ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ അവർക്ക് നിലനിർത്താനായത് ഒന്ന് മാത്രം. ബോറിസ് ജോൺസൺ രാജിവെച്ച ഒഴിവിൽ തെരഞ്ഞെടുപ്പ് നടന്ന അക്സ്ബ്രിഡ്ജ് ആൻഡ് സൗത്ത് റിസ്ലിപ് മണ്ടലത്തിൽ ഭരണകക്ഷി രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. 500 ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രമാണ് ഉപതെരഞ്ഞെടുപ്പിൽ പൂർണ്ണമായും മണ്ണടിയാതെ കൺസർവേറ്റീവ് പാർട്ടി പിടിച്ചു നിന്നത്.

എന്നാൽ, മറ്റു രണ്ട് മണ്ഡലങ്ങളിൽ എതിരാളികൾ ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ ജയിച്ചത് പ്രധാനമന്ത്രി ഋഷി സുനകിന് വൻ തിരിച്ചടിയായിരിക്കുകയാണ്. സോമർടോൺ ആൻഡ് ഫ്രോം മണ്ഡലത്തിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജയിച്ചത് 19,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതുപോലെ, തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ സെൽബി ആൻഡ് എയ്ൻസ്റ്റിയിൽ ലേബർ പാർട്ടി 4000 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു.

സെൽബി ആൻഡ് ഐൻസ്റ്റിയിലേത് ഒരു ചരിത്ര വിജയം എന്നാണ് ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ വിശേഷിപ്പിച്ചത്. അതേസമയം ബോറിസ് ജോൺസന് പകരം മണ്ഡലത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ് സ്ഥാനാർത്ഥി സ്റ്റീവ് ടക്ക്വെൽ, ലണ്ടൻ മേയറുടെ പരിഷ്‌കാരങ്ങൾ വലിയൊരു പരിധി വരെ തന്റെ വിജയത്തിന് കാരണമായി എന്ന് സമ്മതിച്ചു. നിലവിൽ സെൻട്രൽ ലണ്ടനിൽ മാത്രമുള്ള അൾട്രാ ലോ എമിഷൻ സോൺ ഏതാണ്ട് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള മേജർ സാദിഖ് ഖാന്റെ തീരുമാനം വാഹനമുടമകളിൽ നിന്നും ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

വോട്ടെണ്ണൽ നടന്ന സൗത്ത് റിസിൽപിലെ ക്യുൻസ്മീഡ് സ്പൊർട്സ് സെന്ററിൽ വെച്ച് ടക്ക്വെൽ പറഞ്ഞത് സാദിഖ് ഖാൻ ലേബർപാർട്ടിയെ തോൽപിച്ചു എന്നായിരുന്നു. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും അക്സ്ബ്രിഡ്ജിലെ ടോറികളുടെ വിജയം, 55 വർഷങ്ങൾക്കിടയിൽ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന പ്രധാനമന്ത്രി എന്ന ദുഷ്പേര് കേൾക്കാതെ ഋഷി സുനകിനെ രക്ഷിച്ചു. ഇതിന് മുൻപ് 1968 ൽ ലേബർ പാർട്ടിയിലെ ഹാരോൾഡ് വിൽസൺ പ്രധാനമന്ത്രിയായിരിക്കുമ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിലും ഭരണകക്ഷി പരാജയപ്പെട്ടിരുന്നു.

എന്നാൽ, സോമർടോണിലേയും സെൽബിയിലേയും പരാജയം തീർച്ചയായും ഭരണകക്ഷിക്ക് ഒരു തിരിച്ചടി തന്നെയാണ്. സർ കീർ സ്റ്റാർമറെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് എത്തിക്കാൻ ഇത് വഴി തുറന്നിരിക്കുകയാണെന്ന് അവർ മനസ്സിലാക്കുന്നു. ഋഷി സുനകിന്റെ മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള മണ്ഡലമാണ് സെൽബി ആൻഡ് ഐൻസ്റ്റി എന്നതും ഈ പരാജയത്തിന്റെ ആക്കം വർദ്ധിപ്പിക്കുന്നു. 2019-ലെ പൊതു തെരഞ്ഞെടുപ്പിൽ ടോറികൾ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് ഇപ്പോൾ ലേബർ പാർട്ടി 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തിരിക്കുന്നത്.

സെൽബിയിലെ വിജയം കുറച്ചൊന്നുമല്ല ലേബർ പാർട്ടിക്ക് പകരുന്ന ആത്മവിശ്വാസം. 1997-ൽ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ വരുന്ന തെരഞ്ഞെടുപ്പിൽ നേടാനാകും എന്ന പ്രതീക്ഷ ലേബർ ക്യാമ്പിൽ ശക്തമാവുകയാണ്. അതേസമയം, ലണ്ടൻ മേയറുടെ അൾട്രാ ലോ എമിഷൻ സോൺ നയം അക്സ്ബ്രിഡ്ജിൽ പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിയതായും ഒരു ലേബർ നേതാവ് സമ്മതിച്ചു.

ലിബറൽ ഡെമോക്രാറ്റുകളും ക്രമാനുഗതമായി ശക്തി കൈവരിക്കുന്ന കാഴ്‌ച്ചയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. 2019 ന് ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പിൽ പാർട്ടി നേടുന്ന നാലാമത്തെ വിജയമാണ് സോമെർടോൺ ആൻഡ് ഫ്രോമിലേത്. ടോറികളുടെ ഒരു ശക്തി കേന്ദ്രമായിരുന്നു ഈ മണ്ഡലം എന്നത് പരിഗണിക്കുമ്പോൾ, ഇവിടെ ലിബറൽ ഡെമോക്രാറ്റുകൾ നേടിയ വൻ ഭൂരിപക്ഷം പാർട്ടി കൈവരിച്ച ശക്തിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.