ന്യൂയോർക്ക്: ഇസ്രയേൽ-ഹമാസ് യുദ്ധം മുറുകവേ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി ഹോളിവുഡ് താരങ്ങൽ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ 50 ലധികം കലാകാരന്മാർ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. ഓക്സ്ഫോം അമേരിക്ക, ആക്ഷൻ എയ്ഡ് യുഎസ് എന്നീ സംഘടനകർ നേതൃത്വം നൽകുന്ന പ്രതിഷേധത്തിൽ പാട്ടുകാരികളും ലോകത്തുടനീളമായി അനേകം ആരാധകരുമുള്ള പാട്ടുകാരികളും നടിമാരുമായ സെലീനാഗോമസ്, ജെന്നിഫർലോപ്പസ് മോഡലുകളായ ജിജി, ബെല്ല ഹദീദ് എന്നിവരെല്ലാം കത്തയച്ചവരിൽ പെടുന്നു.

ഫലസ്തീനിലെയും ഇസ്രയേലിലെയും പൗരന്മാരെ കൊല്ലുന്നതിനെ തങ്ങൾ അപലപിക്കുന്നതായും വിശുദ്ധഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും ബഹുമാനിച്ച് കാലതാമസം കൂടാതെ വെടിനിർത്തലിനും ബോംബാക്രമണത്തിനും നിരോധനം കൊണ്ടുവരാൻ സൗകര്യമൊരുക്കണമെന്നും ജോ ബൈഡനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുള്ള കത്തിൽ പറയുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ രണ്ടുലക്ഷത്തോളം പേർ അവരുടെ വീടുകളിൽ നിന്നും പലായനം ചെയ്യാൻ നിർബ്ബന്ധിതമായിരിക്കുകയാണെന്നും അവരിലേക്ക് സഹായം എത്താൻ അനുവദിക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വംശീയതയും വിശ്വാസവുമൊന്നുമല്ല ഇവിടെ വിഷയം ഓരോ ജീവനും വിലപ്പെട്ടതാണെന്നും ഒന്നര ആഴ്ചയ്ക്കുള്ളിൽ 5000 ജീവനുകൾ പൊലിഞ്ഞ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളും കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണെന്നും പറയുന്നു. ഗസ്സയലെ ദുരിതങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ യുഎസിന് സുപ്രധാന പങ്കുവഹിക്കാനാകുമെന്നത് തങ്ങൾ കരുതുന്നതെന്നും ഒരു ജീവൻകൂടി നഷ്ടമാകും മുമ്പ് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താങ്കളും യുഎസ് കോൺഗ്രസും ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.

മനുഷ്യത്വത്തിനാണ് ഇവിടെ പ്രാധാന്യമെന്നും എല്ലാ ആളുകളുടേയും സ്വാതന്ത്ര്യത്തിനും നീതിക്കും അന്തസ്സിനും സമാധാനത്തിനും വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും ഇത്രയധികം ജീവനുകൾ നഷ്ടപ്പെടുമ്പോൾ തങ്ങൾ ഒന്നും ചെയ്യാതെ കയ്യുംകെട്ടി നിന്നു എന്ന് വരും തലമുറയോട് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

അതേസമയം ഇസ്രയേലിന് മേൽ കടുത്ത സമ്മർദ്ദമാണ് ലോകരാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത്. യു.എസ്, ഇറ്റലി, ഫ്രാൻസ്, യു.കെ, റുമേനിയ, ജർമനി, ബംഗ്ലാദേശ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ ആയിരങ്ങൾ പ്രതിഷേധ ബാനറും ഫലസ്തീൻ പതാകയുമായി തെരുവിലിറങ്ങി. ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കറുപ്പും വെളുപ്പും നിറത്തിലുള്ള കഫിയ അണിഞ്ഞും ഫലസ്തീൻ പതാക വീശിയും സമരക്കാർ 'ഫലസ്തീൻ സ്വതന്ത്രമാകും', 'ബൈഡൻ യു.എസിനെ വഞ്ചിക്കുന്നു', 'യു.എസ് ഇസ്രയേൽ സർക്കാറിന്റെ പാവയാകരുത്' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.

ലണ്ടനിലും പല്‌സ്തീൻ അനുകൂല റാലി നടന്നു. ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പ്രതീകമായി കുട്ടികളുടെ മൃതദേഹം പൊതിഞ്ഞ മാതൃക സമരക്കാർ നിരത്തിവെച്ചു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരും എഴുതിയിട്ടുണ്ടായിരുന്നു. യുദ്ധവെറിപൂണ്ട ഇസ്രയേലിനുള്ള സാമ്പത്തിക സഹായവും പിന്തുണയും യു.എസ് അവസാനിപ്പിക്കൂവെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇറ്റലിയിലെ മിലാനിലും റോമിലും ആയിരങ്ങൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്തി. ഇസ്രയേൽ-സെമിറ്റിക് വിരുദ്ധത കാൻസറും പ്ലേഗും ആണെന്ന് ഉപപ്രധാനമന്ത്രി മറ്റിയോ സാൽവിനി പ്രതികരിച്ചു. ജർമനിയിലെ ബർലിനിൽ 6000ത്തിലേറെ പേർ പ്രതിഷേധത്തിൽ പങ്കുചേർന്നു. ആയിരത്തിലേറെ പൊലീസുകാരെ നഗരത്തിൽ വിന്യസിച്ചിരുന്നു. ഇസ്രയേലിനെതിരായ ബാനറുകൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പശ്ചിമ ജർമൻ നഗരമായ ഡസൽഡോർഫിലും പ്രകടനം നടന്നു.

റുമേനിയയിലെ ബുക്കറസ്റ്റിൽ പ്രതിഷേധക്കാർ 'ഗസ്സയിലെ കുട്ടികളെ രക്ഷിക്കുക' എന്ന ബാനർ ഉയർത്തി. തുർക്കിയയിൽ ഫലസ്തീനികളെ പിന്തുണക്കുന്ന സംഘം യു.എസ് സൈനിക ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കിയ സന്ദർശിക്കുന്നതുകൂടി കണക്കിലെടുത്താണ് പ്രതിഷേധം. യു.കെയിലെ നോട്ടിങ്ഹാമിൽ നടന്ന റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്.

ഫോറസ്റ്റ് ഫീൽഡ് പാർക്കിൽനിന്ന് ആരംഭിച്ച റാലി നോട്ടിങ്ഹാം നഗരം ചുറ്റി ബി.ബി.സി ഓഫിസിനു മുന്നിൽ അവസാനിച്ചു. വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാർ നോട്ടിങ്ഹാം റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച നോട്ടിങ്ഹാം സിറ്റി കൗൺസിൽ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഫലസ്തീനിലെ ഫ്രീഡം പ്ലാസയിൽ ഗസ്സയിൽ മരിച്ച കുരുന്നുകളുടെ പ്രതീകാത്മക മൃതദേഹങ്ങളുമായി നടന്ന പ്രതിഷേധം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനും ബ്രിട്ടീഷ് ചാനലായ ബി.ബി.സിക്ക് എതിരെയും റാലിയിൽ രൂക്ഷവിമർശനമുണ്ടായി. ഫ്രാൻസിലും വിവിധയിടങ്ങളിൽ ഫലസ്തീനിലെ കൂട്ടക്കുരുതിക്കെതിരെ പ്രകടനം നടന്നു. തലസ്ഥാനമായ പാരിസിൽ ആയിരങ്ങൾ പങ്കുകൊണ്ടു.