ലണ്ടൻ: വടക്കൻ ഫ്രാൻസിലെ കലായ്‌സിൽ ആയിരക്കണക്കിന് അനധികൃത അഭയാർത്ഥികൾ, ബ്രിട്ടനിൽ ലേബർ സർക്കാർ അധികാരത്തിൽ വരുന്നതും കാത്തിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആരോപിച്ചു. ചാനൽ വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുവാൻ സ്റ്റാർമറിന്റെ പക്കൽ കാര്യക്ഷമമായ പദ്ധതികൾ ഇല്ലെന്നും ഋഷി ആരോപിച്ചു. അധികാരത്തിലെത്തിയ ഉടനെ റുവാണ്ടൻ പദ്ധതി പിൻവലിക്കുമെന്ന കീർ സ്റ്റാർമറുടെ പ്രസ്താവനയാണ് ഇപ്പോൾ അനധികൃത അഭയാർത്ഥികൾക്ക് ആവേശം നൽകുന്നത്.

യു കെ ഹോം ഓഫീസിന്റെ കണക്കുകൾ അനുസരിച്ച്, ഈ വർഷം ആദ്യ ആറു മാസങ്ങളിൽ 12,901 പേരാണ് ചാനൽ വഴി അനധികൃതമായി ബ്രിട്ടനിലെത്തിയിരിക്കുന്നത്. 2022-ൽ ഇതേ കാലയളവിൽ 12,747 പേർ വന്നതിന്റെ റെക്കോർഡ് ഇതോടെ തകർന്നിരിക്കുകയാണ്. കഴിഞ്ഞ ആറര വർഷക്കാലത്തിനിടയിൽ ചാനൽവഴി 1,27,246 പേരാണ് അനധികൃതമായി യു കെയിൽ എത്തിയിരിക്കുന്നത്.

കൺസർവേറ്റീവ് പാർട്ടിയുടെ കുടിയേറ്റ നയങ്ങളെ ന്യായീകരിച്ച ഋഷി സുനക്, കീർ സ്റ്റാർമർ അധികാരത്തിലെത്തിയാൽ തങ്ങൾ തടവിലാക്കിയ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ സ്വതന്ത്രരാക്കി തെരുവുകളിലെക്ക് വിടുമെന്നും പറഞ്ഞു. കുടിയേറ്റം ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായതോടെ, അത് വിദഗ്ധമായി ഉപയോഗിക്കുകയാണ് ഋഷി സുനക് എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അനധികൃത അഭയാർത്ഥികൾ റുവാണ്ടയിലെക്ക് പറക്കുകയില്ല, പകരം അവർ നമ്മുടെ തെരുവുകളിലായിരിക്കും ഉണ്ടാവുക എന്ന് സൺ പത്രം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഡിബേറ്റിൽ പങ്കെടുത്തുകൊണ്ട് ഋഷി സുനക് പറഞ്ഞു. രാജ്യത്തിന്റെ പൊതു സേവനങ്ങൾക്ക് മേൽ അവർ കനത്ത സമ്മർദ്ദം ചെലുത്തും. അവർ ഇപ്പോൾ കലായ്‌സിൽ ലെബർ സർക്കാർ അധികാരമേൽക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്നും ഋഷി സുനക് പറഞ്ഞു.

അതേസമയം, കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തുടർന്നാൽ, തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന അഭയാർത്ഥിത്വ അപേക്ഷകൾ ഈ വർഷം അവസാനത്തോടെ ഇരട്ടിയാകും എന്നായിരുന്നു കീർ സ്റ്റാർമർ തിരിച്ചടിച്ചത്. നിലവിൽ 50,000 ഓളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്, ഋഷി സുനക് വീണ്ടും പ്രധാനമന്ത്രി ആയാൽ വർഷാവസാനത്തോടെ അത് 1 ലക്ഷമാകും എന്നായിരുന്നു കീർ സ്റ്റാർമർ പറഞ്ഞത്.