ലണ്ടൻ: അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മേയർ സാദിഖ് ഖാനെ പരാജയപ്പെടുത്താൻ, മറ്റൊരു കുടിയേറ്റക്കാരൻ എത്തുമെന്നതിന്റെ സൂചനകൾ ലഭിച്ചു. ഡൗണിങ് സ്ട്രീറ്റിനു വേണ്ടി നേരത്തേ പഠനങ്ങൾ നടത്തിയിട്ടുള്ള ജെ എൽ പാർട്നേഴ്സിന്റെ സ്ഥാപകൻ ജെയിംസ് ജോൺസൺ പറയുന്നത് മുസ് ഹുസൈന്റെ ബാല്യകാല കഥകളും, ക്രിമിനൽ അഭിഭാഷകൻ എന്ന സ്ഥാനവും അദ്ദേഹത്തിന്റെ വിജയ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്.

സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ ഹുസൈന്റെ തൊട്ടടുത്ത എതിരാളി സൂസൻ ഹൾ നല്ലൊരു സ്ഥാനാർത്ഥിയാണെങ്കിലും, അത്രകണ്ട് ശോഭിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ വിജയം ഉറപ്പാക്കാനെ സൂസൻ ഹാളിന്റെ സ്ഥാനാർത്ഥിത്തം സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയുടെ മേയർ സ്ഥാനാർത്ഥിയാകാൻ ഹുസൈന് പിന്തുണ വാഗ്ദാനം നൽകി മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തു വരുന്നത്.

കടുത്ത മത്സരത്തിനൊടുവിൽ ജൂലായ് 19 ന് ആയിരിക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. ഒരു ടി വി അവതാരകയോട് മോശമായി പെരുമാറി എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു സ്ഥാനാർത്ഥി ഡാനിയൽ കോർസ്‌കി കഴിഞ്ഞയാഴ്‌ച്ച മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതോടെ സ്ഥാനാർത്ഥിത്തത്തിനായി മുസ് ഹുസൈനും സൂസൻ ഹാളും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.

പത്തംഗ ബംഗ്ലാദേശീ കുടുംബത്തിൽ ജനിച്ച് 21ാം വയസ്സിൽ നിയമ പഠനത്തിനായി ബ്രിട്ടനിൽ എത്തി രാഷ്ട്രീയ രംഗത്ത് അതിവേഗം ഉയർന്ന ഹുസൈൻ, മിസ്റ്ററി ഹുസൈൻ എന്നാണ് അറിയപ്പെടുനന്ത്. മാത്രമല്ല, രാജാവിന്റെ കൗൺസലിലെ അംഗമായ ആദ്യ ബംഗ്ലാദേശി വംശജനായ ക്രിമിനിയൽ ബാരിസ്റ്റർ കൂടിയാണ് അദ്ദേഹം. ലണ്ടൻ തെരുവുകൾ സുരക്ഷിതമാക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.