- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും; കോഹിനൂർ രത്‌നം മാത്രമല്ല ബ്രിട്ടീഷ് മ്യൂസിയത്തിലെ സകല ഇന്ത്യൻ വസ്തുക്കളും തിരിച്ചേൽപ്പിക്കണമെന്ന വാദം വെറും രാഷ്ട്രീയ സ്റ്റണ്ട് ആയി മാറിയേക്കും; കവർ സ്റ്റോറിയുമായി ഡെയ്ലി ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ
ലണ്ടൻ: കൊളോണിയൽ കാലത്തിന്റെ പാപപരിഹാരം ബ്രിട്ടൻ ചെയ്‌തേ തീരൂ എന്ന് ശശി തരൂർ എംപി ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ വന്നു നടത്തിയ പ്രസംഗം തീക്കാറ്റായാണ് ലോകമെങ്ങും 2015ൽ പടർന്നത്. ബ്രിട്ടൻ വളരെ വിഷമിച്ചാണ് ആ പ്രസംഗത്തിലെ വാക്കുകളെ നേരിട്ടത്. അനേകം ബ്രിട്ടീഷ് പ്രമുഖർ കൂടി തരൂർ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് അഭിപ്രായപ്പെട്ടപ്പോൾ രാജ്ഞിയുടെ ഏറ്റവും അമൂല്യ സമ്പത്തായി വിലയിരുത്തപ്പെടുന്ന കോഹിനൂർ രത്‌നത്തിലേക്കാണ് ഏവരുടെയും കണ്ണുകൾ പറന്നെത്തിയത്. ഇപ്പോൾ ഇന്ത്യയിൽ നിന്നും മോദിയും അത് തന്നെ ആവശ്യപ്പെടുന്നു. മാത്രമല്ല ഒരു പടി കൂടി കടന്ന് ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച സകല അമൂല്യ വസ്തുക്കളും തിരികെ വേണമെന്നാണ് ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്ന സമയമാണ് ഏറെ പ്രധാനം.
ഇന്ത്യ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പടിവാതിൽ വന്നു നിൽക്കുകയാണ്. ഈ സമയത്തു ബ്രിട്ടനിൽ നിന്നും ഒരു പ്രകോപനവും ഇല്ലാതിരിക്കെ ദേശീയത ആളിപ്പടർത്താൻ ഉള്ള ശ്രമഫലമായി മാത്രമാണ് മോദി സർക്കാരിന്റെ ആവശ്യം വിലയിരുത്തപ്പെടുന്നത്. ഇത് വഴി അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയത പറയുവാൻ കരുത്തും യോഗ്യതയും ഉള്ള പാർട്ടിയായി ബിജെപി ജനങ്ങൾക്ക് മുന്നിൽ സ്വയം അവതരിപ്പിക്കപ്പെടും എന്ന സംശയമാണ് വിമർശകരുടെ പക്ഷത്തു നിന്നും ഉയരുന്നത്. ആവശ്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇന്നലെ ഡെയ്ലി ടെലിഗ്രാഫ്, ഡെയ്ലി മെയിൽ തുടങ്ങി ലക്ഷക്കണക്കിന് വായനക്കാരുള്ള പത്രങ്ങൾ വിഷയം പ്രധാന വാർത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇത്തരം ആവശ്യങ്ങൾ ഉയർന്നപ്പോഴൊക്കെ വളരെ തന്ത്രപരമായി മാത്രം പ്രതികരിച്ചിട്ടുള്ള ബ്രിട്ടൻ ഇന്ത്യയുടെ ആവശ്യത്തോട് മറുപടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാഹചര്യം നിരീക്ഷിക്കുക എന്ന ദൗത്യമാണ് ഇപ്പോൾ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന പ്രധാനമന്ത്രിയാണ് ബ്രിട്ടനിൽ എന്നതും വിഷയത്തെ വൈകാരികമായി കൈകാര്യം ചെയ്യുന്നതിൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പ്രയാസപ്പെടും എന്നുറപ്പാണ്.
