ലണ്ടൻ: ഒരുപക്ഷെ വെറുമൊരു നാക്കുപിഴ ആയിരിക്കാം, പക്ഷെ ഇതുവരെയുള്ള അഭിപ്രായ സർവ്വേകളിൽ എറെ മുന്നിൽ നിന്നിരുന്ന ലേബർ പാർട്ടിക്കു, അതിന്റെ നേതാവ് സർ കീർ സ്റ്റാർമർക്കും നൽകേണ്ടി വരിക വലിയ വിലയായിരിക്കും. ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ ബംഗ്ലാദേശിനെതിരെ സ്റ്റാർമർ നടത്തിയ പരാമർശം വൻ വിവാദമാവുകയാണ്. മുസ്ലിം വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള ചില മണ്ഡലങ്ങൾ മത്സരിക്കുന്ന ലേബർ സ്ഥാനാർത്ഥികൾ വരെ സ്വന്തം നേതാവിന്റെ പ്രസ്താവന നിരാകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ടവർ ഹാംലെറ്റ്‌സ് ലേബർ ഉപ നേതാവ് ഇതിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയും ചെയ്തു. അതേസമയം മെസേജിങ് ആപ്പുകളിൽ വൈറലാകുന്ന പ്രസ്താവനയുടെ വീഡിയോ എഡിറ്റ് ചെയ്തതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ലേബർ പാർട്ടി വിശദീകരിക്കുന്നു. ബ്രിട്ടന്റെ ഉന്നമനത്തിനായി ഏറെ സംഭാവനകൾ നൽകിയ ബ്മഗ്ലാദേശി സമൂഹത്തോട് കീർ സ്റ്റാർമർക്ക് എന്നും ബഹുമാനമാണെന്നും പാർട്ടി ഇറക്കിയ കുറിപിൽ പറയുന്നു.

തിങ്കളാഴ്ച ദി സൺ ന് നൽകിയ ലൈവ് അഭിമുഖത്തിലായിരുന്നു കീർ സ്റ്റാർമർ വിവാദത്തിനു കാരണമായ പ്രസ്താവന നടത്തിയത്. 'നിലവിൽ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന അഭയാർത്ഥികളെ നാടുകടത്തുന്നില്ല, കാരണം അഭയാർത്ഥിത്ത അപേക്ഷയിന്മേൽ സമയത്ത് തീരുമാനം എടുക്കുന്നില്ല' എന്നായിരുന്നു കീർ സ്റ്റാർമർ പറഞ്ഞത്. കൺസർവേറ്റീവ് പാർട്ടിയുടെ റുവണ്ട പദ്ധതിയെ സ്റ്റാർമർ വിമർശിച്ചതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു സ്റ്റാർമർ അത് പറഞ്ഞത്.

അഭയാർത്ഥികളായി എത്തുന്നവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നത് 44 ശതമാനത്തോളം കുറഞ്ഞുവെന്നും സ്റ്റാർമർ വീഡിയോയിൽ പറയുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരെ ഏർപ്പെടുത്തുകയും, അർഹതയില്ലാതെ എത്തുന്നവരെ എത്രയും പെട്ടെന്ന് അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. റുവാണ്ടൻ പദ്ധതി ചെലവേറിയ ഒരു കൺകെട്ട് വിദ്യ മാത്രമാണെന്നും സ്റ്റാർമർ ആരോപിച്ചിരുന്നു.

എന്നാൽ, ഈ സംഭാഷണത്തിനിടയിൽ ഒരിക്കൽ പോലും, ഇപ്പോൾ ബ്രിട്ടനിൽ റസിഡന്റ് സ്റ്റാറ്റസ് ഉള്ളവരും, ബ്രിട്ടനിൽ താമസിക്കാൻ അനുവാദമുള്ളവരും ബ്രിട്ടൻ വിട്ട് പോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ, ഈ വീഡിയോ വൈറലായതോടെയാണ് വിവാദമുയരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇതോടെയാണ് ടവർ ഹാംലറ്റ്‌സ് കൗൺസിലറും ലേബർ പാർട്ടിയുടെ പ്രാദേശിക ഉപനേതാവുമായ സബിന അക്തർ രാജിവച്ചത്.

താൻ ബംഗ്ലാദേശ് സമൂഹത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞ സ്റ്റാർമർ, ബ്രിട്ടീഷ് സമൂഹത്തിന്റെ വളർച്ചക്കായി ബംഗ്ലാദേശികൾ നൽകിയ സംഭാവനകൾ വലുതാണെന്നും പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ലേബർ എം പി ആയതിനു ശേഷം ആദ്യ തന്റെ ആദ്യ വിദേശ സന്ദർശനം ബംഗ്ലാദേശിലേക്ക് ആക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭയാർത്ഥിത്തവുമായി ബന്ധപ്പെട്ട് സുരക്ഷിത രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശിനെ ഒരു ഉദാഹരണമായി എടുക്കുക മാത്രമായിരുന്നു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.