ലണ്ടൻ: ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നേതാക്കളുടെ ഭാര്യമാരും ഇറങ്ങിയിരിക്കുകയാണ്, എലി ആൻഡ് ഈസ്റ്റ് കേംബ്രിഡ്ജ്ഷയർ നിയോജകമണ്ഡലത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലൂസി ഫ്രേസർക്ക് വേണ്ടി വോട്ട് പിടിക്കാനാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നി അക്ഷത മൂർത്തി, ചാൻസലർ ജെറെമി ഹണ്ടിന്റെ പത്‌നി ലൂസിയ ഹണ്ട്, ഹോം സെക്രട്ടറി ജെയിംസ് ക്ലവർലിയുടെ പത്‌നി സൂസി ക്ലെവർലി എന്നിവർ രംഗത്ത് ഇറങ്ങിയത്. ഫോർഡാമിലെ നിരത്തുകളിലൂടെ നടന്ന് ഇവർ ഓരോരോ വീടുകളിലും കയറിയിറങ്ങി താമസക്കാരുമായി നേരിട്ട് സംവേദിച്ചു. ഒപ്പം ടോറി പാർട്ടിയുടെ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

പ്രദേശവാസികളുമായി തമാശകൾ പറഞ്ഞും, അവർക്കൊപ്പം സെൽഫികൾക്ക് പോസ് ചെയ്തുമായിരുന്നു മന്ത്രി പത്‌നിമാരുടെ വോട്ടുപിടുത്തം. കൺസർവേറ്റീവ് പാർട്ടി പ്രവർത്തകർക്കൊപ്പവും സമയം ചെലവഴിക്കാൻ അവർ മറന്നില്ല. സാധാരണ നിലയിൽ ജീൻസ് ധരിച്ചായിരുന്നു മന്ത്രിപത്‌നിമാരുടെ സംഘം പ്രചാരണത്തിനിറങ്ങിയത്. തങ്ങളുടെ ഭർത്താക്കന്മാരുടെ പാർട്ടിക്ക് വോട്ട് ഉറപ്പാക്കുന്നതിനായി അവർ ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു.

ഔദ്യോഗിക ചടങ്ങുകളിൽ വിരളമായി മാത്രമെ സൂസി ക്ലെവർലിയും ലൂസിയ ഹണ്ടും തങ്ങളുടെ ഭർത്താക്കന്മാർക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ളു. എന്നാൽ, അക്ഷത, ഒട്ടുമിക്ക സർക്കാർ പരിപാടികളിലും ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. തെളിഞ്ഞ കാലാവസ്ഥയിൽ തികഞ്ഞ ഉന്മേഷത്തോടെയായിരുന്നു അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ, എങ്ങനെയും ഭരണത്തിൽ തിരിച്ചു വരാൻ ടോറികൾ ഏറെ ക്ലേശിക്കുന്നു എന്നതിന്റെ സൂചനയായിട്ടാണ് ചില രാഷ്ട്രീയ നിരീക്ഷകർ മന്ത്രിപത്‌നിമാരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കാണുന്നത്.

ഏറ്റവും ഒടുവിൽ ഇപ്സോസ് നടത്തിയ അഭിപ്രായ സർവ്വേഫലത്തിൽ പറയുന്നത് ലേബർ പാർട്ടി 453 സീറ്റുകൾ നേടുമെന്നും കൺസർവേറ്റീവുകൾ 115 സീറ്റിൽ ഒതുക്കപ്പെടും എന്നുമാണ്. ഇത് സംഭവിച്ചാൽ, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയായിരിക്കും കൺസർവേറ്റീവുകൾ നേരിടുക. ലിബറൽ ഡെമോക്രാറ്റുകൾക്ക് 38 സീറ്റുകളും, സ്‌കോട്ടിഷ് നാഷണലിസ്റ്റ് പർട്ടിക്ക് 15 സീറ്റുകളും, ഗ്രീൻ പാർട്ടിക്കും, റിഫോം യു. കെയ്ക്കും മൂന്ന് സീറ്റുകൾ വീതവും നേടാനാവുമെന്നും സർവ്വേഫലം പറയുന്നു.