- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ കളമൊരുങ്ങുന്നത് ബൈഡൻ-ട്രംപ് പോരാട്ടത്തിന് തന്നെ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി; സൗത്ത് കരോലിനയിലും വിജയം നേടി ട്രംപ്; ലൈംഗിക വിവാദ കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവില്ല
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇക്കുറിയിം ബൈഡൻ-ട്രംപ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിന് എതിരാളികൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരുപടികൂടി അടുത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിനാ പ്രൈമറിയിലെ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി നിക്കി ഹേലിക്കെതിരേ ട്രംപ് നിർണായക വിജയം സ്വന്തമാക്കി.
ഇതുവരെ നാല് സംസ്ഥാനങ്ങളിൽ ട്രംപിനോട് തോറ്റെങ്കിലും തന്റെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് നിക്കി ഹേലി വ്യക്തമാക്കി. പിൻവാങ്ങാൻ കൂട്ടാക്കാതെ ഹേലി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ട്രംപ് തന്നെ വിജയിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വോട്ടിങ് പ്രക്രിയ അവസാനിക്കാൻ ഇനിയും നിരവധി സംസ്ഥാനങ്ങൾ ബാക്കിയുണ്ട്. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നു. ഭൂരിപക്ഷം വരുന്ന അമേരിക്കൻ ജനത പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനേയും ബൈഡനേയും അംഗീകരിക്കാത്തപക്ഷം താൻ ഈ പോരാട്ടത്തിൽനിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, ട്രംപിനെതിരേ അതിരൂക്ഷവിമർശനവുമായി നിക്കി ഹേലി രംഗത്തെത്തിയിരുന്നു. ട്രംപിന് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ യോഗ്യമായ മാനസികനിലയില്ലെന്ന് അവർ ആരോപിച്ചു. അതേസമയം, വിജയിച്ചതിന് ശേഷമുള്ള തന്റെ പ്രസംഗങ്ങളിൽ നിക്കിക്കെതിരേ ഒരു പരാമർശം പോലും ട്രംപ് നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ കുടുംബത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്രംപ് തന്റെ വാക്കുകൾ ചുരുക്കി.
ഇന്ത്യൻ വംശജയും സൗത്ത് കരോലിനയിലെ മുൻ ഗവർണറുമായ നിക്കി ഹേലി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന ഏക വനിതയാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനോടകം തന്നെ അയോവ, ന്യൂ ഹാംഷെയർ, നെവാഡ, യുഎസ് വിർജിൻ ഐലൻഡ്സ് തുടങ്ങിയവിടങ്ങളിലെ പ്രൈമറികളിലെല്ലാം ട്രംപ് കൂറ്റൻ വിജയം ഉറപ്പാക്കിയിരുന്നു. അതേസമയം സ്വന്തം സംസ്ഥാനമായ കരോലിനയിലടക്കം പരാജയപ്പെട്ടത് ഹേലിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ഭൂരിപക്ഷം അമേരിക്കക്കാരും ട്രംപിനെയും ബൈഡനെയും അംഗീകരിക്കുന്നില്ലെന്നും ഹേലി പറയുന്നു. അടുത്ത 10 ദിവസത്തിനുള്ളിൽ 21 സംസ്ഥാനങ്ങളും പ്രതികരിക്കും. ഒരു സ്ഥാനാർത്ഥി മാത്രമുള്ള സോവിയറ്റ് ശൈലിയിലുള്ള തിരഞ്ഞെടുപ്പല്ല, യഥാർത്ഥ തിരഞ്ഞെടുപ്പിന് അവർക്ക് അവകാശമുണ്ട്. അവർക്ക് ആ തിരഞ്ഞെടുപ്പ് നൽകാനുള്ള കടമയും എനിക്കുണ്ടെന്നാണ് ഹേലി പറയുന്നത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബൈഡനെ തോൽപ്പിക്കാൻ ട്രംപിന് സാധിക്കില്ലെന്നും ഹേലി പറഞ്ഞു.
അതേസമയം സൗത്ത് കരോലിനയിലെ വിജയം 15 മിനിറ്റ് ആഘോഷിച്ച് വീണ്ടും ജോലിയിലേക്ക് മടങ്ങാമെന്നായിരുന്നു വിജയത്തിന് പിന്നാലെ ട്രംപിന്റെ പ്രതികരണം. അടുത്ത പ്രൈമറി തനിക്ക് നിർണായകമാണെന്നും ബൈഡനെ താൻ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു.16 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് 5 നെ വിധി ദിനം എന്നാണ് ട്രംപ് വിശേഷിപ്പിചത്. വിമതൻ എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
'കഠിനാധ്വാനികളായ അമേരിക്കക്കാർക്ക് നവംബർ 5 നമ്മുടെ പുതിയ വിമോചന ദിനമായിരിക്കും. പക്ഷേ, നമ്മുടെ സർക്കാരിനെ അധികാരത്തിലേറ്റിയ കള്ളന്മാർക്കും വഞ്ചകർക്കും അത് വിധി ദിനമായിരിക്കും. നമ്മൾ വിജയിക്കുമ്പോൾ, അവരുടെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴുകയും അമേരിക്കയ്ക്ക് ശോഭനമായ പുതിയ ഭാവിയിലേക്ക് സൂര്യനുദിക്കുകയും ചെയ്യും', ട്രംപ് പറഞ്ഞു.
അതേസമയം കനത്ത തിരിച്ചടികൾക്കിടയിലും ട്രംപ് പ്രൈമറിയിൽ നേടുന്ന വിജയങ്ങൾ റിപബ്ലിക്കന്മാർക്കിടയിൽ ട്രംപിന് വലിയ സ്വാധീനമുണ്ടെന്ന സൂചനയാണ് നൽകുന്നത്. പ്രൈമറി കഴിഞ്ഞിട്ടില്ലെങ്കിലും കരോലിനയിലെ വിജയത്തോട് കൂടി ജോ ബൈഡൻ-ഡൊണാൾഡ് ട്രംപ് പോരാട്ടത്തിന് തന്നെയായിരിക്കും അമേരിക്ക വേദിയാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായ സർവ്വേകളിൽ പലതിലും ബൈഡനെക്കാൾ ട്രംപിനാണ് പിന്തുണയെന്നതും ശ്രദ്ധേയമാണ്. ലൈംഗിക നടിയുമായി ബന്ധപ്പെട് കേസിൽ ട്രംപ് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ ജനപിന്തുണയിൽ ഇടിവില്ലെന്നതാണ് ശ്രദ്ദേയം.
മറുനാടന് ഡെസ്ക്