- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യ ആക്രമിക്കുവാനിരിക്കുന്ന ഒൻപത് ടൗണുകളുടെ ലിസ്റ്റ് ശേഖരിച്ച് ബ്രിട്ടീഷ് ചാരന്മാർ
ലണ്ടൻ: റഷ്യൻ- യുക്രെയിൻ യുദ്ധം അവസാനിക്കുക ഒരു മൂന്നാം ലോകമഹായുദ്ധത്തിലായിരിക്കുമെന്ന ആശങ്ക വളരെ കാലമായി സജീവമാണ്. അതിനിടയിലായിരുന്നു, ഇന്ത്യാ- ചൈന സംഘർഷമായിരിക്കും മൂന്നാം ലോക മഹായുദ്ധത്തിലെത്തുക എന്ന വിലയിരുത്തൽ ചില പാശ്ചാത്യ യുദ്ധ വിദഗ്ദ്ധർ നടത്തിയത്. ഏതായാലും മറ്റൊരു ലോക മഹായുദ്ധം എന്നൊരു വൻ ദുരന്തം മനുഷ്യകുലത്തെ തുറിച്ചു നോക്കുകയാണ് എന്നൊരു ചിന്ത ലോകത്ത് ഉയർന്നിട്ടുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്.
ഈ പശ്ചാത്തലത്തിലാണ്, ലോക മഹായുദ്ധം ഉണ്ടായാൽ റഷ്യ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്ന ബ്രിട്ടീഷ് നഗരങ്ങളുടെ ലിസ്റ്റിലേക്ക് രണ്ടെണ്ണം കൂടി കൂട്ടിച്ചേർക്കപ്പെട്ടുഎന്ന വാർത്ത വരുന്നത്. ദീർഘദൂര ബോംബർ വിമാനങ്ങളുടെ ലക്ഷ്യത്തിലേക്ക് രണ്ട് നഗരങ്ങൾ കൂടി റഷ്യ കൂട്ടിച്ചേർത്തു എന്നത് ഒരു രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനെ അധീകരിച്ച് ഡെയ്ലി എക്സ്പ്രസ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ, ബോംബ് ആക്രമണത്തിനായി ലക്ഷ്യമിടുന്ന ബ്രിട്ടീഷ് നഗരങ്ങളുടെ എണ്ണം ഒൻപത് ആയി എന്നും റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ഇംഗ്ലണ്ടിലെരണ്ടു നഗരങ്ങളാണ് പുതിയതായി ലിസ്റ്റിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. അതിൽ ഒരു നഗരത്തിന് സൈന്യവുമായി ബന്ധമുണ്ടെന്ന് മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റേ നഗരത്തിന് അതില്ലെന്നും വ്യക്തമാക്കുന്നു. ചരിത്രപരമായി തന്നെ സൈന്യവുമായി ബന്ധമുള്ള ആൾഡർഷോട്ട്, കോൾചെസ്റ്റർ, പോർട്ട്സ്മത്ത് എന്നീ നഗരങ്ങൾ ഇതിനോടകം തന്നെ ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ചാഥാം, കെന്റ്, ടിഡ്വർത്ത്, സെയ്ൽസ്ബറി എന്നിവയിൽ ഏതെങ്കിലും ഒന്നാകാം പുതിയതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയ നഗരം എന്നാണ് അനുമാനിക്കുന്നത്.
ആക്രമിക്കുന്നതിനുള്ള ലക്ഷ്യസ്ഥാനങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റ്, ഒരു റഷ്യൻ ഏജന്റ് ആണ് കിഴക്കൻ യൂറോപ്പിലെ ബ്രിട്ടീഷ് ഇന്റലിജൻസ് ഓഫീസർക്ക് കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ലക്ഷ്യസ്ഥാനങ്ങൾ മാത്രമല്ല, മറിച്ച് ഏത് സൈനിക വിമാനത്താവളത്തിൽ നിന്നായിരിക്കും ബോംബിംഗിനായി വിമാനങ്ങൾ പറന്നുയരുക., ഈ പ്രവർത്തനത്തിനായി മാത്രം നിയോഗിക്കപ്പെട്ട ബോംബർ വിമാനങ്ങൾ എത്ര തുടങ്ങിയ വിശദാംശങ്ങളും ആ ലിസ്റ്റിൽ ഉണ്ട് എന്ന് എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ചെറിയ തോതിലുള്ള ആക്രമണത്തോടൊപ്പം ഒരു വൻ തോതിലുള്ള ആക്രമണവും നടത്തുമെന്നാണ് റിപ്പോർട്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോർട്ടിൽ പറയുന്നു. റോയൽ എയർഫോഴ്സിന്റെ ത്വരിത പ്രതികരണത്തെ വിഭാത്തിന്റെ ശ്രദ്ധ തിരിച്ചതിനു ശേഷം യഥാർത്ഥ ആക്രമണം നടത്തുക എന്ന നയമാണ് റഷ്യ സ്വീകരിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷ് മണ്ണിൽ റഷ്യ ആക്രമണം നടത്തിയാൽ അത് യു കെ ക്ക് എതിരായി മാത്രം ഉള്ള ആക്രമണമായിട്ടല്ല, മറിച്ച് നാറ്റോ സഖ്യത്തിനെതിരായ യുദ്ധമായിട്ടായിരിക്കും പരിഗണിക്കുക.
ലോകം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ നിന്നും ലോകമഹായുദ്ധ പൂർവ്വകാലത്തിലേക്ക് മാറുകയാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. 1937- ലെ സാഹചര്യമാണ് ബ്രിട്ടൻ ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് വിരമിക്കുന്ന ബ്രിട്ടീഷ് സൈന്യ തലവൻ ജനറൽ സർ പാട്രിക് സാൻഡേഴ്സും പറഞ്ഞിരുന്നു. റഷ്യയുമായുള്ള ഒരു യുദ്ധത്തിലേക്ക് ബ്രിട്ടൻ വലിച്ചിഴക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ ശക്തികൊണ്ട് സ്വാധീനം വർദ്ധിപ്പിക്കാനാണ് പുടിന്റെ ശ്രമം എന്ന് നാറ്റോ സഖ്യം വിശ്വസിക്കുകയും ചെയ്യുന്നു.
അതേസമയം, റഷ്യ ഉടനെയൊന്നും ബ്രിട്ടനെ ആക്രമിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രെയിൻ യുദ്ധം അവസാനിച്ചതിന് ശേഷം മാത്രമെ അത്തരമൊരു ആക്രമണത്തിന് സാധ്യതയുള്ളു. ഇംഗ്ലണ്ടിനെ വ്യോമാക്രമണത്തിൽ നിന്ന് രക്ഷിക്കുവാനായി എയർഫോഴ്സിന് രണ്ട് ത്വരിത പ്രതികരണ വിഭാഗങ്ങളാണ് ഉള്ളത്. കിഴക്കൻ ഇംഗ്ലണ്ടിലെ കോണിങ്സ്ബിയിലും സ്‌കോട്ട്ലാൻഡിലെ ലോസ്സീമൗത്തിലുമാണ് അവ സ്ഥിതി ചെയ്യുന്നത്.