അസ്തിത്വം മണ്‍മറയാതെയിരിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അതില്‍ പറയുന്നു.

വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം മൂലം പാശ്ചാത്യ സംസ്‌കാരം ഒരു വന്‍ പ്രതിസന്ധിയെ നേരിടുകയാണെന്നും അതില്‍ പറയുന്നു. ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ചില നാറ്റോ അംഗരാജ്യങ്ങളില്‍ യൂറോപ്യനേതര വംശജര്‍ ഭൂരിപക്ഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുകയും, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന യൂറോപ്യന്‍ രീതികളെ അതില്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. കുടിയേറ്റത്തിനെതിരെ ഉയരുന്ന ചില വലതുപക്ഷ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളെയാണ് ഇത് ലക്ഷ്യം വച്ചിരിക്കുന്നത് എന്നത് ഉറപ്പാണ്.

അമേരിക്ക നിര്‍ണ്ണായക പങ്ക് വഹിക്കുന്ന നാറ്റോ സഖ്യം ഇനി വിപുലീകരിക്കില്ലെന്നും ട്രംപിന്റെ പുതിയ നയത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതോടെ റഷ്യന്‍ അധിനിവേശം ക്ഷണിച്ചു വരുത്തിയ യുക്രെയിന്റെ സ്വപ്നങ്ങള്‍ പാഴാവുകയാണ്. ഭൂരിഭാഗം യൂറോപ്പുകാരും സമാധാനം കാംക്ഷിക്കുന്നവരാണ്. എന്നാല്‍, ഇത് നയങ്ങളില്‍ പ്രതിഫലിക്കുന്നില്ല. ജനാധിപത്യ പ്രക്രിയകള്‍ക്ക് ഭരണകൂടങ്ങള്‍ പ്രാധാന്യം നല്‍കാത്തതാണ് ഇതിന് കാരണം. ആഗോള സമ്പദ്വ്യവസ്ഥിതിയില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതിനെ കുറിച്ചും നയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പട്ടാള സേവനം നിര്‍ബന്ധിതമാക്കന്‍ ഒരുങ്ങി ജര്‍മനി

റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തെ തുടര്‍ന്ന് ദേശീയ പ്രതിരോധം ഉറപ്പാക്കുന്നതിനായി യുവാക്കള്‍ക്കിടയില്‍ നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കുന്നതിനെ അനുകൂലിച്ച് ജര്‍മ്മന്‍ പാര്‍ലമെന്റ് ബുണ്ട്സ്റ്റാഗ് വോട്ട് ചെയ്തു. ജര്‍മനിയുടെ സൈനിക നയത്തില്‍ വലിയൊരു മാറ്റമാണ് ഇതോടെ വരുന്നത്. ജര്‍മന്‍ സൈന്യത്തെ യൂറോപ്പിലെ ഏറ്റവും ശക്തമായ പരമ്പരാഗത സൈന്യമാക്കി മാറ്റാനുള്ള ചാന്‍സലര്‍ ഫ്രെഡ്രിക് മെഴ്സിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.

പുതിയ നിയമമനുസരിച്ച് 18 വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ ജര്‍മ്മന്‍കാര്‍ക്കും 2026 ജനുവരി മുതല്‍ ഒരു ചോദ്യാവലി നല്‍കും. സായുധസേനകളില്‍ ചേരാന്‍ താത്പര്യമാണോ അല്ലയോ എന്ന് അറിയുന്നതിനായിട്ടാണ് ഇത്. ഈ ഫോം പൂരിപ്പിച്ച് നല്‍കണമെന്നത് പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായിരിക്കും. എന്നാല്‍, സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഫോം പൂരിപ്പിക്കുകയോ പൂരിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

എന്നാല്‍, ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ജര്‍മനിയിലെ 90 ഓളം നഗരങ്ങളില്‍ സമരം സംഘടിപ്പിക്കുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പല ജര്‍മ്മന്‍ യുവാക്കളും ഈ നിയമത്തെ എതിര്‍ക്കുകയോ അല്ലെങ്കില്‍ ഇതിനെ സംശയ ദൃഴ്ടിയോടെ വീക്ഷിക്കുകയോ ചെയ്യുന്നവരാണ്. ജീവിതത്തിലെ ചെറുതെങ്കിലും വിലപ്പെട്ട ഒരു സമയം ബാരക്കുകളില്‍ പരിശീലനം നടത്താനും അച്ചടക്കം പഠിക്കാനുമായി ചെലവഴിക്കാന്‍ തയ്യാറല്ല എന്നാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. യുദ്ധം തങ്ങളുടെ ഭാവിയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്നും തങ്ങളുടെ ജീവിതം നശിപ്പിക്കുകയേയുള്ളു എന്നും അവര്‍ പറയുന്നു.