- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്വാതന്ത്ര്യത്തിൽ ഇന്ത്യയെ വിമർശിച്ചു അമേരിക്ക
വാഷിങ്ടൺ: ഇന്ത്യയിൽ മത പരിവർത്തന വിരുദ്ധ നിയമങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നതും കൂടുന്നു എന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലാണ് ഇപ്പോൾ അമേരിക്കയുടെ അടുത്ത സുഹൃത്തായ ഇന്ത്യയെ കുറിച്ചുള്ള ഈ അപൂർവ്വ വിമർശനം ഉള്ളത്. ഒപ്പം ലോകമാകമാനം യഹൂദർക്കും മുസ്ലീങ്ങൾക്കും എതിരെ ഉയരുന്ന വിരുദ്ധ വികാരത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അമേരിക്കയിലും യഹൂദവിരുദ്ധ വികാരവും ഇസ്ലാമാഫോബിയയും വർദ്ധിച്ചു വരികയാണെന്നും അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിൻകൻ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ഗസ്സ പ്രശ്നങ്ങളോടെ ഇവയുടെ തീവ്രത വർദ്ധിച്ചു. അതേസമയം, ഇന്ത്യയിൽ കൂടുതൽ ശക്തമായ മതപരിവർത്തന നിയമങ്ങൾ ഉണ്ടാവുകയും വിദ്വേഷം പരത്തുന്ന സംസാരങ്ങൾ വർദ്ധിച്ചു വരികയും ചെയ്യുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകർക്കുന്നതും പതിവായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ചൈനയുടെ സ്വാധീനം ഭൗമരാഷ്ട്രീയത്തിൽ കുറച്ചുകൊണ്ടു വരുന്നതിൽ തങ്ങളുടെ പ്രധാന പങ്കാളിയായിട്ടാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. അതുകൊണ്ടു തന്നെ ഒരു റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പോലും, മത സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റു ചില രാജ്യങ്ങൾക്ക് നേരെ എടുത്തതു പോലെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക പോലുള്ള നടപടികൾ ഒന്നും തന്നെ ഇന്ത്യക്കെതിരെ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.
ഈ പട്ടികയിൽ ഉൾപ്പെടുന്ന പാക്കിസ്ഥാനെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. അസഹിഷ്ണുതയുടെ വിത്തുകൾ മുളക്കാൻ സഹായിക്കുന്നതാണ് പാക്കിസ്ഥാനിലെ ദൈവനിന്ദ നിയമം എന്ന് പരാമർശിച്ച റിപ്പോർട്ടിൽ അത് ആൾക്കൂട്ടാക്രമണത്തിന് കാരണമാകുന്നു എന്നും പറയുന്നുണ്ട്. അതോടൊപ്പം അമേരിക്കയിൽ യഹൂദർക്കും മുസ്ലീങ്ങൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ ഹംഗറിയെ ഒറ്റപ്പെടുത്തിക്കൊണ്ട് യഹൂദ വിരുദ്ധരേയും ഇസ്ലാമിക വിരുദ്ധരേയും പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം മറ്റ് ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ മതചിഹ്നങ്ങളായ വസ്ത്രങ്ങൾ നിരോധിച്ചു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.എന്നാൽ, ഈ രാജ്യങ്ങളുടെ പേരുകൾ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടില്ല.