ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കി മാറ്റിയാൽ എന്തായിരിക്കും യുഎൻ ചെയ്യുക? അത്തരം അപേക്ഷകൾ വന്നാൽ, യുഎൻ പരിഗണിക്കാറുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഫർഹാൻ ഹഖ് അറിയിച്ചു.

ജി 20 ഉച്ചകോടിയോടുബന്ധിച്ച് രാഷ്ട്രപതി ഭവൻ അയച്ച ക്ഷണക്കത്തുകളിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് പരാമർശിച്ചതോടെയാണ് വിഷയം വിവാദമായത്. പ്രതിപക്ഷം ഈ വിഷയം ഏറ്റെടുക്കുകയും, ശക്തമായ വിമർശനം അഴിച്ചുവിടുകയും ചെയ്തു.

സർക്കാരുകൾ ഇക്കാര്യത്തിൽ അഭ്യർത്ഥന നടത്തിയാൽ മാത്രമേ തീരുമാനമെടുക്കൂവെന്നാണ് യുഎൻ വക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കിയത്. തുർക്കിയുടെ പേര് തുർക്കിയെ എന്നാക്കിയത് അദ്ദേഹം ഉദാഹരണമായി പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവാണ് ഫർഹാൻ ഹഖ്.

'തുർക്കിയുടെ കാര്യത്തിൽ, സർക്കാർ ഞങ്ങൾക്ക് കൈമാറിയ ഒരു ഔപചാരിക അപേക്ഷ പരിഗണിക്കുകയാണ് ചെയ്തത്. ഞങ്ങൾക്ക് അത്തരത്തിലുള്ള അഭ്യർത്ഥനകൾ ലഭിക്കുകയാണെങ്കിൽ അവ വരുന്നതുപോലെ പരിഗണിക്കും,' ഫർഹാൻ ഹഖ് പറഞ്ഞു. 1923 ലാണ് തുർക്കി റിപ്പബ്ലിക്കായത്. അന്നാണ് റിപ്പബ്ലിക് ഓഫ് തുർക്കി, അഥവാ തുർക്കി എന്ന പേര് സ്വീകരിച്ചത്. 2021 ലാണ് യുഎന്നിന് അപേക്ഷ നൽകി തുർക്കി, തുർക്കിയെ എന്ന് പേരുമാറ്റിയത്.

സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത്. ഒരു ഔദ്യോഗിക പരിപാടിയിൽ ആദ്യമായാണ് ഇത്തരത്തിൽ പേരുമാറ്റം. 'ഭാരത്' എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ''ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും'' എന്നാണ് ആർട്ടിക്കിൾ 1ൽ പറയുന്നത്. 'ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്'' എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്ലെറ്റിലും 'ഭാരത്' ഉപയോഗിച്ചിട്ടുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചത്. 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്ന് അദ്ദേഹം മുൻപു എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചിരുന്നു. ജൂലൈയിൽ പ്രതിപക്ഷ മുന്നണി, 'ഇന്ത്യ' (ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കഴിഞ്ഞദിവസം ആർഎസ്എസും ആവശ്യപ്പെട്ടിരുന്നു. ''ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി 'ഭാരത്' ഉപയോഗിക്കാൻ തുടങ്ങണം. ഇംഗ്ലിഷ് സംസാരിക്കുന്നവർക്കു മനസ്സിലാകാൻ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോൾ അതു ശീലമായി. ഇനിയെങ്കിലും നമ്മൾ ഇത് ഉപയോഗിക്കുന്നത് നിർത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനിൽക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.'' ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു