ലണ്ടൻ: പാർലമെന്റിലെ രേഖകൾ വ്യക്തമാക്കുന്നത് കഴിഞ്ഞ മാസം ആഗോളാടിസ്ഥാനത്തിൽ നടന്ന വിവിധ പ്രസംഗ പരിപാടികളിൽ നിന്നായി ബോറിസ് ജോൺസൻ7.5 ലക്ഷം പൗണ്ട് വരുമാനം നേടി എന്നാണ്. മൂന്ന് പരിപാടികളിൽ നിന്നായി ബോറിസ് ജോൺസൺ വെളിപ്പെടുത്തിയിരിക്കുന്നത് 7,54,652 പൗണ്ട് ലഭിച്ചു എന്നാണ്. ഇതിനായി മൊത്തം 25 മണിക്കൂർ 45 മിനിറ്റാണ് ബോറിസ് ജോൺസൺ പ്രസംഗിച്ചത്. അതായത്, മണിക്കൂറിൽ 30,000 പൗണ്ടിലധികം വരുമാനം.

ഒരു എം പി ആയിരിക്കുന്നിടത്തോളം കാലം ഇത്തരത്തിലുള്ള വരുമാനം സ്രോതസ്സ് സഹിതം വെളിപ്പെടുത്താൻ ബോറിസ് ജോൺസന് ബാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് പാർലമെന്ററി റെജിസ്റ്റർ ഓഫ് ഇന്ററസ്റ്റ്സ് എന്ന ഈ റെജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തിയത്. അതിനു പുറമെ, തനിക്കും തന്റെ ജീവനക്കാരിൽ രണ്ടു പേർക്കും യാത്രാ ചെലവ്, ഭക്ഷണം, താമസം എന്നിവ പരിപാടികളുടെ സംഘാടകർ നൽകിയതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കൻ നിക്ഷേപ ബാങ്കായ സെന്റർവ്യ്ല്ല് പാർട്നഴ്സ് എൽ എൽ പിയുടെ ഒരു പരിപാടിയിൽ നവംബർ 9 ന് പങ്കെടുത്ത ബോറിസ് ജോൺസന് ലഭിച്ചത് 2,77,723.89 പൗണ്ട് ആയിരുന്നു. പിന്നീട്, ഇന്ത്യൻ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന്റെപരിപാടിയിൽ പങ്കെടുത്തതിന് നവംബർ 17 ന് അദ്ദേഹത്തിന് 2,61,652.34 പൗണ്ട് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പരിപാടികളും ഹാരി വാക്കർ ഏജൻസി മുഖേനയായിരുന്നു സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പീക്കേഴ്സ് ബ്യുറോ എന്ന് അവകാശപ്പെടുന്ന ഹാരി വാക്കർ ഏജൻസി തന്നെയാണ് ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ, ബാരക്ക് ഒബാമ, മിഷേൽ ഒബാമ എന്നിവരെയും പ്രസംഗ പരിപാടികൾക്കായി സംഘടിപ്പിക്കുന്നത്.

നവംബർ 23 ന് ലിസ്‌ബണിൽ, ടി വി ന്യുസ് നെറ്റ്‌വർക്കായ സി എൻ എൻ സംഘടിപ്പിച്ച ഒരു ഉച്ചകോടിയിൽ പ്രസംഗിച്ചതിന് 2,15,275.98 പൗണ്ടും അദ്ദേഹത്തിനു ലഭിച്ചതായി രേഖകളിൽ പറയുന്നു. അതിനു മുൻപായി ഒക്ടോബറിൽ അമേരിക്കയിലെ ഇൻഷുറൻസ് മേഖലയിലെ ഉച്ചകോടിയിൽ പങ്കെടുത്തതിന് 2,75,000 പൗണ്ട് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു അതായത്, പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനു ശേഷം പ്രസംഗത്തിലൂടെ മാത്രം ബോറിസ് ജോൺസൺ 10 ലക്ഷം പൗണ്ട് സമ്പാദിച്ചിരിക്കുന്നു.

ആ സമയത്ത്, ബോറിസ് ജോൺസൺ കുടുംബത്തിന്റെ സുഹൃത്തുക്കളായ ലോർഡ് ബാംഫോർഡ് വാടകയില്ലാതെ നൽകിയ വീട്ടിലായിരുന്നു അവരുടെ താമസം. 3500 പൗണ്ട് വരെ വാടക വരാവുന്ന ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും ബോറിസ് കുടുംബം താമസിക്കുന്നത് എന്നും റെജിസ്റ്റർ ഓഫ് ഇന്ററസ്റ്റ്സ് വെളിപ്പെടുത്തുന്നു. ദീർഘകാലമായി ബോറിസിന്റെ സുഹൃത്തായ ലോർഡ് ബാംഫോർഡ്സ് ആണ് കഴിഞ്ഞ വേനലിൽ ബോറിസ് ജോൺസന്റെ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.