ബർഗൻസ്റ്റോക്ക്: സ്വിറ്റ്‌സർലണ്ടിൻ ചേർന്ന യുക്രെയ്ൻ സമാധാന ഉച്ചകോടി സമാപിച്ചു. നിരവധി ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ നിന്നും റഷ്യ നേരത്തെ തന്നെ വിട്ടു നിന്നിരുന്നു. ഇപ്പോൾ ഉച്ചകോടിയെ സംയുക്ത പ്രസ്താവനയിൽ നിന്നും ഇന്ത്യ ഒപ്പുവെക്കാതെ വിട്ടുനിന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

യുക്രെയ്‌ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്നതായിരുന്നു ഉച്ചകോടിയുടെ ആവശ്യം. തൊണ്ണൂറിലേറെ രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ഇന്തൊനീഷ്യ, മെക്‌സിക്കോ, യുഎഇ തുടങ്ങി റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വിട്ടുനിന്നു. നിരീക്ഷകരായി ഉച്ചകോടിയിൽ പങ്കെടുത്ത ബ്രസീലും സംയുക്ത പ്രസ്താവന അംഗീകരിച്ചില്ല. 79 രാജ്യങ്ങൾ ഒപ്പുവച്ചു.

സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്‌നു തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമാധാനം പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജൂൺ 15, 16 തീയതികളിലായി സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിലാണ് ഉച്ചകോടി നടന്നത്. എന്നാൽ ഇതിലേക്ക് റഷ്യയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ചൈനയെ യുക്രെയ്ൻ ക്ഷണിച്ചെങ്കിലും അവർ പ്രതിനിധിയെ അയയ്ക്കാതെ വിട്ടുനിന്നു. എന്നാൽ റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായ തുർക്കി പ്രസ്താവനയിൽ ഒപ്പുവച്ചത് യുക്രെയ്‌ന് ആശ്വാസമായിട്ടുണ്ട്. ഇപ്പോഴും ചിലർ 'ബാലൻസിങ്ങിന്' ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രെയ്‌നിൽനിന്ന് റഷ്യൻ സൈന്യം പിന്മാറിയാൽ നാളെത്തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.

യുദ്ധം തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായിട്ടും റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇതുവരെ വിട്ടുനൽകിയിട്ടില്ല. പിടിച്ചെടുത്ത എല്ലാ യുക്രെയ്ൻ പ്രദേശങ്ങളും തിരിച്ചുനൽകണമെന്ന ആവശ്യത്തിൽ കൈവ് ഉറച്ചുനിൽക്കുകയാണ്. കിഴക്കൻ, തെക്കൻ യുക്രെയ്‌നിന്റെ വലിയൊരു ഭാഗം ഇതിനകം പിടിച്ചെടുത്ത മോസ്‌കോ ആക്രമണവുമായി മുന്നോട്ട് പോവുകയും ചെയ്തു. ഒറ്റക്കെട്ടായി നിന്നുകൊണ്ടുള്ള ശ്രമങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാനും നീതിയുക്തമായ സമാധാനം സ്ഥാപിക്കാനും കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി പറഞ്ഞു. അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് റഷ്യയെ പല നേതാക്കളും വിമർശിച്ചിരുന്നു.

ഉച്ചകോടിയിൽ യുക്രെയ്‌ന് 1.5 ബില്യൺ ഡോളർ സഹായം അമേരിക്ക പ്രഖ്യാപിച്ചു. റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്‌നിലെ അടിയന്തര ഊർജ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റ് ആവശ്യങ്ങൾക്കുമാണ് സഹായം. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. റഷ്യക്ക് പുറമെ ചൈനയും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നില്ല. ചൈന വിട്ടുനിൽക്കുന്നത് റഷ്യയെ ഒറ്റപ്പെടുത്താമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരുന്നു.

അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഗൗരവമുള്ളതല്ലെന്നും ഉച്ചകോടിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്നും ജർമൻ ചാൻസലർ ഒലാഫ്‌ഷോൾസ് പറഞ്ഞു. റഷ്യക്ക് കിഴക്കൻ മേഖലയിൽ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകുക, കൂടുതൽ മേഖലകളിൽനിന്ന് യുക്രെയ്ൻ സേനയെ പിൻവലിക്കുക, നാറ്റോ അംഗത്വ ശ്രമം അവസാനിപ്പിക്കുക എന്നിവയാണ് റഷ്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. എന്നാൽ, സമാധാന നിർദേശങ്ങളോട് ക്രിയാത്മകമായല്ല പാശ്ചാത്യരാജ്യങ്ങൾ പ്രതികരിച്ചതെന്ന് റഷ്യ ആരോപിച്ചു.