ലണ്ടൻ: ബ്രിട്ടന്റെ അതിന്റെ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നായിരുന്നു പുതിയ കുടിയേറ്റ നിയമം പാർലമെന്റിൽ അവതരിപ്പിച്ചതിനു ശേഷം പ്രധാനമന്ത്രി ഋഷി സുനക് അവകാശപ്പെട്ടത്. ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനുള്ള കട്ജുത്ത നടപടികളാണ് സർക്കാൻ പുതിയ നിയമത്തിൽ കൊണ്ടു വന്നിരിക്കുന്നത്. ഇത്തരത്തിൽ എത്തുന്നഅഭയാർത്ഥികൾക്ക് ആധുനിക അടിമത്ത നിരോധന നിയമമാ മനുഷ്യാവകാശ നിയമങ്ങളോ ഉപയോഗിച്ച് ബ്രിട്ടനിൽ തങ്ങുവാനോ, അഭയത്തിന് അപേക്ഷിക്കുവാനോ ഇനി മുതൽ കഴിയില്ല.

അതുപോലെ ജ്യൂഡീഷ്യൽ റീവ്യുവിന് അപേക്ഷിക്കാനുള്ള അനുവാദമുണ്ടാകില്ല. എന്നു മാത്രമല്ല, ചുരുങ്ങിയത് 28 ദിവ്സത്തേക്കെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാനും ആവില്ല. കുട്ടികളും, ഗുരുതര രോഗങ്ങൾ ബാധിച്ചവരും ഒഴികെയുള്ളവർക്ക് അനധികൃതമായി ബ്രിട്ടനിൽ തുടർന്നുകൊണ്ട് നിയമനടപടികൾക്കും അവകാശമുണ്ടായിരിക്കില്ല. നിയമ പുസ്തകത്തിൽ രേഖയാകുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഈ നിയമങ്ങൾ ഇപ്പോൾ മുതൽ പ്രാബല്യത്തിൽ വരും.

മനുഷ്യക്കടത്തുകാർക്ക് ആയിരക്കണക്കിന് പൗണ്ട് നൽകി ബ്രിട്ടനിലെത്തുന്ന അൽബേനിയ പോലെ താരതമ്യേന സുരക്ഷിതമായ രാജ്യങ്ങളിൽ നിന്നുള്ളവർക്കെതിരെ ഋഷി ആഞ്ഞടിക്കുകയായിരുന്നു. ഈ നിയമത്തിന്റെ കാർക്കശ്യത്തെ കുറിച്ച് വിമർശനങ്ങൾ ഉയർന്നേക്കും എന്ന് പറഞ്ഞ പ്രധാനമനന്ത്രി, ഇതല്ലാതെ അനധികൃത അഭയാർത്ഥി പ്രവാഹം തടയാൻ മറ്റ് വഴികൾ ഇല്ലെന്നും കൂട്ടിച്ചേർത്തു. ഈ രാജ്യത്ത് ആര് വരണമെന്ന് തീരുമാനിക്കേണ്ടത് ഈ രാജ്യത്തെ ജനങ്ങളുടെ സർക്കാർ ആണെന്നും, ക്രിമിനൽ സംഘങ്ങൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും ഉണ്ടായേക്കാവുന്ന എതിർപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ, ഒരു ഏറ്റുമുട്ടലിന് താൻ തയ്യാറാണെന്നായിരുന്നു ഋഷി സുനകിന്റെ മറുപടി. അനധികൃത അഭയാർത്ഥി പ്രവാഹം തടയുന്നതിനൊപ്പം, ഓരോ വർഷവും എത്രപേർക്ക് അഭയം നൽകണം എന്നതിന്റെ പരിധി നിശ്ചയിക്കാനുള്ള അവകാശം പുതിയ ബിൽ പാർലമെന്റിന് നൽകുന്നുണ്ട്. ഇതിനായി, പ്രാദേശിക ഭരണകൂടങ്ങളുമായി ചർച്ച നടത്തി, അവർക്ക് ഉൾക്കൊള്ളാവുന്ന അഭയാർത്ഥികളുടെ എണ്ണം അറിയും.

നേരത്തേ ബിൽ അവതരിപ്പിച്ചുകൊണ്ട് യൂറോപ്യൻ ജഡ്ജിമാർക്കെതിരെ ആഞ്ഞടിച്ച ഹോംക് സെക്രട്ടറി സുവെല്ല ബ്രേവർമാൻ, മനുഷ്യക്കടത്തുകാർക്ക് ആവശ്യത്തിന് പണം നൽകാൻ കഴിവുള്ളവർ, താരതമ്യേന സുരക്ഷിത രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വരുന്നത് അനുവദിക്കാൻ ആവില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ലേബർ ബെഞ്ചുകളിൽ നിന്നുയർന്ന ചില പരിഹാസങ്ങളെ അവഗണിച്ചുകൊണ്ട്, ഇത്തരത്തിലൊരു പരിഷ്‌കാരം ഇപ്പോൾ ആവശ്യമാണെന്നും അവർ പറഞ്ഞു.

അനധികൃതമായി ബ്രിട്ടനിൽ എത്തുന്നവരെ ഉടനടി നാടുകടത്തും എന്ന് ഉറപ്പു വന്നാൽ മാത്രമെ ചാനൽ വഴിയുള്ള അഭയാർത്ഥി പ്രവാഹം തടയാൻ കഴിയുകയുള്ളു എന്നും അവർ പറഞ്ഞു. ചെറുയാനങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 500 ശതമാനം വർദ്ധനവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയ സുവെല്ല, നിലവിലെ ബ്രിട്ടീഷ് നിയമങ്ങൾ അനുസരിച്ച് ലോകത്ത് 100 മില്യണിലധികം ആളുകൾക്ക് ബ്രിട്ടനിൽ അഭയത്തിനായി അപേക്ഷിക്കാമെന്നും പറഞ്ഞു.

അതുകൊണ്ടു തന്നെ നിയമങ്ങളിൽ സമൂല പരിവർത്തനം ആവശ്യമാണ്. പുതിയ നിയമമനുസരിച്ച് അനധികൃതമായി ബ്രിട്ടന്റെ മണ്ണിൽ എത്തുന്നവരെ ഉടനടി സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയോ റുവാണ്ടയിലേക്ക് അയയ്ക്കുകയോ ചെയ്യും.

പുതിയ നിയമമനുസരിച്ച് വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെയല്ലാതെബ്രിട്ടനിൽ എത്തുന്നവർക്ക് അഭയാർത്ഥി പട്ടത്തിന് അപേക്ഷിക്കാനുള്ള അവകാശം നിഷേധിക്കപ്പെടും. മാത്രമല്ല, 28 ദിവസത്തോളം ജാമ്യമില്ലാതെ കസ്റ്റഡിയിൽ വയ്ക്കാനും കഴിയും. ഇതിനെതിരെ അപ്പീൽ പോകുന്നതിനുള്ള അനുമതി അവർക്ക് ഉണ്ടാവുകയില്ല. മാത്രമല്ല, അനധികൃതമായി എത്തുന്നവരെ എത്രയും പെട്ടെന്ന് നാടുകടത്തുകയും ചെയ്യും. ഈ തീരുമാനത്തിനെതിരെ ബ്രിട്ടനിൽ നിന്നുകൊണ്ട് നിയമനടപടികൾ സ്വീകരിക്കാൻ അഭയാർത്ഥികൾക്കാവില്ല.