- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനിസ്വലന്‍ പ്രസിഡന്റിനെതിരെ വീണ്ടും യുഎസ്; നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു; നടപടി മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍
വെനിസ്വലന്‍ പ്രസിഡന്റിനെതിരെ വീണ്ടും യുഎസ്; നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. മദൂറോ മൂന്നാമതും വെനിസ്വേലന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു യു.എസ് പ്രഖ്യാപനം. വെനസ്വലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഈ നടപടി.
പ്രതിപക്ഷ നേതാക്കളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വിമര്‍ശനങ്ങള്‍ക്കിടെയാണ് മദൂറോ വീണ്ടും വെനിസ്വേലന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. മദൂറോയെ കൂടാതെ, ആഭ്യന്തരമന്ത്രി ഡിയസ്ഡാഡോ കാബെല്ലോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കും അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചത്. 15 മില്യണ്‍ ഡോളറാണ് പ്രതിരോധ മന്ത്രി വ്‌ലാദിമിര്‍ പഡ്രിനോയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ പ്രതിഫലമായി യു.എസ് ഓഫര്‍ നല്‍കിയിരിക്കുന്നത്.
ജഡ്ജിമാരും സുരക്ഷ സേനയിലെ അംഗങ്ങളും, സൈനിക ഉദ്യോഗസ്ഥരുമടക്കമുള്ള വെനിസ്വേലയിലെ 15 ഉന്നതര്‍ക്ക് യു.കെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിനെയും നിയമവാഴ്ചയുടെയും അടിത്തറയിളക്കിയതിനും വെനിസ്വേലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധം ചുമത്തിയതെന്ന് യു.കെ അറിയിച്ചു. വെള്ളിയാഴ്ച യൂറോപ്യന്‍ യൂനിയനും വെനസ്വേലയ്‌ക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യന്‍ യൂനിയന്റെ വാദം. കാനഡയും വെനസ്വേലക്കെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ യു.എസ് വെനസ്വേലക്കെതിരായ ഇന്ധന ഉപരോധം പുനസ്ഥാപിച്ചിരുന്നു. കൊക്കെയ്ന്‍ ഒഴുക്കു വര്‍ധിപ്പിച്ച് അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നും മയക്കുമരുന്ന് ആയുധമായി ഉപയോഗിക്കുന്നുവെന്നുമായിരുന്നു മദൂറോക്കെതിരെ യു.എസ് ഉയര്‍ത്തിയ പ്രധാന ആരോപണം. 2020 മുതല്‍ പാശ്ചാത്യ രാജ്യങ്ങളും പ്രതിപക്ഷ നേതാക്കളും ആവര്‍ത്തിക്കുന്ന ആരോപണങ്ങളെ തള്ളുകയാണ് മദൂറോ. രാജ്യത്തിന്റെ സാമ്പത്തിക അധപതനത്തിന് കാരണം യു.എസിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങളാണെന്നും മദൂറോ കുറ്റപ്പെടുത്തിയിരുന്നു.
ജൂലൈ 28നാണ് വെനിസ്വേലയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ബ്രസീലും കൊളംബിയയും അടക്കമുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചിരുന്നില്ല.