- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി ഋഷി സുനക് സ്വന്തം മണ്ഡലത്തിൽ പരാജയപ്പെടും
ലണ്ടൻ: തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, ഇതുവരെ പുറത്തുവന്ന സർവ്വെഫലങ്ങൾ എല്ലാം തന്നെ വിരൽ ചൂണ്ടുന്നത് ലേബർ പാർട്ടിയുടെവിജയത്തിലേക്കാണ്. എന്നാൽ, കൺസർവേറ്റീവ് പാർട്ടി കടപുഴകി വീഴുന്ന തരത്തിലുള്ള ഒരു ഫലമായിരിക്കും തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്നാണ് ഡെയ്ലി മെയിൽ നടത്തിയ ഏറ്റവും പുതിയ സർവ്വേ പ്രവചിക്കുന്നത്. 416 സീറ്റുകൾ വരെ ലേബർ പാർട്ടി നേടുമെന്ന് സർവ്വെ ഫലം പറയുന്നു. ഡെൽറ്റ പോൾ നടത്തിയ സർവ്വേയിൽ പറയുന്നത് 25 പോയിന്റ് ലീഡ് ലേബർ പാർട്ടി നേടുമ്പോൾ, കൺസർവേറ്റീവ് പാർട്ടി 39 സീറ്റുകളിലേക്ക് ഒതുങ്ങും എന്നാണ്.
എന്നാൽ, അതിലേറെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത, കഴിഞ്ഞ തവണ 27,000 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച യോർക്ക്ഷയർ സീറ്റിൽ ഇത്തവണ പ്രധാനമന്ത്രി ഋഷി സുനക് പരാജയപ്പെടും എന്നാണ് സർവ്വേ ഫലം പറയുന്നത് എന്നതാണ്. വോട്ടിങ് പാറ്റേണിൽ ഏകതാനമായ ഒരു മാറ്റമാകും ഉണ്ടാകുക എന്നും അത് ലേബർ പാർട്ടിക്ക് അനുകൂലമായിരിക്കും എന്നും ഡെൽറ്റ പോൾ പറയുന്നു. ഋഷി സൂനകിന് മുൻപിലുള്ള വെല്ലുവിളി എത്രമാത്രം കനത്തതാണ് എന്നാാണ് ഈ സർവ്വേഫലം കാണിക്കുന്നത്.
ഈ അഭിപ്രായ സർവ്വേയിൽ ലേബർ പാർട്ടിക്ക് 46 ശതമാനം പിന്തുണ ലഭിച്ചപ്പോൾ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ചത് 21 ശതമാനം മാത്രമായിരുന്നു. ഈ പാർലമെന്റ് കാലയളവിൽ പാർട്ടി നേടിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ പിന്തുണയാണത്. നീൽ ഫരാജെയുടെ റീഫോം പാർട്ടിക്ക് 12 ശതമാനം പിന്തുണ നേടാനായി എന്നതും ശ്രദ്ധേയമാണ്. ലേബർ പാർട്ടി കുതിച്ചുയരുമ്പോഴും അതേ വേഗത്തിൽ പാർട്ടി നേതാവ് സർ കീർ സ്റ്റാർമറിന്റെ പിന്തുണ ഉയരുന്നില്ല എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.
അതിനിടയിൽ, ഋഷി സുനക്, നീൽ ഫരാജെയുമായി സന്ധിയുണ്ടാക്കിയേക്കും എന്നൊരു കിംവദന്തി പരന്നെങ്കിലും, സർവ്വേയിൽ പങ്കെടുത്തവരിൽ 22 ശതമാനം പേർ മാത്രമെ അത് വിശ്വസിക്കുന്നുള്ളു. ഈയാഴ്ച പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ ഔദ്യോഗികമായി പുറത്തിറങ്ങാൻ ഇരിക്കെ, അത് ഇപ്പോഴത്തെ ട്രെൻഡിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാകുമോ എന്ന കാര്യത്തിലും സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്.
അതിനിടയിൽ, ഡി. ഡേ ആഘോഷ പരിപാടികളിൽ മുഴുവൻ പങ്കെടുക്കാതെ ഇറങ്ങിപോയ ഋഷിയുടെ നടപടി കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾക്കൊന്നും തന്നെ മുഖം നൽകാതിരുന്ന പ്രധാനമന്ത്രി, പിന്നീട് നോർത്തേൺ എക്കോ എന്നൊരു പ്രാദേശിക പത്രത്തിലൂടെയാണ് അങ്ങനെ സംഭവിച്ചതിൽ ഖേദം രേഖപ്പെടുത്തിയത്. ബ്രിട്ടനിലെ ഏറ്റവും വലിയ മിലിറ്ററി ഗാരിസണിലെ ആഘോഷങ്ങൾക്കിടയിലായിരുന്നു ഋഷി സുനക് ഇറങ്ങിപോയത്.