- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീര്‍ സ്റ്റാര്‍മറും ട്രംപും തമ്മിലുള്ള ശീതയുദ്ധം തുടരുമ്പോള്‍ ആശങ്കയില്‍ ബ്രിട്ടനും; പെട്രോള്‍ വില കുത്തനെ ഉയര്‍ന്നേക്കും; വാഹന ഉപയോഗം പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശം; ഇറാഖും കുവൈറ്റും ക്രൂഡോയില്‍ ഉത്പാദനം കുറച്ചതും തിരിച്ചടി; യുദ്ധത്തിന്റെ പ്രതിസന്ധി യൂറോപ്പിലേക്കും
കീര്‍ സ്റ്റാര്‍മറും ട്രംപും തമ്മിലുള്ള ശീതയുദ്ധം തുടരുമ്പോള്‍ ആശങ്കയില്‍ ബ്രിട്ടനും

ലണ്ടന്‍: ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ടിന്റെ നടപടിയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് - അമേരിക്കന്‍ ബന്ധത്തില്‍ സംഭവിച്ച ഉലച്ചലിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ ദിവസം ട്രംപുമായി ടെലെഫോണില്‍ സംസാരിച്ച സ്റ്റാര്‍മര്‍ പറഞ്ഞത് ട്രംപിന്റെത് തണുപ്പന്‍ പ്രതികരണമായിരുന്നു എന്നാണ്. ഒരാഴ്ച്ചയിലധികം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്. അതിനിടയില്‍, സമൂഹമാധ്യമങ്ങളിലൂടെ സ്റ്റാര്‍മറെ കളിയാക്കുന്ന പ്രസ്താവനകള്‍ ട്രംപ് നടത്തിയിരുന്നു. തനിക്ക് ബ്രിട്ടീഷ് താത്പര്യങ്ങള്‍ നോക്കിയെ തീരൂ എന്നാണ് സ്റ്റാര്‍മര്‍ പറഞ്ഞത്.
അതിനിടയില്‍, മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാഹന ഉപയോഗം പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശം ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. ഈ മേഖലയിലെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉത്പാദകരായ സൗദി അറേബ്യ അവരുടെ രണ്ട് എണ്ണപ്പാടങ്ങളിലെ ഉത്പാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതിനിടയിലാണ് പെട്രോള്‍ വില ഇതാദ്യമായി ലിറ്ററിന് 2 പൗണ്ട് കടന്നെക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പും വന്നിരിക്കുന്നത്. കൂടുതല്‍ കടുത്ത പ്രതിസന്ധി ഒഴിവാക്കുവാന്‍, അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് എ എ യും ആര്‍ എ സിയും വാഹന ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ലേതിന് സമാനമായ മറ്റൊരു കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്ക മാറ്റാന്‍ കീര്‍ സ്റ്റാര്‍മര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് റഷ്യ യുക്രെയിനില്‍ അധിനിവേശം നടത്തിയ കാലത്തുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ സാമ്പത്തിക സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്നാല്‍ യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ബ്രിട്ടീഷ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും എന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. അതിനിടയില്‍, ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ എണ്ണക്കപ്പലുകളെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും എന്നുറപ്പാണ്. എണ്ണയും ദ്രവീകൃത പ്രകൃതിവാതകവുമായി നൂറു കണക്കിന് കപ്പലുകളാണ് കടലിടുക്കിന്റെ ഇരുഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.
അതിനിടയില്‍ ഇറാഖും കുവൈറ്റും ക്രൂഡോയില്‍ ഉത്പാദനം കുറച്ചു. യു എ ഇയും സൗദി അറേബ്യയും അധികം താമസിയാത് ഇത് പിന്തുടരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ എണ്ണവില ഇനിയും കുതിച്ചുയര്‍ന്നേക്കും. യുദ്ധ പ്രതിസന്ധി ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് 1.6 പോയിന്റു മുതല്‍ 2.1 പൊയിന്റ് ഇടിവാണ് വിവിധ വിപണികളില്‍ ദൃശ്യമായത്. ബ്രിട്ടനിലെ കരുതല്‍ പ്രകൃതിവാതക ശേഖരം തീരെ കുറവാണെന്ന വാര്‍ത്തയും ആശങ്കയുയര്‍ത്തുന്നുണ്ട്.
അതിനിടയില്‍, ഇറാനിലെ പ്രതിസന്ധി പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സും രംഗത്തെത്തി. മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രത്യാഘാതത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര എണ്ണ കരുതലില്‍ നിന്നും കൂടുതല്‍ എണ്ണ വിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള ഏകോപിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അവര്‍ ജനപ്രതിനിധി സഭയില്‍ അറിയിച്ചു. അതേസമയം, ആഗോള തലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ബ്രിട്ടനെയും ബാധിച്ചേക്കാം എന്നും അവര്‍ പറഞ്ഞു.
നിലവിലുള്ള സംഘര്‍ഷം തുടര്‍ന്നാല്‍ അത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ചാന്‍സലര്‍ എം പിമാരെ അറിയിച്ചു. പണപ്പെരുപ്പ നിരക്ക് ഇനിയും വര്‍ദ്ധിച്ചാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ ഇളവു വരുത്തുന്നതിനുള്ള സാധ്യത ഇല്ലാതെയാകും. അതോടെ വായ്പയെടുത്ത് വീട് സ്വന്തമാക്കിയവരില്‍ പലര്‍ക്കും കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുക. ഏതായാലും, ഇന്ധനം പരമാവധി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചാന്‍സലര്‍ ജനപ്രതിനിധി സഭയില്‍ പറഞ്ഞു.


