- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണ്ണിമത്തന് അകത്താക്കി തായ്ലന്‍ഡിലെ ഹിപ്പോ 'പ്രവചിച്ചത്' ട്രംപിന്റെ വിജയം; തിരഞ്ഞെടുപ്പുകളുടെ നോസ്ത്രഡാമസ് അലന്‍ ലിക്ട്മാന്‍ കമല ഹാരിസിനൊപ്പം; സ്വിങ് സ്റ്റേറ്റുകള്‍ പോളിങ് ബൂത്തിലേക്ക്; യുഎസ് ജനത വിധിയെഴുതുന്നു
സ്വിങ് സ്റ്റേറ്റുകള്‍ പോളിങ് ബൂത്തില്‍, യുഎസ് ജനത വിധിയെഴുതുന്നു
വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്റെ പിന്‍ഗാമിയാരെന്ന് നിര്‍ണയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആരായിരിക്കും 47ാമത് പ്രസിഡന്റ് എന്നറിയാനുള്ള ആകാംഷയിലാണ് അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം ലോകവും. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ബൈഡന്റെ ഡെപ്യൂട്ടിയുമായ കമലാ ഹാരിസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതയാകുമോ അതോ ഇടവേളയ്ക്ക് ശേഷം ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലേക്ക് മടങ്ങിയെത്തുമോ എന്നത് മണിക്കൂറുകള്‍ക്കകം അമേരിക്കന്‍ ജനത വിധി നിര്‍ണയിക്കും. ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ 33 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്.
വെര്‍മോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെയാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിന് തുടക്കമായത്. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വെര്‍മോണ്ടിലെ പോളിങ് ബൂത്തുകള്‍ ഉണര്‍ന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പോളിങ് ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, മിഷിഗന്‍, പെനിസില്‍വേനിയ എന്നിവയ്ക്കു പുറമെ, ഫ്‌ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാന്‍ഡ്, മസാച്യുസിറ്റ്‌സ്, മിസോറി, റോഡ് ഐലന്‍ഡ്, സൗത്ത് കാരോലൈന, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് തുടങ്ങിയത്. ഇതോടെ വോട്ടെടുപ്പ് ആരംഭിച്ച സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ആകെ 50 സംസ്ഥാനങ്ങളാണ് അമേരിക്കയിലുള്ളത്.
ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.30-ന് മുമ്പ് വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ എക്സിറ്റ് പോള്‍ ഫലം പുറത്തെത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. 17 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 7.5 കോടി പേര്‍ ബാലറ്റിലൂടെയും ഇ-മെയില്‍ മുഖേനയും മുന്‍കൂര്‍ വോട്ട് ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ആദ്യഫലസൂചനകള്‍ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്‌സ്.ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും.
കമല ഹാരിസ് (60) ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും വേറിട്ട ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. പോളിങ് ശതമാനം ഇക്കുറി റെക്കോര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകള്‍ക്കെതിരെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യന്‍, ഇറാന്‍ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശമുണ്ട്.
പ്രവചനങ്ങളില്‍ ട്രംപും കമലയും
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍കൊണ്ട് ശ്രദ്ധേയനായ അലന്‍ ലിക്ട്മാന്റെ പ്രവചനം ഇത്തവണ കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിലെ ഫലം പ്രവചിക്കുന്നവര്‍ക്കിടയില്‍ 'തിരഞ്ഞെടുപ്പുകളുടെ നോസ്ത്രഡാമസ്' എന്ന് അറിയപ്പെടുന്ന ലിക്ടമാന്റെ 2024 അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രവചനം ഇതിനു മുമ്പും ചര്‍ച്ചയായിരുന്നു.
ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കം നല്‍കുന്ന അഭിപ്രായ വോട്ടെടുപ്പുകളെ തള്ളിപറഞ്ഞുകൊണ്ടാണ് അലന്‍ ലിക്ടാമാന്റെ പ്രവചനം. ചരിത്രം കുറിച്ചുകൊണ്ട് കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായും, ആദ്യ ആഫ്രിക്കന്‍- ഏഷ്യന്‍ വംശജയായ പ്രസിഡന്റായും കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടും-അഭിമുഖത്തില്‍ ലിക്ട്മാന്‍ അഭിപ്രായപ്പെട്ടു.
