ലണ്ടൻ: അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റ് ആകും എന്ന് പറഞ്ഞിരുന്ന ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആയില്ലെങ്കിലും തകർന്ന് തരിപ്പണമായില്ല എന്ന് കൺസർവേറ്റീവ് പാർട്ടിക്ക് ആശ്വസിക്കാം. ഋഷി സുനകിന്റെ നയങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നും അതിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് പാർട്ടിയെ തകർന്ന് പോകാതെ രക്ഷിച്ചതെന്നു ഋഷിയുടെ ക്യാമ്പ് അവകാശപ്പെടുന്നു.

ഈ അവകാശവാദം എന്തായാലും, ഇപ്പോൾ പല കൗൺസിലുകളിലും ഭരണത്തിൽ നിന്നും പുറത്തായ ടോറികൾ വൻ തിരിച്ചടിയാണ് നേരിടുന്നത്. ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും കൈകോർത്തതോടെ നിരവധി കൗൺസിലുകളിലാണ് ടോറികൾ അധികാരത്തിനു പുറത്തായത്. കഴിഞ്ഞ 25 വർഷക്കാലത്തിനിടയിൽ ഇതാദ്യമായി ബെർക്ക്ഷയറിലെ ബ്രാക്ക്നെൽ ഫോറസ്റ്റ് ല്കൗൺസിൽ ലേബർ പാർട്ടിയുടെ കൈവശം എത്തി.

ഇവിടെ വോട്ടു നിലയിൽ ഏറെ മുന്നിലുള്ളത് കൺസർവേറ്റീവ് പാർട്ടിയാണ് എന്നതാണ് രസകരം. ടോറി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കൻ ലേബർ പാർട്ടിയും, ലിബറൽ ഡെമോക്രാറ്റുകളും, ഗ്രീൻസും തമ്മിൽ ഇവിടെ പ്രാദേശികമായ ഒരു ധാരണ ഉണ്ടാക്കിയിരുന്നു. അതായിരുന്നു കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടിയായത്. കൺസർവേറ്റീവ് പാർട്ടിയുടെ ഉരുക്കുകോട്ട തന്നെയായിരുന്നു ബ്രെക്ക്നിൽ ഫോറസ്റ്റ്. ഇവിടെയുള്ള 42 സീറ്റിൽ കഴിഞ്ഞ തവണ 37 സീറ്റിലും വിജയിച്ചത് കൺസർവേറ്റീവ് പാർട്ടി ആയിരുന്നു.

എന്നാൽ ഇത്തവണ 45 ശതമാനം വോട്ട് പിടിക്കാൻ ആയിട്ടും കൺസർവേറ്റീവുകൾക്ക് 27 സീറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. വെറും പത്ത് സീറ്റുകൾ മാത്രമായിരുന്നു അവർക്ക് നേടാനായത്. ഇതായിരുന്നു മൂന്ന് എതിരാളികൾ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ പരിണിതഫലം. അതേസമയം 32 ശതമാനം മാത്രം വോട്ട് ലഭിച്ച ലേബർ പാർട്ടിക്ക് 18 സീറ്റുകൾ നേടാനായി എന്നത് ജനാധിപത്യത്തിലെ ക്രൂരമായ തമാശകളിൽ ഒന്നാകാം.

അതിനേക്കാൾ രസകരമായത് വെറും 16 ശതമാനം മാത്രം വോട്ട് നേറാനായ ലിബറൽ ഡെമോക്രാറ്റുകൾക്ക് ആറു സീറ്റ് നേടാനായി എന്നതാണ്. വെറും ആറ് ശതമാനം മാത്രം വോട്ട് നേടിയ ഗ്രീൻസ് രണ്ട് സീറ്റുകളും കരസ്ഥമാക്കി. കൗൺസിലിലെ 15 വാർഡുകളിൽ ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും പരസ്പരം എതിർ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. അതുപോലെ ഗ്രീൻസിന് ലഭിച്ച രണ്ടു സീറ്റുകളിലും ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

പ്രാദേശികമായി എടുത്ത ഒരു തീരുമാനം മാത്രമാണ് ഈ സഖ്യം എന്നും ഇതേനയം ദേശീയ തലത്തിൽ ഉള്ള ഒന്നല്ല എന്ന് ലിബ് ഡെം ഡെപ്യുട്ടി ലീഡർ ഡെയ്സി കൂപ്പർ പറയുന്നു. എന്നാൽ ദേശീയ തലത്തിൽ ഒരു സഖ്യവും ഇല്ല എന്നാണ് ലേബർ പാർട്ടി നിലപാട് വ്യക്തമാക്കുന്നത്.

ഏതായാലും എതിരാളികൾ ഒരുമിച്ചതോടെ ടോറികൾക്ക് നഷ്ടമായത് അവരുടെ ഉറച്ച കോട്ടകളിൽ ഒന്നാണ്. കഴിഞ്ഞ ഇരുപത്ത് വർഷങ്ങളായി കാര്യമായ പ്രതിപക്ഷമില്ലാതെ ടോറികൽ ഭരിച്ചിരുന്ന ലോക്കൽ കൗൺസിൽ ഇനി 32 ശതമാനം വോട്ട് നേടിയ ലേബർ പാർട്ടി ഭരിക്കും. 45 ശതമാനം വോട്ട് നേടിയ കൺസർവേറ്റീവുകൾ പ്രതിപക്ഷത്തും.