ലണ്ടൻ: ഒരിക്കൽ ഒരു തെരെഞ്ഞെടുപ്പിൽ ജയിച്ചാൽ പിന്നെ മരണം വരെ പിടിവിടാതെ കടിച്ചു തൂങ്ങുന്നവരാണ് പൊതുവെ രാഷ്ട്രീയക്കർ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ. വരുന്ന തെരെഞ്ഞെടുപ്പിൽ നിന്നും സ്വയം വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് മന്ത്രിമാർ ഉൾപ്പടെയുള്ള ചില നേതാക്കൾ. ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയപ്പോഴുള്ള അനുഭവം, ജോലിയിൽ സമ്മർദ്ദമേറുന്നത്, അഭിപ്രായ സർവേകളിൽ പുറകോട്ട് പോകുന്നത് തുടങ്ങിയവയൊക്കെയാണ് ഇതിനുള്ള കാരണങ്ങളായി നിരത്തുന്നത്.

ഇതിനോടകം തന്നെ കൺസർവേറ്റീവ് പാർട്ടിയുടെ 40 ഓളം എം പിമാർ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 2010 ലെ പൊതു തെരഞ്ഞെടുപ്പിന് അന്നത്തെ ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ 100 എം പിമാർ മത്സരിക്കാതെ വിട്ടു നിന്നിരുന്നു. അതിനു ശേഷം ഇതാദ്യമായിട്ടാണ് ഒരു ഭരണ കക്ഷിയിലെ ഇത്രയധികം എം പിമാർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്.

നിലവിലുള്ള 352 ടോറി എം പിമാരിൽ ഇനിയും ധാരാളം പേർ വരുന്ന തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് ഒരു മുതിർന്ന പാർട്ടി വക്താവ് പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ എം പിമാർക്ക് അവർ സാധാരണ പാർലമെന്റിൽ ചെലവഴിക്കുന്നതിലും കൂടുതൽ സമയം ചെലവഴിക്കാൻ നിർബന്ധിത സാഹചര്യമൊരുക്കി. ഇതാണ് പലരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

പരിചയ സമ്പന്നരായ എം പിമാർക്ക് പുറമെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരും കളമൊഴിയുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. മാത്രമല്ല, പല ഉന്നത പദവികൾ വഹിച്ചവരും ഇപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ മടിക്കുന്നു. സാജിദ് ജാവിദ്, ഡൊമിനിക് റാബ്, മാറ്റ് ഹാൻകോക്ക് തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.

നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റി നിശ്ചയിച്ചതും ചിലരെ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വിജയ സാധ്യതയാണ് അവരെ അലട്ടുന്ന പ്രശ്നം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾ നിമിത്തം എം പിമാർക്ക് അധിക ജോലിഭാരം വന്നു ചേരുന്നതും ചിലർ കളമൊഴിയുന്നതിനുള്ള കാരണമായി പറയുന്നുണ്ട്.