കമല ഹാരിസിന് അനുകൂലമായിരുക്കും തിരഞ്ഞെടുപ്പ് ഫലമെന്ന ലിക്ടമാന്റെ ആദ്യ പ്രവചനം പുറത്തുവന്നതോടെ ട്രംപ് അനുകൂലികളുടെ ഇടയില്‍നിന്ന് വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ലിക്ടമാന്‍ പ്രവചനത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സ്ട്രാറ്റജികള്‍ക്കും പ്രചാരണങ്ങള്‍ക്കും ഉപരിയായി സര്‍ക്കാരിന്റെ ഭരണനിര്‍വ്വഹണത്തില്‍ ഊന്നിയാണ് അമേരിക്കന്‍ ജനത വോട്ട് ചെയ്യുന്നതെന്നാണ് ലിക്ടമാന്റെ വീക്ഷണം. 1984 മുതല്‍ ലിക്ടമാന്‍ നടത്തിയിട്ടുള്ള യു.എസ് തിരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ പത്തില്‍ ഒമ്പതും ശരിയായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ച ലിക്ടമാനെ മറ്റ് മുഖ്യധാര പ്രവചന കേന്ദ്രങ്ങള്‍ തള്ളിയെങ്കിലും ഫലം ലിക്ടമാന് അനുകൂലമായിരുന്നു.
എന്നാല്‍ താനും മനുഷ്യനാണെന്നും ഏത് മനുഷ്യനും തെറ്റ് പറ്റാമെന്നും അലന്‍ ലിക്ടമാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത 'കീസ് ടു വൈറ്റ് ഹൗസ്' ഫോര്‍മുലയുടെ സഹായത്തോടെയാണ് ലിക്ടമാന്റെ പ്രവചനം. 13 ചോദ്യങ്ങളടങ്ങുന്ന ഫോര്‍മുലയില്‍ ശരി തെറ്റ് എന്നീ ഉത്തരങ്ങളാണുള്ളത്. ഇതില്‍ ആറോ അതില്‍ അധികമോ പ്രതികൂലമായാല്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
അതേ സമയം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം പ്രവചിക്കുകയാണ് തായ്ലന്‍ഡില്‍ നിന്നുള്ള ഒരു കുഞ്ഞന്‍. പ്രായത്തില്‍ മാത്രമേ ഇവന്‍ കുഞ്ഞനായിട്ടുള്ളൂ. തായ്ലന്‍ഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ ഓപ്പണ്‍ മൃഗശാലയിലെ മൂ ഡെങ് ഹിപ്പോയാണ് ഇപ്പോള്‍ താരം. കഴിഞ്ഞ ദിവസം മൃഗശാലാ അധികൃതര്‍ പകര്‍ത്തിയ വിഡിയോ വൈറലായി.
സ്ഥാനാര്‍ഥികളായ ട്രംപിന്റെയും കമലാ ഹാരിസിന്റെയും പേരുകള്‍ എഴുതിയ രണ്ട് തണ്ണിമത്തനുകളാണ് ഹിപ്പോയ്ക്ക് നല്‍കിയത്. റിപ്പബ്ലിക്കന്‍ നേതാവായ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനാണു കുഞ്ഞു ഹിപ്പോ അകത്താക്കിയത്. ഇതോടെ ട്രംപ് ജയിക്കുമെന്ന ആശ്വാസത്തിലാണ് അനുയായികള്‍.
അമേരിക്കന്‍ ഗായകനും നര്‍ത്തകനുമായിരുന്ന മൈക്കല്‍ ജാക്സന്റെ ഐതിഹാസിക 'മൂണ്‍വാക്ക്' നൃത്തച്ചുവട് വച്ചാണ് കുഞ്ഞന്‍ ഹിപ്പോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരമായത്. ഇപ്പോള്‍ ട്രംപിന്റെ വിജയം കൂടി പ്രവചിച്ചിരിക്കുന്നു. ഹിപ്പോയുടെ ജനപ്രീതി കാരണം സെപ്റ്റംബര്‍ മുതല്‍ മൃഗശാലയുടെ വരുമാനത്തില്‍ 4 മടങ്ങ് വര്‍ധനയുണ്ടെന്ന് അധികൃതര്‍ പറയുന്നു.