- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിനിന് ദീര്‍ഘദൂര മിസൈലുകള്‍ അനുവദിച്ചതോടെ യൂറോപ്പില്‍ യുദ്ധ കാഹളം മുഴങ്ങി; ക്രിസ്മസിന് മുന്‍പ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ചിലര്‍; യുദ്ധ സാഹചര്യം നേരിടാന്‍ പൗരന്മാര്ക്ക് ഗൈഡന്‍സ് പുറത്തിറക്കി സ്വീഡന്‍
യുദ്ധ സാഹചര്യം നേരിടാന്‍ പൗരന്മാര്ക്ക് ഗൈഡന്‍സ് പുറത്തിറക്കി സ്വീഡന്‍
മോസ്‌കോ: പോകുന്ന പോക്കില്‍ യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ അനുവദിച്ച ജോ ബൈഡന്റെ നടപടി മറ്റൊരു ലോകമഹായുദ്ധത്തിന് കളമൊരുക്കിയേക്കുമെന്ന ആശങ്ക പടരുന്നു. ഈ മിസൈലുകള്‍ റഷ്യയിലെക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ യുക്രെയിന് അനുമതി നല്‍കിയതോടെ ക്രിസ്ത്മസിനോട് അടുത്ത് ഒരുപക്ഷെ ഒരു ആണവയുദ്ധം തന്നെ ഉണ്ടായേക്കാം എന്നാണ് ലോകം ഭയക്കുന്നത്. യുക്രെയിന് അത്തരമൊരു അനുമതി നല്‍കുക വഴി ബ്രിട്ടനും, ഫ്രാന്‍സും, അമേരിക്കയുമുള്‍പ്പടെയുള്ള പാശ്ചാത്യ സഖ്യം ഒരു ആണവായുദ്ധത്തിന് ആണ് തുടക്കമിട്ടിരിക്കുന്നത് എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്റെ മുന്‍ വക്താവ് സെര്‍ജി മാര്‍ക്കോവ് പറഞ്ഞു.
സുരക്ഷാ അറകളില്‍ അഭയം തേടേണ്ടി വരുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ക്ക് പരസ്പരം ക്രിസ്ത്മസ് ആശംസകള്‍ കൈമാറാന്‍ കഴിയുമോ എന്ന സംശയമുണര്‍ത്തുന്നതാണ് അധികാരത്തില്‍ നിന്നും ഇറങ്ങി പോകുന്ന വഴി ജോ ബൈഡന്‍ ചെയ്തതെന്നും മാര്‍ക്കോവ് പറഞ്ഞു. ഇതേ വാക്കുകള്‍ തന്നെയായിരുന്നു അമേരിക്കന്‍ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും പ്രതിദ്വനിപ്പിച്ചത്. അമേരിക്കയുടെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുവാന്‍ യുക്രെയിന് അനുവാദം നല്‍കിയവര്‍ ആഗ്രഹിക്കുന്നത്, തന്റെ പിതാവിന് സമാധാനമുണ്ടാക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുക എന്നതാണ് എന്നായിരുന്നു ട്രംപ് ജൂനിയര്‍ പറഞ്ഞത്.
എന്നാല്‍, ജോ ബൈഡന്റെ ഞെട്ടിക്കുന്ന ഈ നീക്കത്തെ യുക്രെയിനും ബ്രിട്ടനും സ്വാഗതം ചെയ്തിരിക്കുകയാണ്. പല പ്രധാന യൂറോപ്യന്‍ നേതാക്കളും ബൈഡന്റെ നീക്കത്തെ അനുകൂലിക്കുന്നവരാണ്. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും, ആയുധങ്ങളായും ധനസഹായമായും പാശ്ചാത്യ ശക്തികള്‍ യുക്രെയിനിനെ സഹായിക്കാന്‍ എത്തിയപ്പോഴൊക്കെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യന്‍ മാധ്യമങ്ങളും ഭരണകൂടത്തോട് വിധേയത്വം പുലര്‍ത്തുന്ന ബുദ്ധിജീവികളും ഇത്തരത്തില്‍ ആണവ യുദ്ധ ഭീഷണിയുമായി മുന്‍പോട്ട് വന്നിരുന്നെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, മുന്‍പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അതീവ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യയുള്ള ഈ മിസൈലുകള്‍ ഉപയോഗിക്കുവാന്‍ യുക്രെയിന് പാശ്ചാത്യ വിദഗ്ധരുടെ സഹായം ആവശ്യമാണെന്നതിനാല്‍, അത്തരത്തിലൊരു സന്ദര്‍ഭം ഉണ്ടായാല്‍ അത് പാശ്ചാത്യ ശക്തികല്‍ യുദ്ധത്തില്‍ നേരിട്ട് ഇടപെടുന്നതായി കണക്കാക്കുമെന്നും മാര്‍ക്കോവ് പറയുന്നു. അതുകൊണ്ടു തന്നെ റഷ്യക്ക് പാശ്ചാത്യ സഖ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടതായി വരും.
അതേസമയം, ഒരു യുദ്ധസാഹചര്യം ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണം എന്ന നിര്‍ദ്ദേശമടങ്ങുന്ന അന്‍പത് ലക്ഷത്തോളം ലഘുലേഖകളാണ് സ്വീഡന്‍ തയ്യാറാക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ സമാഹരിക്കുന്നതും, ആണവാക്രമണം ഉണ്ടായാല്‍ സംരക്ഷണം തേടേണ്ടതും ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഈ ലഘുലേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ജോ ബൈഡന്റെ തീരുമാനത്തെ തുടര്‍ന്ന് റഷ്യയും നാറ്റൊയും തമ്മിലുള്ള സംഘര്‍ഷം കനത്തതോടെയാണിത്. റഷ്യന്‍- യുക്രെയിന്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ തന്നെ സ്വീഡിഷ് ഭരണകൂടം ജനങ്ങളോട് ഒരു യുദ്ധ സമാന സാഹചര്യത്തിനായി മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അരക്ഷിതാവസ്ഥ കുടികൊള്ളുന്ന ഒരു ലോകത്ത് ഏത് സമയത്തും തയ്യാറെടുത്ത് നില്‍ക്കുക എന്നത് അത്യാവശ്യമായ ഒന്നാണെന്ന് ലഘുലേഖയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. ആണവ- ജൈവ - രാസ യുദ്ധങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉണ്ടാകുവാന്‍ സാധ്യത ഏറെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം തയ്യാറെടുപ്പുകള്‍ക്ക് പ്രാധാന്യം ഏറുന്നു എന്നും അതില്‍ പറയുന്നു.