ലണ്ടൻ: കുടിയേറ്റത്തിന് പുതിയൊരു സാമ്പത്തിക നിർവചനം നൽകുകയാണ് ബ്രിട്ടൻ, എസ്സെക്സിലെ ബിസിനസ്സുകാരനായ ഗ്രഹാം കിങ് എന്ന 56 കാരൻ. ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികൾക്ക് അഭയം നൽകുന്നതിന് ഇയാൾക്ക് ലഭിക്കുന്നത് പ്രതിവർഷം 25 മില്യൻ പൗണ്ടാണ്. ഘാനയ്ക്ക് ബ്രിട്ടൻ നൽകുന്ന വിദേശ സഹായ ഫണ്ടിനേക്കാൾ അധികം വരും ഇത്.

രണ്ട് പതിറ്റാണ്ടുകൾക്ക് അപ്പുറം ഒരു കാരവാൻ പാർക്കും ടാക്സി സർവീസും അതുപോലെ കൗമാരക്കാർക്കായുള്ള ഒരു ഡിസ്‌കോ സെന്ററും നടത്തി വരികയായിരുന്ന ഇയാളുടെ ശുക്രനുദിച്ചത് ഹോം ഓഫീസ് കരാറുകൾ ലഭിച്ചു തുടങ്ങിയതിൽ പിന്നെയായിരുന്നു. അഭയാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള കരാർ ആയിരുന്നു ഇയാൾ എടുത്തത്. അഭയം തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇയാളുടെ ബിസിനസ്സും തഴച്ചു വളരുകയായിരുന്നു.

തെക്കൻ ഇംഗ്ലണ്ടിലും വെയ്ൽസിലും അഭയാർത്ഥികൾക്ക് താമസമൊരുക്കുന്നതിനുള്ള പ്രത്യേക കരാർ ഇയാളുടെ കമ്പനിയായ ക്ലിയർസ്ര്പിങ്സ് റെഡി ഹോംസിനാണ് ഉള്ളത്. ബജറ്റിലെ വിദേശ സഹായ ഫണ്ടിൽ നിന്നും ഈ സേവനത്തിന് ഇയാൾക്ക് ഹോം ഡിപ്പാർട്ട്മെന്റ് നൽകുന്ന തുക കേട്ടാൽ ആരും മൂക്കത്ത് വിരൽ വെച്ചു പോകും. 2021 ൽ ഇയാളുടെ കമ്പനിക്ക് ഹോം ഓഫീസ് നൽകിയത് 500 മില്യൻ പൗണ്ട് ആയിരുന്നു.

അന്ന്, കിംഗിന്റെ, നികുതിക്ക് മുൻപുള്ള വ്യക്തിഗത വരുമാനം 25 മില്യൻ പൗണ്ട് ആയിരുന്നു. 32 മില്യൻ ജനസംഖ്യയുള്ള ഘാനക്ക് വിദേശ സഹായ ഫണ്ടിൽ നിന്നും ലഭിക്കുന്നതിലും അധികം തുകയാണ് ഇയാൾക്ക് ലഭിച്ചത്. ഇയാൾ ഒരുക്കുന്ന താമസ സൗകര്യങ്ങളെ കുറിച്ച് അഭയാർത്ഥികൽ നിരന്തരം പരാതികൾ ഉന്നയിക്കുന്നുണ്ട്. പരിസരവാസികൾ അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്, പൊതുജനമാണെങ്കിൽ, അനധികൃതമായി എത്തിയവർക്ക് വേണ്ടി സർക്കാർ കൂടുതൽ തുക ചെലവഴിക്കുന്നതിൽ അമർഷത്തിലുമാണ്.

എന്തൊക്കെയായാലും ഗ്രഹാം കിംഗിന്റെ ബിസിനസ്സ് സാമ്രാജ്യം നാൾക്കുനാൾ അഭിവൃദ്ധി പ്രാപിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴിവുകാലം ആസ്വദിച്ച് മുൻപോട്ട് പോവുകയാണ് ഇയാൾ. മാത്രമല്ല, തന്റെ മക്കളെ ഉയർന്ന ഫീസ് ഈടാക്കുന്ന ബോർഡിങ് സ്‌കൂളുകളിൽ പഠിപ്പിക്കുന്നുമുണ്ട്. അതുകോടാതെ അടുത്തിടെ എസ്സെക്സിന്റെ പ്രാന്തപ്രദേശങ്ങളിൽ വിലകൂടിയ ഒരു ആഡംബര സൗധം സ്വന്തമാക്കുകയും ചെയ്തു. എല്ലാം നേടിയത് അഭയാർത്ഥികളുടെ പേരിൽ.

ഹോം ഓഫീസുമായുള്ള കരാർ 2029 വരെയാണ്. അഭയാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതിനാൽ ഇക്കാലയളവിൽ ബിസിനസ്സ് ഇനിയും തഴച്ചു വളരും എന്നാണ് ഇയാളുടെ കമ്പനിയിലെ ജീവനക്കാർ പറയുന്നത്. കഴിഞ്ഞ വർഷം അഭയാർത്ഥികൾക്കായി ചെലവഴിക്കുന്ന തുക സർക്കാർ നാലിരട്ടിയാക്കിയതോടെ ഇയാൾക്ക് അധിക വരുമാനവും ഉറപ്പായിരിക്കുകയാണ്.