ബെയ്‌റൂത്ത്: ഇസ്രായേലിനെ വിമര്‍ശിച്ചു പലസ്തീന്‍, അധിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പിന്തുടരുന്ന നയത്തിലാണ് വിമര്‍ശനം ഉന്നയിച്ചു കണ്ട യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തുവന്നത്. ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാകുന്നത് ഇസ്രായേല്‍ നിലപാടാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗുട്ടറസ് ഇസ്രായേല്‍ നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

നിരന്തരമായി വെസ്റ്റ്ബാങ്കിന്റെ ഘടനയില്‍ മാറ്റം വരുത്തുകയാണ് ഇസ്രായേലെന്നും ഗുട്ടറസ് കുറ്റപ്പെടുത്തി. ബുധനാഴ്ച നടന്ന യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് ഗുട്ടറസിന്റെ പ്രസ്താവന പുറത്ത് വന്നത്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റം ഇസ്രായേല്‍ വലിയ രീതിയില്‍ വര്‍ധിപ്പിക്കുകയാണ്. പ്രധാനപ്പെട്ട മേഖലകളില്‍ ഭൂമി ഏറ്റെടുത്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഇത് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാകുമെന്ന ആശങ്കയാണ് ഗുട്ടറസ് പ്രകടിപ്പിക്കുന്നത്.

ഫലസ്തീനിയന്‍ അതോറിറ്റിക്കെതിരെ ശിക്ഷാര്‍ഹമായ നടപടികളാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ അഞ്ച് ഇസ്രായേലി ഔട്ട്‌പോസ്റ്റുകള്‍ നിയമപരമാക്കിയത് ഇതിന്റെ ഭാഗമാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തണം. ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണം. മുഴുവന്‍ ബന്ദികളേയും വിട്ടയക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.

നേരത്തെ അധിനവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. പ്രദേശത്തെ ഇസ്രായേലി കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഗസ്സയില്‍ ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതിന് ശേഷമാണ് ഫലസ്തീനികള്‍ക്കെതിരെ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചത്.

അതിനിടെ ഇസ്രായേലിനെതിരെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുല്ല സജീവമായ ലബനാനില്‍ ഇസ്രായേല്‍ നേരിട്ട് യുദ്ധത്തിനടുത്തെന്നും സൂചനയുണ്ട്. ഒമ്പത് മാസമായി അതിര്‍ത്തിക്ക് ഇരുവശത്തും ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ലബനാനിലെ രണ്ടിടത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങളുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഉമ്മു തൂത് ഗ്രാമത്തില്‍ അഞ്ചുപേരും മറ്റൊരിടത്ത് രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ കുരുതിയെ യൂനിസെഫ് അപലപിച്ചു.

ദക്ഷിണ ലബനാനില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ക്കു മേലാണ് ഇസ്രായേല്‍ ബോംബ് പതിച്ചത്. ഗസ്സയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹിസ്ബുല്ല വടക്കന്‍ ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്ന പേരിലാണ് സിവിലിയന്മാര്‍ക്കുമേല്‍ ബോംബിട്ടത്. ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നത് വൈകാതെ തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ യുദ്ധം ആരംഭിച്ചാല്‍ ഗസ്സയിലെ കുരുതി ലോകമറിയാതെ പോകുമെന്ന് മാത്രമല്ല, ഇതുവരെയും പിന്നാമ്പുറത്ത് നില്‍ക്കുന്ന യു.എസും ഇറാനും പരസ്യമായി രംഗത്തിറങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ലബനാനില്‍ ആക്രമണമുണ്ടായാല്‍ സങ്കല്‍പത്തിനതീതമായ മഹാദുരന്തമാണ് കാത്തിരിക്കുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാസങ്ങള്‍ക്കിടെ, ലബനാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 543 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ ലബനാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ ആക്രമണം ശക്തമാക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച അഞ്ചു പേര്‍ക്ക് പുറമെ തൊട്ടുതലേന്ന് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ലബനാനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമെന്ന് ഇസ്രായേല്‍ വിശദീകരിക്കുന്നുവെങ്കിലും കൊല്ലപ്പെടുന്നത് സിവിലിയന്മാരാണെന്നത് രാജ്യത്ത് രോഷം ശക്തമാക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ലബനാന്‍ ഇത്ര രൂക്ഷമായ ആക്രമണത്തിനിരയാകുന്നത്.