- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ബന്ധത്തിൽ ടിക്ക് ടോക്കിന് യുഎസിനും അടിതെറ്റുന്നു
വാഷിങ്ടൺ: ചൈനീസ് ബന്ധത്തിൽ ടിക്ക് ടോക്കിന് അമേരിക്കയിലും അടിതെറ്റുന്നു. ഇന്ത്യയെ മാതൃകയാക്കി ടിക്ക് ടോക്കിനെ അമേരിക്കയിലും നിരോധിക്കാൻ നീക്കം സജീവമായി. യുഎസ് ജനപ്രതിനിധികൾ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ നിയമം പാസായാൽ ടിക് ടോക്ക് യുഎസിൽ നിരോധിക്കപ്പെടുകയോ അല്ലെങ്കിൽ ടിക് ടോക്ക് തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാൻ നിർബന്ധിതരാവുകയൊ ചെയ്തേക്കും എന്നാണ് ലഭിക്കുന്ന വിവരം.
ടിക് ടോക്ക് ആപ്പിന്റെ ഉടമസ്ഥർ ചൈനീസ് കമ്പനിയായത് ഒരു രാജ്യ സുരക്ഷാ പ്രശ്‌നമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസിലെ ഒരു വിഭാഗം ജനപ്രതിനിധികൾ ടിക് ടോക്കിന്റെ നിരോധനം ആവശ്യപ്പെട്ട് രംഗത്തുണ്ട്. കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള സെനറ്റ് നീക്കം കോൺഗ്രസ് തള്ളിയിരുന്നു.
2022 ലാണ് ടിക് ടോക്ക് ഉൾപ്പടെ 58 ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഭരണകൂടം നിരോധിച്ചത്. ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ ബില്ലിന് ഇരു കക്ഷികളിൽ നിന്നുള്ള പിന്തുണയുണ്ട്. ഇത് ടിക് ടോക്കിന്റെ നില പരുങ്ങലിലാക്കുന്നു. വ്യാഴാഴ്ച ബിൽ ആദ്യ വോട്ടിങ്ങിനിടുമെന്നാണ് വിവരം. ബിൽ പാസായാതിന് ശേഷം ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയിൽ നിന്ന് വേർപെടുത്തിയില്ലെങ്കിൽ, ടിക് ടോക്ക് വിതരണം ചെയ്യുന്ന ആപ്പ് സ്റ്റോറുകൾക്കും വെബ് ഹോസ്റ്റിങ് സേവനങ്ങൾക്കും എതിരെ നടപടിയുണ്ടാവും. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് 5000 ഡോളർ നിരക്കിൽ പിഴ ഈടാക്കുമെന്നാണ് വിവരം.
'എനിക്ക് ടിക് ടോക്കിന് നൽകാനുള്ള സന്ദേശം ഇതാണ്, ഒന്നുകിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വേർപെടുത്തുക. അല്ലെങ്കിൽ അമേരിക്കൻ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുക. അമേരിക്കയുടെ മുൻനിര എതിരാളികൾ യുഎസിലെ ഒരു പ്രബല മാധ്യമ പ്ലാറ്റ്ഫോം നിയന്ത്രിക്കേണ്ട കാര്യമില്ല', റിപ്പബ്ലിക്കൻ പ്രതിനിധിയായ മൈക്ക് ഗാലഗർ പറഞ്ഞു. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ ഉള്ളകാലത്തോളം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാൻ ടിക് ടോക്ക് നിർബന്ധിതമാവും. അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡെമോക്രാറ്റ് നേതാവായ രാജ കൃഷ്ണമൂർത്തി പറഞ്ഞു.
എന്നാൽ 17 കോടി അമേരിക്കൻ ജനതയുടെയും തങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങളുടേയും അവകാശ ലംഘനമാണെന്ന് ഈ നീക്കമെന്ന് ടിക് ടോക്ക് പറയുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. യുഎസിലെ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ടിക് ടോക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റും ഉപയോഗിക്കാനുള്ള മികച്ചൊരു പ്ലാറ്റ്ഫോമായിരുന്നു. വൻ ജനപ്രീതിയിൽ നിൽക്കുമ്പോഴാണ് ഇന്ത്യ ടിക് ടോക്കിന് നിരോധനം ഏർപെടുത്തിയത്. ടിക് ടോക്കിന് സമാനമായ വിവിധ ഇന്ത്യൻ ആപ്പുകൾ രംഗത്തുവന്നെങ്കിലും ടിക് ടോക്ക് സൃഷ്ടിച്ച ശൂന്യത വലിയ രീതിയിൽ മുതലെടുക്കാനായത് മെറ്റയുടെ ഇൻസ്റ്റാഗ്രാമിനാണ്.