- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികൾക്കായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ സൗകര്യമൊരുങ്ങുന്നു; റുവാണ്ടൻ ജനങ്ങളുടെയിടയിൽ സമ്മിശ്ര പ്രതികരണം; നിയമം പാസ്സാക്കി കോടതി ഇടപെടലുകളില്ലെങ്കിൽ റുവാണ്ടയിലേക്ക് ഫ്ളൈറ്റുകൾ പറന്നു തുടങ്ങും
ലണ്ടൻ: റുവാണ്ടൻ തലസ്ഥാനമായ കിഗാലിക്ക് സമീപമുള്ള കഗുഗുവിലെ ഹോപ് ഹോസ്റ്റലിൽ തളം കെട്ടി നിൽക്കുന്നത് അത്ര സുഖമല്ലാത്ത ഒരു നിശബ്ദതയാണ്. ഇനിയും വരാത്ത അതിഥികൾക്കായി മുറികൾ തയ്യാറായിക്കഴിഞ്ഞു. അവിടത്തെ പല മുറികളുടെയും ബാൽക്കണിയിൽ നിന്നും നോക്കിയാൽ, അങ്ങു ദൂരെ പ്രസിഡണ്ടിന്റെ കൊട്ടാരം കാണാം. 1994-ൽ ഹുതു തീവ്രവാദികൾ ടുട്സി ന്യുനപക്ഷത്തെ കൊന്നൊടുക്കിയ 1994- ലെ വംശഹത്യയുടെ ഒർമ്മകൾ ആ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
8 ലക്ഷത്തോളം പേർ കൊല്ലപ്പെട്ട ആ കലാപ കാലത്ത് ഒരു അഭയാർത്ഥിക്യാമ്പായിരുന്നു ഈ ഹോസ്റ്റൽ. ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി അഭയാർത്ഥി ക്യാമ്പായി മാറുകയാണിവിടം. ബ്രിട്ടനിൽ നിന്നും കയറ്റി അയയ്ക്കപ്പെടുന്ന അഭയാർത്ഥികളെ പാർപ്പിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത് ഇവിടമാണ്. 50 ഡബിൾ റൂമുകൾ ഉള്ള ഇവിടെ 100 പേരെ പാർപ്പിക്കാൻ കഴിയും. ഓരോ മുറിയിലും ഖുറാനും നിസ്‌കാര പായയും തയ്യാറാക്കി വെച്ചിട്ടുണ്ട്.
അവിടേയെത്തുന്നവരിൽ ഭൂരിഭാഗവും മദ്ധ്യപൂർവ്വ പ്രദേശത്തു നിന്നുള്ള ഇസ്ലാമത വിശ്വാസികൾ ആയിരിക്കും എന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിട്ടുണ്ടത്രെ. അതിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹോസ്റ്റൽ മാനേജർ ഇസ്മയിൽ ബാകിന പറഞ്ഞു. അതുപോലെ ഹോസ്റ്റലിന് പുറത്തും അകത്തുമുള്ള അറിയിപ്പ് ബോർഡുകൾ എല്ലാം തന്നെ ഇംഗ്ലീഷിലും അറബിയിലും തയ്യാറാക്കി കഴിഞ്ഞു. റെസ്റ്റോറന്റിലെ രണ്ട് അടുക്കളകൾക്ക് മുന്നിലും ഹലാൽ ബോർഡും തൂങ്ങിക്കഴിഞ്ഞു.
