- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി
യുഎൻ: ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ട് അഞ്ചുമാസം പിന്നിട്ടപ്പോൾ, ഇതാദ്യമായി അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി. ഇസ്രയേലിന്റെ സുഹൃദ് രാഷ്ട്രമായ യുഎസ് വോട്ടിങ്ങിൽ വിട്ടുനിന്നു. 15 സ്ഥിരാംഗങ്ങളിൽ 14 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. റമദാൻ മാസത്തിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
10 അംഗങ്ങൾ ചേർന്ന് കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും യു.എന്നിലെ 22 അംഗ അറബ് ഗ്രൂപ്പുമടക്കം പിന്തുണച്ചു. റമദാൻ പകുതി പിന്നിട്ടിരിക്കെ, രണ്ടാഴ്ചക്കകം വെടിനിർത്തൽ നടപ്പാക്കാനാകുമോയെന്നതാണ് പ്രധാന വെല്ലുവിളി. അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അത് സുദീർഘവും സുസ്ഥിരവുമായ യുദ്ധവിരാമമായി മാറ്റുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.ഹമാസ് ഒക്ടോബർ 7ന് പിടികൂടിയ ബന്ദികളെ വിട്ടയ്ക്കണമെന്നും പ്രമേയത്തിലുണ്ട്. അതേ സമയം, വിട്ടുനിന്നെങ്കിലും ഈ പ്രമേയം ഖത്തർ, ഈജിപ്ത് തുടങ്ങിയവയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളെ തുരങ്കംവെക്കുന്നതാണെന്ന് യു.എസ് കുറ്റപ്പെടുത്തി.
സ്ഥിരമായ വെടിനിർത്തൽ എന്ന നാക്ക് നീക്കം ചെയ്യുന്നതിനോട് അവസാന നിമിഷം റഷ്യ എതിർപ്പ് രേഖപ്പെടുത്തുകയും വോട്ടിന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അത് പാസായില്ല. അറബ് സഖ്യത്തിൽ ഉൾപ്പെട്ട അൾജീരിയയാണ് പ്രമേയത്തിന്റെ കരട് രൂപം ഭാഗികമായി തയ്യാറാക്കിയത്.
നേരത്തേ മൂന്നു തവണ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെയും അമേരിക്ക വീറ്റോ പ്രയോഗിച്ചിരുന്നു. ഇസ്രയേലിനെതിരെ ആഗോള സമ്മർദം കനക്കുന്നത് കണക്കിലെടുത്ത് ഒടുവിൽ യു.എസ് തന്നെ കഴിഞ്ഞദിവസം വെള്ളം ചേർത്ത വെടിനിർത്തൽ പ്രമേയം അവതരിപ്പിച്ചപ്പോൾ റഷ്യയും ചൈനയും ചേർന്ന് വീറ്റോ ചെയ്ത് പരാജയപ്പെടുത്തി.
ബന്ദിമോചനവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച പ്രമേയം യഥാർഥത്തിൽ വെടിനിർത്തൽ ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇരു രാജ്യങ്ങളുടെയും നടപടി. ഇതിനുപിന്നാലെയാണ് വീണ്ടും വെടിനിർത്തൽ പ്രമേയം രക്ഷാസമിതിയിലെത്തിയത്. വെള്ളിയാഴ്ചത്തെ പ്രമേയത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രമേയം ഖത്തറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ചർച്ചകളുമായി നേരിട്ട് ബന്ധപ്പട്ടതല്ല. ഹമാസിനെ അപലപിക്കാത്ത മുൻ പ്രമേയങ്ങളെ എല്ലാം ഇസ്രയേൽ നേരത്തെ വിമർശിച്ചിരുന്നു.