ലണ്ടൻ: പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സന്ദർഭത്തിൽ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സർവ്വേയിൽ റിഫോം യു കെ പാർട്ടി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയേക്കാൾ മുന്നിലെത്തിയതോടെ പാർട്ടി നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. അടുത്ത പ്രതിപക്ഷ നേതാവ് താനായിരിക്കുമെന്ന് പാർട്ടി നേതാവ് നൈജൽ ഫരാജ് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, തന്റെ റിഫോം യു കെ പാർട്ടി 6 മില്യനിലധികം വോട്ടുകൾ പിടിക്കുമെന്നും അദ്ദേഹം പറയുന്നു.

തന്റെ പാർട്ടിക്ക് ജനപിന്തുണ ഏറി വരികയാണെന്ന് വെസ്റ്റ്മിനിസ്റ്ററിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ ടോറികളേക്കാൾ കൂടുതൽ വോട്ടുകൾ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ ഇംഗ്ലണ്ട്,. വടക്ക് പടിഞ്ഞാറൻ ഇംഗ്ലൻട്, യോർക്ക്ഷയർ,. ഹമ്പർ, കിഴക്കൻ മിഡ്‌ലാൻഡ്‌സ്, പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സ്, എന്നിവിടങ്ങളിൽ റിഫോം പാർട്ടി ഒരു ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

അടുത്തയാഴ്ച, ടോറി, ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ, എസ് എൻ പി എന്നിവരെ ഉൾക്കൊള്ളിച്ചു കൊണ്ട് ബി ബി സി നടത്താനിരിക്കുന്ന ഡിബേറ്റിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ഫരാജ് ആവശ്യപ്പെട്ടു. മാത്രമല്ല, കുടിയേറ്റ വിഷയത്തിൽ നേരിട്ടൊരു ഡിബേറ്റിന് തയ്യാറുണ്ടോ എന്ന് ലേബർ പാർട്ടിനേതാവ് കീർ സ്റ്റാർമറെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ടിഫോം പാർട്ടി നടത്തുന്ന വിപ്ലവത്തിൽ പങ്കെടുക്കാൻ അദ്ദേഹം പൊതുജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഒരു മറുപടി നൽകിയില്ല.

ഈയാഴ്ച ടൈംസ് പത്രത്തിനായി യുഗോ നടത്തിയ അഭിപ്രായ സർവ്വേയിൽ റിഫോം പാർട്ടി 19 ശതമാനം പോയിന്റുകൾ നേടിയിരുന്നു. കൺസർവേറ്റീവുകൾക്ക് നേടാനായത് 18 ശതമാനം മാത്രവും. അതേസമയം, കൺസർവേറ്റീവ് പാർട്ടിയെ തകർക്കുക എന്നതു മാത്രമാണ് ഫരാജിന്റെ ലക്ഷ്യമെന്ന് ഡേവിഡ് കാമറൂൺ ആരോപിച്ചു. അദ്ദേഹത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയം ജനങ്ങൾ നിരാകരിക്കുമെന്നും കാമറൂൺ പറഞ്ഞു.തെരഞ്ഞെടുപ്പിന് ഇനിയും നാളുകൾ ഉണ്ടെന്നും, തങ്ങളുടെ പോരാട്ടം തുടരുകയാണെന്നുമായിരുന്നു, സർവ്വേഫലത്തെ കുറിച്ചുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം.

ലേബർ പാർട്ടിയുടെയും ടോറികളുടെയും നയങ്ങൾ തമ്മിൽ എറെ വ്യത്യാസമുണ്ടെന്നും, ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ നികുതികൾ കുത്തനെ കൂട്ടുമെന്നും ഋഷി ആരോപിച്ചു. ജനങ്ങൾ എല്ലാം മനസ്സിലാക്കുമെന്നും ഋഷി കൂട്ടിച്ചേർത്തു.