- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
29 ശതമാനം പിന്തുണയോടെ വളരെയേറെ മുന്നേറി ഒന്നാമതെത്തി റിഫോം യുകെ; ലേബറിന് 22 ശതമാനം പിന്തുണ ഉള്ളപ്പോള്‍ ടോറികള്‍ വെറും 16 ശതമാനം പിന്തുണയോടെ നാലാമത് മാത്രം; മൂന്നാമതെത്തിയത് ലിബറല്‍ ഡെമോക്രാറ്റ്സ്; യുകെയില്‍ രാഷ്ട്രീയ കാറ്റ് മാറി വീശുമ്പോള്‍
യുകെയില്‍ തെരഞ്ഞെടുപ്പ് കാറ്റ് മാറി വീശുമ്പോള്‍
ലണ്ടന്‍: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കണ്ട റിഫോം യു കെയുടെ കുതിപ്പ് തുടരുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പതനം ഒരു തുടര്‍ക്കഥയാവുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും പുറകിലായി നാലാം സ്ഥാനത്താണ് ടോറികളുടെ നില. യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വെറും 16 ശതമാനം പോയിന്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 17 ശതമാനം പോയിന്റുകളോടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്നാം സ്ഥാനത്ത് എത്തി. 2019 ന് ശേഷം ഇത് ആദ്യമായാണ് ടോറികള്‍ നാലാം സ്ഥാനത്ത് എത്തുന്നത്.
അതേസമയം, റിഫോം യു കെ തങ്ങളുടെ കുതിപ്പ് തുടരുകയാണ് 22 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തിയ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍ നേടി 29 പോയിന്റുകളോടെയാണ് അവര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇത് വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍, നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിക്ക് 42 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും എന്നാണ് തെരഞ്ഞെടുപ്പ് വിസഗ്ധര്‍ പറയുന്നത്. എലെക്ഷന്‍ കാല്‍ക്കുലസിന്റേതാണ് ഈ കണക്കുകൂട്ടല്‍. പുതിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പുറത്തു വന്നതോടെ പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതെയാവുകാണെന്ന ആശങ്ക ടോറികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
മെയ് 1 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ 10 കൗണ്‍സിലുകളില്‍ ഭരണംക് പിടിച്ചും, രണ്ട് മേയര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയും 600 ല്‍ ഏറെ കൗണ്‍സിലറുകളെ വിജയിപ്പിച്ചും റിഫോം യു കെ, ബ്രിട്ടനിലെ പ്രധാന രണ്ട് കക്ഷികളെയും ഞെട്ടിച്ചിരുന്നു. അതുകൂടാതെ റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപിലും ഇവര്‍ അപ്രതീക്ഷിത വിജയം നേടിയിരുന്നു. നൂറു കണക്കിന് സീറ്റുകള്‍ നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായത്. ലേബര്‍ പാര്‍ട്ടിക്കും കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാനായില്ല. ഒരു പാര്‍ലമെന്ററി സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
അഭിപ്രായ സര്‍വ്വേഫലം ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല എന്നായിരുന്നു ഷാഡോ ഫോറിന്‍ സെക്രട്ടറി പ്രീതി പട്ടേലിന്റെ പ്രതികരണം. തകര്‍ന്നടിഞ്ഞ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒരു രാത്രികൊണ്ട് വീണ്ടും കെട്ടിപ്പൊക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഫരാജ് പ്രധാനമായും തദ്ദേശീയരായ ബ്രിട്ടീഷ് ജനതയെയാണ് ഉന്നം വയ്ക്കുന്നത്. ഇമിഗ്രേഷനെതിരെ കടുത്ത നയം എടുക്കുകയും, നികുതികള്‍ കുറയ്ക്കുമെന്നും, പൊതു ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും വാഗ്ദാനം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇതൊന്നും പ്രായോഗികമല്ല എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നത്.
അടുത്ത തെരഞ്ഞെടുപ്പില്‍, റിഫോം യു കെ ആയിരിക്കും പ്രധാന എതിരാളികള്‍ എന്ന കണക്കുകൂട്ടലിലാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ കുടിയേറ്റത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നത്. തന്റെ 'അപരിചിതരുടെ ദ്വീപ്' പ്രയോഗത്തെയെല്ലാം പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം പ്രതികരിക്കുന്നതും ഇത് ചൂണ്ടിക്കാട്ടീയാണ്. ഫരാജ് ജയിക്കില്ല എന്ന് ഉറപ്പു വരുത്താന്‍ തങ്ങള്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.