- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍വേകളില്‍ കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു; ട്രംപിന്റേത് ഇടിഞ്ഞു; ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യണ്‍ ഡോളര്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു. ബൈഡന് പിന്മാറി കമലയെ പിന്തുണച്ചതോടെ അവരുടെ പിന്തുണ ദിവസം ചെല്ലുംതോറും വര്‍ധിച്ചു വരികയാണ്. സ്ഥാനാര്‍ഥിത്വത്തില്‍ എതിരാളികള്‍ ഇല്ലാതെ ഡെമോക്രാറ്റുകല്‍ കമലക്ക് പിന്നില്‍ അണി നിരന്നിട്ടുണ്ട്. ഇതോടെ കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്.
അപ്രുവല്‍ റേറ്റിങ്ങില്‍ 43 ശതമാനം പേര് കമലഹാരിസിന് അനുകൂലമായി വോട്ട് ചെയ്യുമ്പോള്‍ 42 ശതമാനം പേര് എതിരാണ്. എ.ബി.സി ന്യൂസും ഇപ്സോസും ചേര്‍ന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞയാഴ്ച ഇതേ പോള്‍ പ്രകാരം കമല ഹാരിസിനെ 35 ശതമാനം പേരാണ് അനുകൂലിച്ചത്. 46 ശതമാനം എതിര്‍ക്കുകയും ചെയ്തു. പ്രത്യകിച്ച് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത വോട്ടര്‍മാരുടെ പിന്തുണ കമല ഹാരിസിന് കൂടുതലായി കിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വോട്ടര്‍മാരില്‍ 44 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനാണ് കഴിഞ്ഞയാഴ്ച ഇത് 28 ശതമാനം മാത്രമായിരുന്നു.
അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയില്‍ ഇടിവ് വന്നിട്ടുണ്ട്. നിലവില്‍ 36 ശതമാനം പേര് മാത്രമാണ് ട്രംപിനെ പിന്തുണക്കുന്നത്. 53 ശതമാനം പേര് ട്രംപിനെ എതിര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച 40 ശതമാനം പേര് ട്രംപിനെ പിന്തുണച്ച സ്ഥാനത്താണ് ഇപ്പോള്‍ ഇടിവുണ്ടായിരിക്കുന്നത്.
അതേസമയം, കമലയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഫണ്ടും ഒഴുകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമല ഹാരിസിന് വേണ്ടി 200 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചുവെന്ന് അവരുടെ പ്രചാരണ വിഭാഗം അറിയിച്ചു. 1,70,000 പുതിയ വളണ്ടിയര്‍മാരും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമല ഹാരിസിന്റെ പ്രചാരണ വിഭാഗം ഡെപ്യുട്ടി മാനേജര്‍ റോബ് ഫ്ലാഹര്‍ട്ടി പറഞ്ഞു.
നേരത്തെ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് സംഭാവന തുക ലഭിക്കുന്ന നേട്ടം കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയിലെ കമല ഹാരിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം റിപബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തുമ്പോഴാണ് കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജോ ബൈഡന് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്.
കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്നവരില്‍ ഏറിയ പങ്കും പുതിയ ആളുകളാണെന്നതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക് പ്രതീക്ഷ നല്‍കുന്നത്. കമലാ ഹാരിസിന് വേണ്ടി 170000 പുതിയ വോളന്റിയര്‍മാര്‍ ഇതിനോടകം എത്തിയതായാണ് ക്യാംപെയിന് മാനേജര്‍ റോബ് ഫ്ലാഹെര്‍തി എക്സിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ സര്‍വേ പ്രകാരം ട്രംപിന്റെ ലീഡ് ആറ് പേയിന്റില്‍ നിന്ന് രണ്ടായി കുറഞ്ഞിരുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെന്‍സില്‍വേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സര്‍വേയിലും ഇരുവരും തമ്മില്‍ ശക്തമായ പോര് നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിനായി നൂറ് ദിവസങ്ങളാണ് ഇനി ബാക്കിയുള്ളത്. ജൂലൈ മാസത്തില്‍ തെരഞ്ഞെടുപ്പ് ചെലവിലേക്കായി 331 മില്യണ്‍ ഡോളര്‍ (ഏകദേശം 27,707,845,162 രൂപ) സമാഹരിച്ചതായാണ് ട്രംപ് വിശദമാക്കിയത്. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം എത്തിയത്. സര്‍വേകളില്‍ ട്രംപിന് ബൈഡനേക്കാള്‍ നേരിയ ലീഡുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു പിന്മാറ്റം. എന്നാല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആദ്യ വനിതയായ കമല ഹാരിസിനെതിരെ രൂക്ഷമായ ആക്രമണമാണ് എതിര് സ്ഥാനാര്‍ത്ഥി നടത്തുന്നത്.