- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം നമ്മെ വിലയിരുത്തും; ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ വീണ്ടും പ്രതികരിച്ച് യു.എൻ സെക്രട്ടറി ജനറൽ; ഗസ്സക്ക് സഹായമെത്തിക്കാനായി വെടിനിർത്തൽ വേണമെന്ന് അന്റോണിയോ ഗുട്ടറസ്; ഗസ്സയിൽ പ്രവേശിച്ചതായി ഇസ്രയേൽ സൈന്യവും
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഗസ്സ അനുകൂല പരാമർശനങ്ങളുമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഗസ്സക്ക് സഹായമെത്തിക്കാനായി വെടിനിർത്തൽ വേണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ എല്ലാ ബന്ദികളേയും വിട്ടയക്കണം. ജീവൻരക്ഷാ മരുന്നുകളുടെ വിതരണം ഗസ്സയിൽ അനുവദിക്കണം. സ്വന്തം ചുമതലകൾ എല്ലാവരും നിർവഹിക്കണം. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമ്മെ വിലയിരുത്തുമെന്നും അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
അതിനിടെ ഗസ്സയിൽ വ്യോമാക്രമണം തുടരുന്നതിനിടെ, കരയുദ്ധത്തിന് തുടക്കമിട്ട് വടക്കൻ ഗസ്സയിൽ പ്രവേശിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. യുദ്ധ ടാങ്കുകൾ ഉൾപ്പെടെ മേഖലയിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സൈന്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വിവിധ സേനാവിഭാഗങ്ങൾ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ ഗസ്സയിൽ കടന്നതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.
യുദ്ധം ആരംഭിച്ച് 22ാം ദിനത്തിലേക്ക് കടന്നപ്പോൾ മനുഷ്യ മനസ്സാക്ഷി മരവിക്കുന്ന ദൃശ്യങ്ങളാണ് ഗസ്സയിൽ നിന്ന് വരുന്നത്. ഗസ്സയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രയേൽ ആക്രമണം. യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. വാർത്താവിനിമയ, വൈദ്യുതി സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ ഗസ്സക്ക് പുറംലോകവുമായി ബന്ധമറ്റു. മരണസംഖ്യപോലും കണക്കാക്കാനാവാത്ത ആക്രമണമാണ് ഗസ്സക്ക് മേൽ തുടരുന്നത്.
അർധരാത്രിയോടെയാണ് ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചത്. ഇരച്ചെത്തിയ ഇസ്രയേൽ യുദ്ധവിമാനങ്ങൾ വർഷിച്ച ബോംബുകൾ നൂറുകണക്കിന് കെട്ടിടങ്ങൾ തകർത്തു. കര-വ്യോമ-കടൽ മാർഗങ്ങളിലൂടെ ആക്രമണം തുടർന്നു. വാർത്താവിനിമയ-ഇന്റർനെറ്റ് സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ പരിക്കേറ്റവരുടെ ലൊക്കേഷൻ പോലും സന്നദ്ധപ്രവർത്തകർക്കും ആംബുലൻസുകൾക്കും ലഭിക്കാതായി.
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകർ ഉൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടവരിലുൾപ്പെടും. ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുപറയാനാകില്ലെന്ന് അന്താരാഷ്ട്ര ഏജൻസികളായ റോയിട്ടേഴ്‌സിനോടും എ.എഫ്.പിയോടും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സയിൽ ഇസ്രയേൽ നരനായാട്ടിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയം പാസായിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി ഉടനടി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയിൽ 22 അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 എതിർത്ത് വോട്ട് ചെയ്തു. 45 അംഗരാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇസ്രയേലും യു.എസും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
ഫലസ്തീൻ പൗരന്മാർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ഗസ്സക്ക് മാനുഷിക സഹായം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും ?പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗസ്സയിൽ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രയേലിന്റെ നിർദ്ദേശം പിൻവലിക്കണം. നിർബന്ധപൂർവം ഫലസ്തീനികളെ വടക്കൻ ഗസ്സയിൽ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.
യു.എസിന്റെയും കാനഡയുടേയും സമ്മർദത്തിന് വഴങ്ങി ഹമാസിനെ അപലപിച്ചും ബന്ദികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം 55നെതിരെ 88 വോട്ടുകൾക്ക് പാസായെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളിപ്പോയി.
മറുനാടന് ഡെസ്ക്