ഒരു വർഷം മുൻപ് നടത്തിയതാണ് ഈ തയ്യാറെടുപ്പുകൾ ഒക്കെയും. ഇപ്പോഴും ആ ഹോസ്റ്റൽ ഒഴിഞ്ഞു കിടക്കുകയാണ്. നിയമക്കുരുക്കിൽ പെട്ട റുവാണ്ടൻ പദ്ധതിക്ക് പുതുജീവൻ നൽകാൻ അടിയന്തിര നിയമനിർമ്മാണത്തിനുള്ള പദ്ധതികൾ പുരോഗമിക്കുമ്പോൾ, കോടതി ഇടപെടലുകളില്ലാതെ ഇങ്ങോട്ട് വിമാനം പറത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അഭയാർത്ഥികൾക്ക് റുവാണ്ടയിൽ തങ്ങുവാനോ അല്ലെങ്കിൽ മെറ്റേതെങ്കിലും രാജ്യത്തേക്ക് മാറി താമസിക്കാനോ ഉള്ള അവസരം നൽകും.
ഈ പദ്ധതി റുവാണ്ടക്ക് വലിയൊരു അനുഗ്രഹമാണെന്നാണ് പത്രപ്രവർത്തകയായ പ്രൊവിഡൻസ് ഉവേസ് പറയുന്നത്. ഇതിനോടകം തന്നെ ഇതിന്റെ ആദ്യ തവണ യു കെ നൽകിക്കഴിഞ്ഞു. യു കെ യിൽ നിന്നും പണം എത്തുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അവർ ബി ബി സിയോട് പറഞ്ഞു. മാത്രമല്ല, ഈ അഭയാർത്ഥികളെ സ്വീകരിക്കുക വഴി, സുരക്ഷിതമല്ലാത്ത രാജ്യം എന്ന റുവാണ്ടയുടെ പ്രതിച്ഛായ മാറ്റുവാനും കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, എല്ലാവരും സമാനമായ അഭിപ്രായമുള്ളവരല്ല. പലരും ഈ പദ്ധതിയെ വിമർശിക്കുന്നുമുണ്ട്. വളരെ കുറച്ച് ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് റുവാണ്ട. അടിസ്ഥാന സൗകര്യങ്ങളും ഏറെ കുറവാണ്. അത്തരം സാഹചര്യത്തിൽ വിദേശികൾ കൂടി ഇവിടെ താമസമാരംഭിച്ചാൽ, റുവാണ്ടൻ പൗരന്മാർക്ക് ഇപ്പോൾ ലഭ്യമാകുന്ന ചെറിയ സൗകര്യങ്ങൾ പോലും അവരുമായി പങ്കുവയ്ക്കേണ്ടി വരുമെന്ന് ഭയക്കുന്നവരും ഏറെയാണ്.
അതേസമയം, ബ്രിട്ടനിലും ഈ പദ്ധതി സംബന്ധിച്ച് അവ്യക്തതയും അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. പുതിയ നിയമം പാർലമെന്റ് പാസ്സാക്കിയാൽ പോലും കോടതി ഇടപെടൽ ഒഴിവാക്കാനാവുമോ എന്ന കാര്യത്തിലെ ആശങ്ക നിലനിൽക്കുന്നു. സുപ്രീം കോടതി ചൂണ്ടിക്കാണിച്ച മനുഷ്യാവകാശ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്.
എന്നാൽ, സുപ്രീം കോടതി ഉയർത്തിയ സുരക്ഷാ പ്രശ്നങ്ങൾക്കൊന്നും സാധ്യതയില്ല എന്ന് അധികൃതർ പറയുന്നു. അഭയാർത്ഥികളെ സ്വീകരിക്കുന്ന പാരമ്പര്യം തന്നെ റുവാണ്ടയ്ക്ക് ഉണ്ടെന്ന് ഹോം സെക്രട്ടറി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആഫ്രിക്കയിൽ നിന്നുൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തി ലിബിയയിൽ കുടുങ്ങിപ്പോയ അഭയാർത്ഥികളുടെ കേസുകൾ ഇപ്പോൾ റുവാണ്ടയിലാണ് നടത്തുന്നത്. ഗഷോറ ട്രാൻസിറ്റി ക്യാമ്പ് അതിനൊരു ഉദാഹരണവുമാണ്.
മറുനാടന് ഡെസ്ക്