ലണ്ടൻ: കുടിയേറ്റം നിയന്ത്രിക്കുക എന്നത് തങ്ങൾ വളരെ ഗൗരവത്തോടെ കാണുന്ന ഒന്നാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. കൂടുതൽ കർശന നിയമങ്ങളുമായി ചാനൽ വഴിയുള്ള കുടിയേറ്റം നിയന്ത്രിക്കാനും, സ്റ്റുഡന്റ് വിസയിൽ ഉൾപ്പടെ ചട്ടങ്ങൾ കർശനമാക്കിയും കുടിയേറ്റം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ അഞ്ച് കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിയന്ത്രണങ്ങൾ ്യൂഏർപ്പെടുത്തിയിരിക്കുന്നു. നിലവിലെ കുടിയേറ്റ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചാണ് ഡൊമിനിക്ക, ഹോണ്ടുറാസ്, നമിബിയ, ടിമോർ-ലെസ്റ്റെ, വനൗതു എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പൂർണ്ണമായും, കുടിയേറ്റവുമായും അതിർത്തി സുരക്ഷ സംബന്ധിച്ച കാരണങ്ങളാലുമാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറഞ്ഞു. ഇത് ഈ രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം ദുർബലമാകുന്നു എന്നതിന്റെ സൂചനയായി കണക്കാക്കേണ്ടതില്ല എന്നും അവർ കൂട്ടിച്ചേർത്തു. ഡൊമിനിക്കയ്ക്കും വ്നൗടുവിനും ഉള്ള, നിക്ഷേപം വഴി പൗരത്വം എന്ന സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതായി അവർ ഇന്നലെ പാർലമെന്റിൽ പ്രസ്താവിച്ചു.

ഈ രണ്ട് കോമൺവെൽത്ത് രാജ്യങ്ങളും യു കെ യ്ക്ക് ഭീഷണിയാകുന്ന ചില വ്യക്തികൾക്ക് പൗരത്വം നൽകിയതായും സുവെല്ല ആരോപിച്ചു. അതുപോലെ നമിബിയയിൽ നിന്നും ഹോണ്ടുറാസിൽ നിന്നും ഉള്ളവർക്ക് നിശ്ചിത കാലത്തേക്ക് വിസ ഇല്ലാതെ യു കെസന്ദർശിക്കാം എന്ന സൗകര്യം ഉപയോഗിച്ച് യു കെയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും സുവെല്ല പറഞ്ഞു. ഇങ്ങനെയെത്തുന്നവർ പിന്നീട് അഭയത്തിനായി അഭ്യർത്ഥിച്ച് അഭയാർത്ഥി പദവി നേടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ഇത്തരത്തിൽ, നോൺ-വിസ രജ്യങ്ങളിൽ നിന്നും അഭയം അപേക്ഷിക്കുന്നവരിൽ ഹോണ്ടുറാസും നമീബിയയുമാണ് മുൻപിൽ നിൽക്കുഃന്നതെന്നും സുവെല്ല പറയുന്നു. ഇത് രാജ്യത്തിന്റെ സുസ്ഥിരതക്ക് വെല്ലുവിളി ഉയർത്തുകയാണ്. അതുപോലെ ടിമോർ-ലെസ്റ്റെയിൽ നിന്നും ബ്രിട്ടനിൽ എത്തുന്ന വ്യാജന്മാരുടെ എണ്ണം പെരുകുന്നതായും സുവെല്ല പറഞ്ഞു. ആശ്രിതർ ആയി ഇ യു സെറ്റിൽമെന്റ് സ്റ്റാറ്റസ് നേടിയെടുക്കുകയോ അതല്ലെങ്കിൽ യു കെയിൽ അനധികൃതമായി ജോലി ചെയ്യുകയോ ആണ് അവരുടെ ലക്ഷ്യം.

വിസ ഇല്ലാതെ ബ്രിട്ടൻ സന്ദർശിക്കാനുള്ള സൗകര്യം ഉപയോഗിച്ച് ഇതിനോടകം തന്നെ ബ്രിട്ടനിലേക്ക് യാത്രക്ക് ബുക്ക് ചെയ്തിരിക്കുന്നവർക്കായി നാലാഴ്‌ച്ച ത്തെ ഇളവ് പുതിയ മാറ്റങ്ങളിൽ ബ്രേവർമാൻ പ്രഖ്യാപിച്ചിട്ടുണ്ട്.