ലണ്ടൻ: സ്വയം മേനി നടിക്കുകയാണ് ബ്രിട്ടൻ എന്ന് ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥൻ. ലോകത്തിലെ സൂപ്പർ പവർ ആണെന്ന് അവകാശപ്പെടുന്നുവെങ്കിലും ബ്രിട്ടൻ അതല്ല എന്നാണ് അദ്ദേഹം പറയുന്നത്. ബ്രെക്സിറ്റിനു ശേഷം അന്താരാഷ്ട്ര വേദികളിൽ ബ്രിട്ടൻ പുതിയ റോളിൽതിളങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ തുറന്നു പറച്ചിൽ. പല രാജ്യങ്ങളുമായും ഉഭയകക്ഷി ബന്ധം സ്ഥാപിക്കാൻ ബ്രിട്ടൻ ഇപ്പോൾ കഠിനമായ ശ്രമത്തിലാണ്.

യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വന്നതോടെ ബ്രിട്ടന്റെ മുൻപിൽ വന്ന ആദ്യ വെല്ലുവിളി അന്താരാഷ്ട്ര തലത്തിൽ പുതിയൊരു അസ്തിത്വം ഉണ്ടാക്കുക എന്നതായിരുന്നു. അതോടൊപ്പം ആഗോളതലത്തിലെ പവർ ബ്രോക്കർ എന്ന മുൻ സ്ഥിതി തിരിച്ചുകൊണ്ടു വരിക എന്നതും വെല്ലുവിളിയായി. എന്നാൽ, അടുത്ത കാലം വരെ രാജ്യത്തെ എറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ലോർഡ് സൈമൺ മെക്ഡൊണാൾഡ് പറയുന്നത് അക്കാര്യത്തിൽ ബ്രിട്ടൻ പരാജയപ്പെട്ടു എന്നാണ്. ഇന്നുള്ളത് പഴയ ബ്രിട്ടന്റെ ഒരു നിഴൽ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നീണ്ട 38 വർഷക്കാലം വിദേശകാര്യ വകുപ്പിൽ ജോലി ചെയ്ത സൈമൺ മെക്ഡൊണാൾഡ് പറയുന്നത് അന്താരാഷ്ട്രതലത്തിൽ ഇന്നും ഒരു ശക്തി തന്നെയാണ് എന്നാണ്. ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായി 193 രാജ്യങ്ങളാണ് ഉള്ളത്. അതിൽ ശക്തമായ പത്ത് രാജ്യങ്ങൾ എടുത്താൽ ബ്രിട്ടനും അക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ, മറ്റു പല രാജ്യങ്ങളും ശക്തി വർദ്ധിപ്പിച്ച് ബ്രിട്ടനെ മറി കടന്നപ്പോൾ ഒരു സൂപ്പർ പവർ അല്ലാതായി മാറി എന്നും അദ്ദേഹം പറയുന്നു.

2023- ലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ അമേരിക്കയും ചൈനയുമാണ് ഇന്ന് ലോകത്തിലെ സൂപ്പർ പവറുകൾ. അവരെ മാത്രമെ ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ കണക്കാക്കാൻ കഴിയൂ. ബാക്കിയുള്ള രാജ്യങ്ങൾ എല്ലാം തന്നെ ഇടത്തരം ശക്തി മാത്രമുള്ളവയാണ്. സൂപ്പർ പവർ എന്ന നിലയിൽ നിന്നുള്ള ബ്രിട്ടന്റെ വീഴ്‌ച്ച കഴിഞ്ഞ കുറച്ചു ദശകങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡിപ്ലൊമാറ്റിക് സർവ്വീസ് ഹെഡും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഡിപ്പാർട്ട്മെന്റിലെ പെർമനന്റ് അണ്ടർ സെക്രട്ടറിയുമായിരുന്നു ലോർഡ് മെക്ഡൊണാൾഡ്. സൂപ്പർ പവർ അല്ലാതായിട്ടും അങ്ങനെ നടിക്കുവാനാണ് ഇപ്പോൾ ബ്രിട്ടൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ ലോർഡ് മെക്ഡൊണാൾഡ് പക്ഷെ, ബ്രിട്ടന്റെ കൈവശം പക്ഷെ അതിനുള്ള സ്രോതസ്സുകൾ ഇപ്പോൾ ഇല്ല എന്നും പറഞ്ഞു. ഈ ദിവസങ്ങളിൽ ബ്രിട്ടൻ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ ഏതെങ്കിലും രാജ്യങ്ങളുടെ പങ്കാളിത്തവും ആവശ്യമാണ്.

ബ്രിട്ടന്റെ സൂപ്പർ പവർ കാണണമെങ്കിൽ ഏകദേശം 200 കൊല്ലത്തോളം പുറകോട്ട് പോകണം. പാക്സ് ബ്രിട്ടാനിക്ക എന്ന് അറിയപ്പെടുന്ന ആ കാലഘട്ടത്തിൽ യൂറോപ്പിലെ പ്രധാന ശക്തിയായി വളർന്ന ബ്രിട്ടൻ ലോകമാകെ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. എന്നാൽ, 1918 ന് ശേഷം ഭൗമരാഷ്ട്രീയ (ജിയൊ പൊളിറ്റിക്കൽ) ഘടന വലിയതോതിൽ തന്നെ മാറാൻ ആരംഭിച്ചു. അതിൽ ഏറെ നഷ്ടങ്ങൾ സംഭവിച്ചത് ബ്രിട്ടനായിരുന്നു.

1919- 1920 കാലഘട്ടത്തിലെ പാരിസ് സമാധാന സമ്മേളനത്തിലും രണ്ടാം ലോക മഹായുദ്ധ ശേഷമുള്ള ഏതാനും വർഷങ്ങളിലും ബ്രിട്ടൻ അന്താരാഷ്ട്ര തലത്തിൽ പലതിലുംബ്രിട്ടൻ സുപ്രധാന പങ്ക് വഹിച്ചെങ്കിലും, ലോക പൊലീസ് എന്ന നിലയിലേക്ക് ഉയർന്നത് അമേരിക്കയായിരുന്നു. ബ്രിട്ടന്റെ അപ്രമാധിത്വം നഷ്ടമായതോടെ ഇനി അനുരഞ്ജനങ്ങളിലൂടെയും മറ്റും മാത്രമെ ബ്രിട്ടന് മുന്നേറാൻ ആകു എന്നും അദ്ദേഹം പറഞ്ഞു.