ആവശ്യത്തോട് ബ്രിട്ടൻ ഏതു സമീപനം എടുത്താലും ഇന്ത്യൻ മനസ്സിൽ ഇത്തരം കാര്യങ്ങൾ ചോദിക്കാനും പറയാനുമുള്ള കരുത്ത് ഇന്ത്യ നേടിക്കഴിഞ്ഞുവെന്ന ചിന്ത പടർത്താനാകും മോദി സർക്കാർ ശ്രമിക്കുക. മാത്രമല്ല കഴിഞ്ഞ കാല സർക്കാരുകൾക്ക് സാധിക്കാത്ത കാര്യം എന്ന് മാധ്യമങ്ങളെകൊണ്ട് പറയിക്കാം, തിരഞ്ഞെടുപ്പ് റാലികളിൽ കയ്യടി ലഭിക്കാൻ ഉപയോഗിക്കുകയും ചെയ്യാം. ഇതിലൊക്കെ മോദിക്കുള്ള സാമർഥ്യം ഇപ്പോൾ പ്രതിപക്ഷ നിരയിലുള്ള അധികം നേതാക്കൾക്ക് ഇല്ലെന്നതും വസ്തുതയാണ്.
കോഹിനൂർ ഉൾപ്പെടെയുള്ള അമൂല്യ ശേഖരം തിരികെ വേണമെന്ന് ഇന്ത്യയിൽ പല കോണുകളിൽ നിന്നും മുൻപ് ആവശ്യം ഉയർന്നിരുന്നെങ്കിലും സർക്കാർ തലത്തിൽ അതിന് ഔദ്യോഗിക ഭാഷ്യം എത്തുമ്പോൾ കാര്യങ്ങൾ സങ്കീർണമാകും. ആവശ്യത്തോട് ബ്രിട്ടനും പ്രതികരണം നടത്തേണ്ടി വരും. ഇതോടെ വിവാദം ഉയരാൻ ഉള്ള സാധ്യതയാണ് മാധ്യമങ്ങൾ ഇപ്പോൾ നിരീക്ഷിക്കുന്നത്. കോഹിനൂരിന് ഒപ്പം മറ്റു അമൂല്യ ശേഖരം കൂടി ഇന്ത്യ ആവശ്യപ്പെടുന്നതോടെ ഇത്തരത്തിൽ ബ്രിട്ടൻ നേരിടുന്ന ആദ്യ പ്രതിസന്ധി കൂടി ആയി മാറും ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തിനായി ഇന്ത്യയിൽ നിന്നും പ്രതിനിധി സംഘം ബ്രിട്ടൻ സന്ദർശിക്കാനുള്ള സാധ്യതയാണ് രൂപപ്പെടുന്നത്.
റോയൽ അക്കാദമി ഓഫ് ആർട്‌സിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവ്വമായ ഓടിൽ തീർത്ത ശിവ വിഗ്രഹം, ബുദ്ധ കാലടി, ഒക്ടോബറിൽ ലേലം ചെയ്യപ്പെടാൻ ഒരുങ്ങുന്ന മൈസൂർ സിംഹം ടിപ്പു സുൽത്താന്റെ കിരീടം, ബ്രിട്ടീഷ് മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹരിഹര വിഗ്രഹം എന്നിവയൊക്കെ ഇന്ത്യ തിരികെ ആവശ്യപ്പെട്ട ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കോഹിനൂർ രത്‌നം ഇന്ത്യൻ രാജാക്കന്മാർ ബ്രിട്ടന് ഉപഹാരമായി നൽകിയതെന്ന വ്യാജ പ്രചാരണം ബ്രിട്ടൻ തിരുത്തണമെന്നും കോഹിനൂർ രത്‌നം സ്വന്തമാക്കാൻ നടത്തിയ ചോരപ്പുഴകളുടെ കഥയും പുതിയ തലമുറ അറിഞ്ഞിരിക്കണം എന്നും ഇന്ത്യ ഇപ്പോൾ ശക്തമായി വാദിക്കുകയാണ്. കഴിഞ്ഞ ആഴ്ച ചാൾസ് രാജാവ് അധികാരമേറ്റ ചടങ്ങിൽ കിരീടം വ്യാപകമായി ചർച്ച ആയതോടെയാണ് ഇന്ത്യ പുതിയ നിലപാടിലേക്ക് വേഗത്തിൽ എത്തിയിരിക്കുന്നത്.